• Sun. Mar 9th, 2025

24×7 Live News

Apdin News

അഹിരാവണനും പഞ്ചമുഖമാരുതിയും

Byadmin

Mar 9, 2025



ഹിരാവണനും പഞ്ചമുഖമാരുതിയും രണ്ടു രാമായണ കഥാപാത്രങ്ങളാണ്. ചില രാമായണങ്ങളില്‍ അഹിരാവണന്‍ രാവണന്റെ മകനാണെന്നു പറയുമ്പോള്‍ മറ്റു ചിലതില്‍ രാവണ സഹോദരന്‍ എന്നു വിശേഷിപ്പിക്കപ്പെടുന്നു. ചില രാമായണങ്ങളില്‍ അഹിരാവണനെ മഹിരാവണന്‍ എന്നും വിശേഷിപ്പിക്കുന്നു. ബംഗാളില്‍ ഏറ്റവുമധികം പ്രചാരമുള്ളതായ ‘കൃത്തിവാസി രാമായണത്തില്‍’ അഹിരാവണനെ രാവണാനുജന്‍ എന്നാണ് പരാമര്‍ശിക്കുന്നത്. അതെന്തായാലും പാതാളാധിപനും അതീവശക്തിശാലിയും മായാവിയുമായ രാക്ഷസനായാണ് അഹിരാവണനെ കൃത്തിവാസി രാമായണം വിശേഷിപ്പിക്കുന്നത്. ക്രൂരകത്യങ്ങള്‍ മാത്രം ചെയ്യുന്ന അഹിരാവണനെ ഇന്ദ്രജിത്തിന്റെ മരണശേഷം യുദ്ധത്തിനായി രാവണന്‍ ഭൂമിയിലേക്കു കൊണ്ടുവരുകയാണ്.

വാനരസേനയെ ഒന്നടങ്കം നശിപ്പിച്ച ഇന്ദ്രജിത്തിനേക്കാള്‍ ആപകടകാരിയാണ് അഹിരാവണന്‍. ഇന്ദ്രജിത്തിനെ ലക്ഷ്മണന്‍ വധിച്ചതില്‍ അതീവ ദുഃഖിതനും ക്രോധിയുമായ രാവണന്‍ അഹിരാവണനെ പാതാളത്തില്‍നിന്നും വരുത്തുകയാണ്. ആദ്യമൊന്നും അഹിരാവണന്‍ യുദ്ധത്തില്‍ പങ്കെടുത്തിരുന്നില്ല. മഹാമായയുടെ അതീവ ഭക്തനായ അഹിരാവണന് അനേകം മായാവിദ്യകള്‍ വശമായിരുന്നു. അപാരമന്ത്രശക്തിയും അമാനുഷിക കഴിവുകളും ഉണ്ടായിരുന്ന ഇയാളുടെ മായാവലയത്തില്‍ ആരെങ്കിലുംപെട്ടാല്‍ ജീവനോടെ തിരിച്ചുവരുക അസാദ്ധ്യമായിരുന്നു. അത്ര കഴിവായിരുന്നു മായാവിദ്യയില്‍.

