തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലേക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സഹകരണം ഉണ്ടായില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. സംഗമത്തിൽ രാഷ്‌ട്രീയ ലക്ഷ്യമില്ല. എല്ലാ സര്‍ക്കാരുകളും ഇതിനോട് സഹകരിക്കണമെന്നും പ്രശാന്ത് വ്യക്തമാക്കി. ചടങ്ങിൽ വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെ അല്ലെങ്കിൽ പ്രതിനിധികളുടെ സാന്നിദ്ധ്യമുണ്ടാക്കാൻ ശ്രമിക്കുമെന്ന് സംഘാടകർ മുമ്പ് അറിയിച്ചിരുന്നു.
എന്നാൽ കർണാടക, തെലങ്കാന, ദൽഹി സർക്കാരുകളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കില്ലെന്നാണ് പുറത്തുവന്ന ബ്രോഷറിൽ നിന്ന് വ്യക്തമാകുന്നത്. ദേവസ്വം ബോർഡിന്റെ ക്ഷണം സ്വീകരിച്ച് പരിപാടിയിൽ പങ്കെടുക്കാനെത്തുന്നത് തമിഴ്നാട് സർക്കാർ മാത്രമാണെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട് മന്ത്രിമാരായ ബി കെ ശേഖർ ബാബു, പളനിവേൽ ത്യാഗരാജൻ എന്നിവരായിരിക്കും പരിപാടിയിൽ പങ്കെടുക്കുക.
പലരും പങ്കെടുക്കാത്തതിന് കാരണങ്ങളുണ്ടായേക്കാം. ശബരിമലയിലെ അടിസ്ഥാന വികസനത്തിനാണ് ദേവസ്വം ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും പ്രശാന്ത് വ്യക്തമാക്കി. അയ്യപ്പസംഗമം നടക്കുമ്പോള്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മന്ത്രിമാരാണ് ചടങ്ങിലെ മറ്റ് ക്ഷണിതാക്കൾ. തന്ത്രി കണ്ഠര് മഹേഷ് മോഹനര്, എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, എൻ എസ് എസ് വൈസ് പ്രസിഡന്റ് എൻ സംഗീത്കുമാർ, കെ പി എം എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ, മലയരയ സമാജം ജനറൽ സെക്രട്ടറി പി കെ സജീവ്, കേരള ബ്രാഹ്മണസഭ ജനറൽ സെക്രട്ടറി കരിമ്പുഴ രാമൻ, ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സ്വാമി പ്രബോധ തീർത്ഥ തുടങ്ങിയവർ പങ്കെടുക്കും. അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളുടെ പ്രതിനിധികളും ഉണ്ടാവും.