
ന്യൂദൽഹി: വടക്കു കിഴക്കൻ ഭാരതത്തിലെ കോൺഗ്രസ് കോട്ടകൾ ഒന്നൊന്നായി തകരുന്നു. അസമിൽ വികസന രാഷ്‌ട്രീയത്തിന് കരുത്ത് പകർന്ന് കൂടുതൽ കോൺഗ്രസ് എം എൽ എമാർ ബിജെപി പാളയത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ്മയുടെയും ജനക്ഷേമപദ്ധതികളിൽ ആകൃഷ്ടരായാണ് കൂടുമാറ്റമെന്ന് ബിജെപിയിൽ ചേർന്നവർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് അസമിലെ മൂന്ന് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നത്. കമലാഖ്യ ദേ പുരകായസ്ത, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നിവരാണ് ബിജെപിയിലെത്തിയത്. കേന്ദ്രമന്ത്രി പബിത്ര മാർഗരിറ്റയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ബിജെപി പ്രസിഡന്റ് ദിലീപ് സൈകിയയാണ് ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. മുൻ അസം കോൺഗ്രസ് പ്രസിഡന്റ് ഭൂപൻ ബോറ കാവി പാർട്ടിയിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവവികാസം.
126 അംഗ അസം നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിലിൽ നടക്കാൻ സാധ്യതയുണ്ട്. കരിംഗഞ്ച് (നോർത്ത്) മണ്ഡലത്തെയാണ് പുരകായസ്ത പ്രതിനിധീകരിക്കുന്നത്. ശശികാന്തയും ബസന്തയും യഥാക്രമം റാഹ, മംഗൾഡോയ് (എസ്‌സി) മണ്ഡലങ്ങളിൽ നിന്നുള്ള സിറ്റിംഗ് എംഎൽഎമാരാണ്. മൂന്ന് എംഎൽഎമാരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ബിജെപിയെ പരസ്യമായി പിന്തുണച്ചിരുന്നു. 2021 ൽ ശശികാന്ത ദാസ് ഭരണകക്ഷിയുടെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
മുൻ കോൺഗ്രസ് ജോയിന്റ് സെക്രട്ടറി പാർഷ ബോബ് കലിത, മുൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കങ്കൻ നാഥ് എന്നിവരാണ് ബിജെപിയിൽ ചേർന്ന മറ്റ് രണ്ട് പേർ. നിരവധി കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ സൂചിപ്പിച്ചിരുന്നു.