• Fri. Mar 28th, 2025

24×7 Live News

Apdin News

ആക്ഷേപ ഹാസ്യത്തിന് പരിധിയുണ്ട്; കുനാല്‍ കമ്രയുടെ പരാമര്‍ശത്തില്‍ മൗനം വെടിഞ്ഞ് ഏകനാഥ് ഷിന്‍ഡെ

Byadmin

Mar 25, 2025


ഹിന്ദി സ്റ്റാന്റപ്പ് കൊമേഡിയൻ കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. ‘തമാശ പറഞ്ഞാൽ ഞങ്ങൾക്ക് മനസിലാകും, എന്നാൽ തമാശക്കും ഒരു പരിധിയുണ്ട്’-എന്നായിരുന്നു ഷിൻഡെയുടെ പ്രതികരണം. കുനാൽ കമ്രയുടെ പരാമർശത്തിൽ പ്രതിഷേധിച്ച് ശിവസേന പ്രവർത്തകർ ഹോട്ടൽ കെട്ടിടം അടിച്ചുതകർത്തതിനെയും ഷിൻഡെ ന്യായീകരിച്ചു. ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകുമെന്ന് മനസിലാക്കണം എന്നാണ് ഇക്കാര്യത്തിൽ ഷിൻഡെ പറഞ്ഞത്.

‘ഒരു വ്യക്തിക്ക് സ്വയം നിയന്ത്രിക്കാനുള്ള കഴിവുണ്ടാകണം. അല്ലാത്തപക്ഷം ഒരു പ്രവർത്തനത്തിന് പ്രതികരണമുണ്ടാകും. ആവിഷ്‍കാര സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ട്. ഞങ്ങൾക്ക് തമാശ കേട്ടാൽ മനസിലാകും. എന്നാൽ അതിനും ഒരു പരിധിയുണ്ട്. മറ്റൊരാൾക്കെതിരെ സംസാരിക്കാൻ കരാറെടുത്തത് പോലെയാണ് തോന്നിയത്”-ഷിൻഡെ പറഞ്ഞു.

വിദ്വേഷ പ്രസംഗം വഴി 39കാരനായ സ്റ്റാന്റപ്പ് കൊമേഡിയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള നേതാക്കളെയാണ് ലക്ഷ്യം വെക്കുന്നതെന്നും ഷിൻഡെ കുറ്റപ്പെടുത്തി. ഈ വ്യക്തി തന്നെയാണ് സുപ്രീംകോടതിക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും പറഞ്ഞത്. ഇത് ആവിഷ്‍കാര സ്വാതന്ത്ര്യമല്ല, മറ്റാർക്കോ വേണ്ടി പണിയെടുക്കുകയാണ്-ഷിൻഡെ വിമർശിച്ചു.

ഞായറാഴ്ച നടന്ന ഷോയിൽ കുനാൽ ഷിൻഡെയെ രാജ്യദ്രോഹി എന്ന് വിളിച്ചെന്നാണ് ആരോപണം. 2022ൽ ഷിൻഡെ ശിവസേന പിളർത്തി കലാപമുണ്ടാക്കിയ നടപടി സൂചിപ്പിച്ച് ‘ദിൽ തോ പാഗൽ ഹേ’ എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ വരികൾ മാറ്റിപ്പാടിയതാണു കുനാലിനെതിരെ പ്രതിഷേധമുയരാൻ കാരണം. അതിനു പിന്നാലെ പരിപാടി നടന്ന ഹോട്ടൽ ശിവസേന പ്രവർത്തകർ അടിച്ചുതകർത്തിരുന്നു.

എന്നാൽ പരാമർശത്തിൽ മാപ്പു പറയില്ലെന്നാണ് കുനാലിന്റെ നിലപാട്. ആവിഷ്‍കാര സ്വാതന്ത്ര്യമാണ് താൻ വിനിയോഗിച്ചതെന്നും അതിന് മാപ്പു പറയേണ്ട ആവശ്യമില്ലെന്നും പൊലീസിനോടും കോടതിയോടും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഹോട്ടൽ അടിച്ചു തകർത്ത ശിവസേന പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും കുനാൽ കമ്ര ആവശ്യപ്പെട്ടു. ആവിഷ്‍കാര സ്വാതന്ത്ര്യം അടിച്ചമർത്താനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്നാരോപിച്ച് കുനാൽ കമ്രക്ക് പിന്തുണയുമായി പ്രതിപക്ഷമടക്കം രംഗത്തു വന്നിരുന്നു.

By admin