കേരള സര്‍ക്കാര്‍, ശബരിമലയുടെ താഴ്വാരത്ത് പമ്പയില്‍ ആഗോള അയ്യപ്പ സംഗമം നടത്തുന്നു. മതേതര സര്‍ക്കാര്‍, നിരീശ്വരവാദികളുടെ രാഷ്‌ട്രീയപ്പാര്‍ട്ടി, വൈരുദ്ധ്യാത്മക ഭൗതികവാദവും നയവും നിലപാടുമാക്കിയവരുടെ കൂട്ട്; അവര്‍ അയ്യപ്പ സംഗമം, അതും ‘ആഗോള അയ്യപ്പ’ന്മാരുടെ സംഗമം നടത്തുന്നു. ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ആശ്വസിക്കുകയും ആഘോഷമാക്കി മാറ്റുകയുമാണ് വേണ്ടത്. പ്രത്യേകിച്ച് ഏഴുവര്‍ഷം മുമ്പ്, ശബരിമലയില്‍ ഇതേസര്‍ക്കാര്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ, ഇല്ലാത്ത ഒരു സുപ്രീംകോടതി വിധി നടപ്പാക്കാന്‍; ശബരിമലയില്‍ ആചാര വിലക്ക് ലംഘിച്ച് യുവതികളെ പ്രവേശിപ്പിക്കാന്‍, അയ്യപ്പഭക്തരോടും വിശ്വാസികളോടും ‘യുദ്ധം’ചെയ്ത സംഭവം കൂടി ഓര്‍മ്മിക്കുമ്പോള്‍ ‘കൈയടിക്കടാ’ എന്ന് ആര്‍ക്കും പറയാന്‍ തോന്നും, അല്ല, പറയേണ്ടതു തന്നെയാണ്.
സര്‍ക്കാര്‍ നേരിട്ടല്ല ഈ സംഗമം നടത്തുന്നത്. എന്നാല്‍ സര്‍ക്കാര്‍ തന്നെയാണ് എല്ലാം നിശ്ചയിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് 75 വര്‍ഷം ആയി. അത് ‘പ്ലാറ്റിനം ജൂബിലി’യായി ആഘോഷിക്കുകയാണ്. അതിന്റെ ഭാഗമാണത്രെ ‘ആഗോള അയ്യപ്പസംഗമം.’ ഒട്ടേറെ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടത്തുന്നു. അതില്‍ ഒന്നാണിത്. ബോര്‍ഡ് പ്രസിഡന്റല്ല, ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവനാണ് ഈ ‘സംഗമം’ പ്രഖ്യാപിച്ചത്, വിശദീകരിച്ചത്. മന്ത്രിയും വൈരുദ്ധ്യാത്മക ഭൗതികനാണ്, സിപിഎം നേതാവാണ്.
വാസ്തവത്തില്‍ സ്വാഗതാര്‍ഹമാണ് ഇത്തരമൊരു തീരുമാനം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നയിക്കുന്ന സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ‘തത്ത്വമസി’, അത് നീയാകുന്നു, എന്ന വേദപ്പൊരുള്‍ ആഗോളമായി മാത്രമല്ല, ഗോളാന്തരത്തിലും പ്രാവര്‍ത്തികമാകണമെന്ന് ആരാണ് ആഗ്രഹിക്കാത്തത്. അതാണല്ലോ ‘വിശ്വം ഭവത്യേകനീഡം’ പ്രപഞ്ചം ഒരു കിളിക്കൂട്, എന്ന സ്ഥിതിയിലേക്ക് എത്തിക്കുന്നത്. എല്ലാവരും അയ്യപ്പതത്ത്വത്തിലേക്ക്, തത്ത്വമസിയിലേക്ക് എത്തുകയാണ് ശരിയായ മാര്‍ഗ്ഗം. പക്ഷേ, ചില കുഴപ്പമുണ്ട്…
ശബരിമലയെന്നല്ല, ഒരു ആരാധനാലയവും മതസ്ഥാപനവും മതേതര സര്‍ക്കാര്‍ ഭരിക്കാനോ നിയന്ത്രിക്കാനോ പാടില്ല. കാരണം ഒന്ന് മതവിശ്വാസ വിഷയവും മറ്റൊന്ന് മതരഹിതമായ വിശ്വാസവുമാണ്. അവിടെ തുടങ്ങുന്നു വൈരുദ്ധ്യം. ഇന്റര്‍നെറ്റ് ലിങ്കുവഴി രജിസ്റ്റര്‍ ചെയ്തവരില്‍ മൂവായിരം പേരെയാണ് സംഗമിപ്പിക്കുന്നത്. അതില്‍ 300 പേര്‍ സര്‍ക്കാര്‍ പ്രത്യേകം ക്ഷണിച്ചവരാണ്. അവരില്‍നിന്ന്, പ്ലാറ്റിനം ജൂബിലിയാഘോഷിക്കുന്ന ബോര്‍ഡ് ശബരിമല വികസനത്തിന് വേണ്ടുന്ന അഭിപ്രായങ്ങള്‍ സ്വരൂപിക്കും. അവ നടപ്പാക്കും. ശബരിമല വികസിക്കും; സ്വാമി ശരണം.
