• Tue. Aug 12th, 2025

24×7 Live News

Apdin News

അസിം മുനീറിനെ വെച്ച് ഇന്ത്യയെ ട്രോളല്‍ മാത്രമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത

Byadmin

Aug 12, 2025



ന്യൂദല്‍ഹി: പാകിസ്ഥാന്റെ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിനെ വെച്ച് ഇന്ത്യയെ ട്രോളല്‍ മാത്രമാണ് ട്രംപിന്റെ ലക്ഷ്യമെന്ന് ജേണലിസ്റ്റ് ശേഖര്‍ ഗുപ്ത. അതല്ലാതെ അസിം മുനീര്‍ അമേരിക്കയില്‍ വെച്ച് ഇന്ത്യയ്‌ക്കെതിരെ നടത്തിയ പ്രസംഗത്തില്‍ ഒരു കഴമ്പുമില്ലെന്നും ശേഖര്‍ ഗുപ്ത പറയുന്നു. പ്രിന്‍റ് എന്ന യൂട്യുബ് ചാനലിലെ പരിപാടിയിലാണ് ശേഖര്‍ ഗുപ്തയുടെ ഈ അഭിപ്രായപ്രകടനം.

രണ്ട് മാസത്തിനുള്ളില്‍ രണ്ടാം തവണയും അമേരിക്കയില്‍ പോയി അസിം മുനീര്‍ ഇന്ത്യയെ വെല്ലുവിളിക്കുന്നത്. അമേരിക്കന്‍ ജനറല്‍ കെയ്നുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. മധ്യേഷ്യയിലെ സൈനിക നീക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പുതിയ നേതാവായി ഇസ്രയേലുമായി കൂടുതല്‍ അടുപ്പമുള്ള മൈക്കേല്‍ എറിക് കുറില്ലയെ നിയമിച്ച ചടങ്ങിലും അസിം മുനീര്‍ സന്നിഹിതനായിരുന്നു. ഇന്ത്യയെ പ്രകോപിപ്പിക്കുക, സമ്മര്‍ദ്ദത്തിലാക്കുക എന്നത് മാത്രമാണ് ട്രംപിന്റെ ലക്ഷ്യം.-ശേഖര്‍ ഗുപ്ത പറയുന്നു.

അമേരിക്കയിലെ ടംപ ഫ്ലോറിഡയില്‍ നിന്നുമാണ് അസിം മുനീര്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണി മുഴക്കുന്ന പ്രസംഗം നടത്തിയത്. ഇന്ത്യ ഒരു തിളക്കമുള്ള മെഴ്സിഡിസ് കാര്‍ ആണെങ്കില്‍ പാകിസ്ഥാന്‍ കല്ലുകള്‍ നിറച്ച ട്രക്ക് ആണ്. ഈ ട്രക്കില്‍ മെഴ്സിഡിസ് കാര്‍ ഇടിച്ചാല്‍ എന്ത് സംഭവിക്കും? അതായത് പാകിസ്ഥാനുമായി മുട്ടിയാല്‍ ഇന്ത്യ തകരുമെന്ന് പറയാനാണ് അസിം മുനീര്‍ ഉപമ പ്രയോഗിച്ചത്.  പക്ഷെ വാസ്തവം എന്താണെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് നാല് ദിവസത്തിനുള്ളില്‍ പാകിസ്ഥാന്‍ അറിഞ്ഞതാണ്. – ശേഖര്‍ ഗുപ്ത പറയുന്നു.

ആണവായുധം ഉപയോഗിക്കുമെന്ന രീതിയില്‍ അസിം മുനീര്‍ നടത്തിയത് ഒരു ന്യൂക്ലിയര്‍ ബ്ലാക് മെയില്‍ ആണ്. ഒരിയ്‌ക്കലും പാകിസ്ഥാനെപ്പോലുള്ള ഒരു രാജ്യത്തെ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ അമേരിക്ക അനുവദിക്കില്ലെന്ന കാര്യം ഉറപ്പാണെന്നിരിക്കെ അസിം മുനീര്‍ മുഴക്കിയ ആണവഭീഷണി വെറും ഉണ്ടയില്ലാ വെടിയാണ്.-ശേഖര്‍ ഗുപ്ത അഭിപ്രായപ്പെടുന്നു.