രാമലക്ഷ്മണന്മാരെ പിടിച്ചുകെട്ടി പാതാളത്തില്‍ കൊണ്ടുപോയി ബലിയര്‍പ്പിച്ചാല്‍ ഒട്ടേറെ സിദ്ധികള്‍ ഇനിയും നേടാമെന്ന് പ്രലോഭിപ്പിച്ചാണ് രാവണന്‍ അഹിരാവണനെ യുദ്ധത്തിനിറക്കുന്നത്. അഹിരാവണന്റെ അസാധ്യ കഴിവുകളറിയുന്ന വിഭീഷണന്‍ ഹനുമാനോട് വിവരം പറഞ്ഞതനുസരിച്ച് രാമലക്ഷമണന്മാര്‍ പാര്‍ക്കുന്ന ശിബിരം വളരെ ബന്ധവസ്സാക്കിയാണ് ഹനുമാന്‍ കാവല്‍ നിന്നിരുന്നത്. പലയടവും പയറ്റി പരാജയപ്പെട്ട അഹിരാവണന്‍ ഏതു വേഷവും ധരിക്കാവുന്നവനാണ്. അവസാനം വിഭീഷണന്റെ വേഷംധരിച്ചാണ് ഹനുമാനെ കബളിപ്പിച്ചകത്തുകടന്ന് രാമലക്ഷ്മണന്മാരെ മായാവലയത്തിലാക്കി തട്ടിയെടുത്ത് പാതാളത്തിലേക്കു കടന്നുകളഞ്ഞത്. ഇതില്‍ ഹനുമാനതീവ ദുഃഖവും ദേഷ്യവുമാണുണ്ടായത്. ഏതായാലും ഹനുമാന്‍ പാതാളത്തിലേക്കു പോകാന്‍തന്നെ തീരുമാനിച്ചു. പാതാളത്തിലേക്ക് അങ്ങനെയങ്ങു കടക്കാന്‍ സാധ്യമല്ല. ഒരുലോകത്തുനിന്നും മറ്റൊരുലോകത്തേക്കു കടക്കുക കുറെനിബന്ധനകളുണ്ട് അതറിയണം. ഇവിടേക്കു കടക്കുന്നതറിയാവുന്നത് മഹിരാവണനും കുറെ രാക്ഷസന്മാര്‍ക്കുമായിരുന്നു. ഇതറിയാവുന്ന വിഭീഷണന്‍ മാര്‍ഗ്ഗരേഖ ഹനുമാനുപറഞ്ഞുകൊടുക്കുന്നു. അങ്ങനെ ഹനുമാന്‍ പാതാളത്തിലെത്തുന്നു. അവിടെ അതിവിശേഷമായ കാര്യങ്ങളാണു നടക്കുന്നത്. ഭൂമിയിലുള്ളതിനു നേര്‍ വിപരീതമാണെല്ലാം. മരണം തുടക്കവും ജനനം അവസാനവും. അഗ്‌നിക്കു തണുപ്പ്, ജലം വിപരീതമായൊഴുകുക എന്നുതുടങ്ങി എല്ലാം വിപരീതം. വളരെ പെട്ടന്നുതന്നെ ഹനുമാനെല്ലാം വശമാക്കി. കൂടാതെ അതിമനോഹരമായ കാഴ്ചകള്‍, ഗംഭീരമായ കോട്ടകൊത്തളങ്ങള്‍, ഉദ്ധ്യാനങ്ങള്‍ എല്ലാംകണ്ടങ്ങനെ ചുറ്റിത്തിരിഞ്ഞ് പലതിനേയും തന്റെ ശക്തിയാല്‍ കീഴടക്കി അവസാനം അതിഗംഭീരമായ അഹിരാവണന്റെ കൊട്ടാര കവാടത്തിലെത്തുന്നു. അകത്തേക്കുകടക്കാന്‍ കഴിയാതെ തടഞ്ഞുകൊണ്ടൊരു ഭീകരജിവി. ‘മകരദ്വജ’ മുഖം വാനരനും ഉടല്‍ മുതലയുമായൊരു ഭീകരരൂപം കൊട്ടാരം കാവല്‍ക്കാരനായി നിലകൊള്ളുന്നു. ആദ്യം ഈ രൂപംകണ്ട് ഹനുമാനൊന്നമ്പരന്നു. എന്നിട്ടവനുമായി യുദ്ധംചെയ്യുന്നു അതിനിടയില്‍ ഹനുമാന്‍ ചോദിക്കുന്നുണ്ട് നീ ആരാണ്?. അപ്പോളവന്‍പറയുന്നു ഞാന്‍ ഈ പാതാളത്തിലെ കൊട്ടാരം കാവല്‍ക്കാരനാണ് കൂടാതെ ഞാന്‍ ഹനുമാന്റെ പുത്രനുമാണ്. ഹനുമാനാദ്യം ഇവന്‍പറയുന്നത് കള്ളമാണെന്നു ധരിച്ചു തള്ളിക്കളയുന്നു. ഇനിയുമാണത്ഭുതം ഹനുമാന്‍ ഇവന്‍പറഞ്ഞതില്‍ വാസ്ഥവമുണ്ടോ എന്നറിയാന്‍ ധ്യാനനിരതനായി. കാരണം ഹനുമാന്‍ ബ്രഹ്മചാരിയാണ്! ധ്യാനത്തിലദ്ദേഹത്തിനു കാര്യം വ്യക്തമായി. ലങ്കാദഹനംകഴിഞ്ഞ് ഹനുമാന്‍ സമുദ്രത്തില്‍ കുളിക്കവേ ഹനുമാന്റെ ഒരുതുള്ളി വിയര്‍പ്പ് ഒരു മുതലയുടകത്തായി അതിന്റാവിര്‍ഭാവമാണ് മുതലയുടെയുള്ളില്‍ മകരദ്വജന്റെ ജന്മം. ഈ മുതലയെ പാതാളത്തില്‍ പിടിക്കുകയും അതിനെ കീറിമുറിച്ചപ്പോള്‍ അതിന്റെയുള്ളിലുണ്ടായിരുന്ന ഈ കുഞ്ഞിനെ രാജാവായ അഹിരാവണനു സമ്മാനിച്ചു. കുഞ്ഞിനെ സ്‌നേഹിച്ചുവളത്തി. ഈ കുഞ്ഞാണ് മകരദ്വജ. വിവരം മനസിലാക്കി വീണ്ടും യുദ്ധത്തിനെത്തിയ ഹനുമാനോട് മകരദ്വജ പറയുന്നു എനിക്കെന്റെ യജമാനനോടുള്ള ഭക്തിക്കായി സ്വന്തം പിതാവായാലും ഞാന്‍ യുദ്ധംചെയ്യും എന്നുപറയുന്നു. അതില്‍ സന്തുഷ്ടനായി ഹനുമാനനുഗ്രഹിക്കുകയും ചെയ്യുന്നു. എന്നിട്ട് യുദ്ധംചെയ്തു മകരദ്വജനെ പിടിച്ചുകെട്ടിയിട്ട് ഹനുമാനകത്തുകയറുന്നു. അവിടെയാണ് മറ്റൊരുവിശേഷം. അഹിരാവണന്റെ ഭാര്യയാണ് ചന്ദ്രസേന. നാഗലോകറാണിയായ ചന്ദ്രസേനയെ അഹിരാവണന്‍ നാഗലോകത്തുനിന്നും പിടിച്ചുകൊണ്ടുവന്നതാണ്. അതിസുന്ദരിയായ ചന്ദ്രസേന അഹിരാവണനോടുപറയുന്നു നീയെന്നെ നശിപ്പിക്കുവാന്‍ശ്രമിക്കുകയോ വിവാഹംകഴിക്കുകയോ ചെയ്താല്‍ ഞാന്‍ ആത്മഹത്യചെയ്തുകളയുമെന്ന്. അഹിരാവണന്‍ തിരിച്ചും ഭീഷണിപെടുത്തി. നീ അങ്ങനെ ചെയ്താല്‍ ഞാന്‍ നിന്റെ മാതാപിതാക്കളെയും നാഗലോകംതന്നെ ഭസ്മീകരിക്കുമെന്ന്. അതില്‍നിന്നും തന്റെ മാതാപിതാക്കളെയും നാഗലോകത്തെയും രക്ഷിക്കാനയി ചന്ദ്രസേന സമ്മതിക്കുന്നു. അങ്ങനെ നരകതുല്യമായ ഒരുജീവിതം ചന്ദ്രസേന അവിടെ നയിക്കുന്നു. അഹിരാവണനോട് ഇത്രയധികം വെറപ്പുള്ള ചന്ദ്രസേനക്ക് ഇത്രയുംകാലം അവിടെതാമസിച്ചതില്‍ അവിടുള്ള ഒരുപാടുരഹസ്യങ്ങളറിയാമായിരുന്നു. അഹിരാവണനെ കൊല്ലണമെങ്കില്‍ അവിടെ കത്തിച്ചുവെച്ചിരിക്കുന്ന അഞ്ചു വിളക്കുകള്‍ ഒരേസമയം അണയ്‌ക്കണം. അതുരാമനുപോലും സാധ്യമല്ല. കാരണം രാമന്‍ മനുഷ്യാവതാരമാണ്. മഹാവിഷ്ണുവിന്റെ എല്ലാകഴിവും മനുഷ്യാവതാരമാകയാല്‍ സാധിക്കില്ല. എന്നാല്‍ ഹനുമാനതുസാധിക്കും. ഹനുമാനായും വരാഹമായും ഗരുഡനായും നരസിംഹമായും ഹയഗ്രീവനായും ഒരേസമയം രൂപംമാറാവുന്ന ഹനുമാന്‍ ഇവരഞ്ചുപേരായി അഞ്ചിടത്തിരുന്ന വിളക്കുകള്‍ക്കുമുന്നിലെത്തി ഒരേസമയം കെടുത്തി. കയ്യിലിരുന്ന കത്തിയാല്‍ അഹിരാവണനെ വധിച്ചു. അപ്പോഴേക്കും അവിടെയുള്ള മായാവലയമെല്ലാം നഷ്ടമായി. രാമലക്ഷ്മണന്മാരെ മായാവലയത്തില്‍നിന്നും മോചിപ്പിക്കുന്നു. വന്നവഴിയില്‍ കെട്ടിയിട്ടിരിക്കുന്ന മകരദ്വജന്റെ വൃത്താന്തമറിഞ്ഞ് മോചിപ്പിച്ച് മകനെ രാമന്‍ പാതാളാധിപനാക്കി അഭിഷേകം നടത്തി വിഭീഷണനുകൊടുത്ത വാക്കും പാലിക്കുന്നു.

By admin