കര്‍ണാടക മുന്‍ ഡിജിപി ഓം പ്രകാശ് കൊലപ്പെട്ട നിലയില്‍. സംഭവത്തില്‍ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമിക വിവരം. കൊലപാതക ശേഷം വിവരം ഭാര്യ പല്ലവി സുഹൃത്തിനെ അറിയിച്ചിരുന്നു. താന്‍ ആ രാക്ഷസനെ കൊന്നു എന്നായിരുന്നു പല്ലവി കൃത്യം നടത്തിയതിന് ശേഷം സുഹൃത്തിനെ ഫോണ്‍ വിളിച്ചറിയിച്ചത്. ഇതിന് പിന്നാലെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും ശേഷം പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പിന്നീട് പല്ലവിയെയും മകളെയും വിശദമായി പൊലീസ് ചോദ്യം ചെയ്തതോടെയാണ് കുറ്റസമ്മതം നടത്തിയത്.
പരസ്പരം കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഇരുവരും സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. നിലവില്‍ മകള്‍ കൊലപാതകത്തില്‍ പങ്കാളിയായിട്ടില്ലെന്നാണ് പറയുന്നതെങ്കിലും വീട്ടില്‍ നിന്ന് രക്തക്കറ പുരണ്ട രണ്ട് കത്തികള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഓംപ്രകാശിനെ ചില്ല് കുപ്പികൊണ്ട് തലയ്ക്കടിച്ച ശേഷം കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് നിഗമനം. ഓം പ്രകാശിന്റെ വയറിലും കഴുത്തിലും കുത്തേറ്റ മുറിവുകള്‍ കണ്ടെത്തി.
ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. കര്‍ണാടക കേഡര്‍ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഓം പ്രകാശ്, സംസ്ഥാന ഡിജിപിയായും ഐജിപിയുമായും സേവനമനുഷ്ഠിച്ചയാളാണ്. 2015 ല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.