• Sat. Sep 20th, 2025

24×7 Live News

Apdin News

ആഗോള അയ്യപ്പസംഗമം; സദസിൽ നിറഞ്ഞത് ഐഡി കാർഡിട്ട സർക്കാർ ജീവനക്കാർ, വായിക്കാൻ നൽകിയത് ദേശാഭിമാനി പത്രം

Byadmin

Sep 20, 2025



പമ്പ: അയ്യപ്പ വിശ്വാസത്തിന്റെ മറവിൽ ആയിരം കോടിയുടെ സ്പോൺസർഷിപ്പ് എന്ന ദുഷ്ടലാക്കോടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നടത്തിയ ആഗോള അയ്യപ്പസംഗമം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിച്ചത് ആളൊഴിഞ്ഞ കസേരകൾ നോക്കി. കഴുത്തിൽ ഐഡി കാർഡിട്ട സർക്കാർ ജീവനക്കാരും പരിപാടിയുടെ സംഘാടകരുമായിരുന്നു സദസിൽ ഉണ്ടായിരുന്നത്.

മൂവായിരത്തി അഞ്ഞൂറോളം അതിഥികൾ പങ്കെടുക്കുമെന്ന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അവകാശവാദങ്ങൾ പൊളിഞ്ഞ കാഴ്ചയാണ് ആഗോള അയ്യപ്പ സംഗമത്തിൽ കണ്ടത്. സദസിൽ ആദ്യ വരികളിൽ വിവിഐപികൾക്കായി ആഢംബര സോഫകൾ ക്രമീകരിച്ചിട്ടുണ്ട്.

പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നൽകുന്ന വരവേൽപ്പിന് സമാനമായി പൂക്കൾ നൽകിയും തിലകം ചാർത്തിയുമാണ് അതിഥികളെ സ്വീകരിക്കുന്നത്. ഒപ്പം വായിക്കാൻ പാർട്ടി പത്രമായ ദേശാഭിമാനിയും നൽകുന്നുണ്ട്. അതിഥികളെ ആനയിച്ച് ഇരുത്തിക്കാൻ നിരവധി ജീവനക്കാരുമുണ്ട്.

തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ദല്‍ഹി സര്‍ക്കാരുകളെ ഔദ്യോഗികമായി ക്ഷണിച്ചെങ്കിലും തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ക്ഷണം നിരസിച്ചതു ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും വന്‍ തിരിച്ചടിയായി. സംഗമത്തിലെ കച്ചവടക്കണ്ണ് തിരിച്ചറിഞ്ഞതോടെയാണ് വിവിധ സംസ്ഥാനങ്ങള്‍ പ്രതിനിധികളെ പോലും അയയ്‌ക്കേണ്ടെന്ന് തീരുമാനിച്ചത്.

പൂങ്കാവനത്തിന്റെ കാവല്‍ക്കാരായ മലമൂപ്പന്മാര്‍, നായാട്ട് സംഘം, തിരുവാഭരണം ഗുരുസ്വാമി, കളമെഴുത്ത് അവകാശികള്‍ അടക്കമുള്ളവരെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. വിവാദങ്ങള്‍ക്കൊടുവില്‍ അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളെയും തന്ത്രി കുടുംബത്തെയും ക്ഷണിച്ചെങ്കിലും പരിപാടിയില്‍ ഇവര്‍ക്ക് അര്‍ഹമായ പരിഗണന കൊടുത്തിട്ടില്ല. ഉദ്ഘാടന സഭയിലും അനുബന്ധ സെഷനുകളിലും ഇവര്‍ക്ക് കാഴ്ചക്കാരുടെ റോള്‍ മാത്രം. സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു.

ജർമ്മൻ സാങ്കേതിക വിദ്യയിലാണ് സെൻട്രലൈസ്ഡ് എസി പന്തൽ ഒരുക്കിയത് സിപിഎമ്മിന്റെ സ്വന്തം ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ്.

By admin