പാകിസ്ഥാനെ രക്ഷിക്കുക എന്നതിനേക്കാള്‍ ഇന്ത്യയുടെ സാമ്പത്തികകുതിപ്പും ആയുധശക്തിയിലെ കുതിപ്പും എങ്ങിനെയെങ്കിലും തടയുക എന്നത് മാത്രമാണ് അസിം മുനീറിന്റെയും പാകിസ്ഥാന്റെയും ലക്ഷ്യം. അല്ലാതെ പാകിസ്ഥാന്‍ എന്ന രാഷ്‌ട്രത്തെ രക്ഷിക്കുക എന്നത് അസിം മുനീറിന്റെ ചിന്തയിലേ ഇല്ല. സിന്ധുനദീതടത്തിന് കുറുകെ അണക്കെട്ട് പണിതാല്‍ പത്ത് മിസൈല്‍ വിട്ട് അതിനെ തകര്‍ക്കും എന്നാണ് അസിം മുനീര്‍ ഉയര്‍ത്തിയ ഒരു ഭീഷണി. ആ ഭീഷണിയില്‍ ഒട്ടും കഴമ്പില്ല. കാരണം ഒരു അണക്കെട്ട് സിന്ധുനദിയ്‌ക്ക് കുറുകെ ഉടനെ കെട്ടിയുയര്‍ത്തുക എളുപ്പമല്ല. അത് നിര്‍മ്മിക്കാന്‍ വര്‍ഷങ്ങളെടുക്കും എന്ന് അസിം മുനീറിനും അറിയാം. എങ്ങിനെയെങ്കിലും സൈന്യത്തില്‍ നിന്നും വിരമിക്കാറായ തനിക്ക് ജോലി ജോലി നീട്ടിക്കിട്ടുക എന്നത് മാത്രമാണ് അസിം മുനീറിന്റെ ലക്ഷ്യം. -ശേഖര്‍ ഗുപ്ത പറയുന്നു.

ഡൊണാള്‍ഡ് ട്രംപ് പാകിസ്ഥാനെ ഇന്ത്യയെ ട്രോളാന്‍ ഉപയോഗിക്കുകയാണ്. അത് വഴി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ട്രംപിന്റെ ലക്ഷ്യം. പാകിസ്ഥാനിലെ സൈനിക ഏകാധിപതികള്‍ എല്ലാക്കാലത്തും പാകിസ്ഥാന് നാശമേ വിതച്ചിട്ടുള്ളൂ. അക്കൂട്ടത്തില്‍ പെട്ട അഞ്ചാമനാണ് അസിം മുനീര്‍. പാകിസ്ഥാന് തോല്‍വികള്‍ മാത്രം സമ്മാനിച്ചവരാണ് മുഹമ്മദ് അയൂബ്, യേഹ്യാഖാന്‍, പര്‍വേസ് മുഷറഫ്, സിയാവുള്‍ ഹഖ് എന്നീ നാല് ഏകാധിപതികളായ സൈനിക മേധാവികള്‍. യേഹ്യ ഖാന്റെ കാലത്ത് പാകിസ്ഥാന്റെ ഒരു ഭാഗം തന്നെ നഷ്ടമായി ബംഗ്ലാദേശ് എന്ന് രാജ്യം പുതുതായി ഉണ്ടായി. സിയാ ഉള്‍ ഹഖിന്റെ കാലത്താണ് പാകിസ്ഥാന്‍ ജിഹാദിന്റെ യൂണിവേഴ്സിറ്റിയായി മാറി. പര്‍വേസ് മുഷറഫിന്റെ കാലത്താണ് പാകിസ്ഥാന്‍ തീവ്രവാദികളുടെ ക്യാമ്പായി മാറിയത്.-ശേഖര്‍ ഗുപ്ത പറയുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റ പാകിസ്ഥാന്‍ ആ തോല്‍വിയുടെ നാണക്കേട് ഒഴിവാക്കാനാണ് ആണവായുധം ഉപയോഗിക്കുമെന്ന ഭീഷണി മുഴക്കിയിരിക്കുന്നത്. – ശേഖര്‍ ഗുപ്ത പറയുന്നു.

 

By admin