ജെറുസലേം : ഇസ്രായേലിൽ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രായേൽ പാർലമെന്റ് . ബുധനാഴ്ചയാണ് ഇതുസംബന്ധിച്ച ബില്ലിന് അംഗീകാരം നൽകിയത്. ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിയുടെ ഹനോച്ച് മിൽവിഡ്സികിയാണ് ബില്ല് അവതരിപ്പിച്ചത്. 61 എംപിമാർ ഇതിനെ പിന്തുണച്ചപ്പോൾ 41 പേർ എതിർത്തു
20 വർഷം വരെ നാടുകടത്താൻ ആഭ്യന്തര മന്ത്രാലയത്തിന് അനുമതി നൽകുന്നതാണ് നിയമം. ഗാസയിലേയ്‌ക്കോ മറ്റു സ്ഥലങ്ങളിലേക്കോ ആകും നാടുകടത്തുക.ആക്രമണം മുൻകൂട്ടി അറിഞ്ഞിട്ടും അത് തടയാൻ നടപടി സ്വീകരിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയും ആളുകളെ നാടുകടത്താൻ സാധിക്കും.
ഭീകരവാദത്തിന് പിന്തുണ, സ്തുതി, പ്രോത്സാഹനം എന്നിവ നൽകിയെന്ന കുറ്റം ചുമത്തിയാകും നാടുകടത്തുക. നാടുകടത്തൽ നടപ്പാക്കാൻ പൊലീസിനും അധികാരമുണ്ടാകും. നിയമത്തെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ ഷിൻബെതും പിന്തുണച്ചു.തീവ്രവാദ കുറ്റങ്ങൾക്ക്’ പിടിയിലാകുന്ന 12 വയസ്സിന് മുകളിലുള്ള കുട്ടികളെ ശിക്ഷിക്കാൻ കഴിയുന്ന അഞ്ച് വർഷത്തെ താൽക്കാലിക ഉത്തരവിനും അനുമതി നൽകിയിട്ടുണ്ട്.