സെപ്തംബര്‍ 20 നാണ് പരിപാടി. ഇനിയും ശബരിമലയില്‍ സേവന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകളെ ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷ നേതാവ് പ്രസ്താവിച്ചത്, സംഗമത്തെക്കുറിച്ചറിഞ്ഞത് പത്രത്തിലൂടെയാണെന്നാണ്; ശുഭം, സംഗമത്തിന്റെ ഉദ്ദേശ്യവും ലക്ഷ്യവും മാര്‍ഗ്ഗവും വ്യക്തം. അയ്യപ്പഭക്തന്മാരില്ലാതെ, അയ്യപ്പഭക്ത ക്ഷേമത്തിന് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ ഇല്ലാതെ അയ്യപ്പഭക്ത സംഗമം; സ്വാമി ശരണം.
ക്ഷേത്രങ്ങള്‍ അന്ധകാരജഡിലമായ അന്ധവിശ്വാസങ്ങളുടെ ആസ്ഥാനമാണ്, അവയ്‌ക്ക് തീപ്പിടിക്കട്ടെ എന്ന് ഘോഷിച്ചവര്‍ക്ക് തുണ നിന്ന്, അത് നയവും നിലപാടുമാക്കിയവരാണ് കമ്മ്യൂണിസ്റ്റുകള്‍. തരം കിട്ടിയാല്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ച് അവിടെ ‘കപ്പക്കൃഷി’ നടത്താന്‍ കാത്തിരിക്കുന്നവരാണവര്‍. ഭൗതികവാദം കൊണ്ട് ആത്മീയതയെ ഇല്ലാതാക്കാന്‍ ഓരോ നിമിഷവും പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് കമ്മ്യൂണിസ്റ്റുകള്‍. അവിടെയാണ് സംശയങ്ങള്‍ ജനിക്കുന്നത് ആര്‍ക്കും.
ലോകകേരളസഭ, ആഗോള നിക്ഷേപ സംഗമം തുടങ്ങിയ പതിവ് മേളകളില്‍ ഒന്നുകൂടി എന്നുമാത്രമേ ഈ ‘ഇടപാടിനെ’ കാണാനാകൂ, കാണേണ്ടതുള്ളൂ. ശബരിമലയില്‍ മുഖ്യമന്ത്രിക്ക് ഒരു താല്‍പര്യം മാത്രം- വിമാനത്താവളം വേണം. ദേവസ്വം മന്ത്രിക്ക് നിര്‍മ്മാണവും പരിപാടികളും മറ്റും നടത്തി തന്ത്രിയേയും ദേവസ്വം ബോര്‍ഡിനേയും മറികടക്കണം. ദേവസ്വം ബോര്‍ഡ് ആകെയും അംഗങ്ങളും ഭരണ സംവിധാനവും പലതരത്തില്‍ ഒളിച്ചുകടത്തലുകള്‍ നടത്തുന്നു. ശബരിമലയില്‍ ഭക്തര്‍ക്കും വിശ്വാസികള്‍ക്കും പര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്നതില്‍ ആര്‍ക്കുമില്ല താല്‍പര്യം. അവിടെ സൗകര്യങ്ങള്‍ ഇല്ലെന്നല്ല, പര്യാപ്തമല്ല. കഴിഞ്ഞ തീര്‍ത്ഥയാത്രക്കാലത്ത് നടത്തിയ സര്‍ക്കാര്‍ കണക്കെടുപ്പില്‍ 60 ലക്ഷത്തിലേറെ ഭക്തര്‍ ദര്‍ശനം നടത്തി.
ശബരിമല പരിസരത്ത് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ച് ‘സമാന്തര ശബരിമല’ ഉണ്ടാക്കാന്‍ ഒരു സ്വകാര്യവ്യക്തിക്ക് ദേവസ്വം ബോര്‍ഡ് അനുമതി കൊടുത്തു; ശബരിമല തന്ത്രിയറിഞ്ഞില്ല. മന്ത്രിയും മന്ത്രിസഭയും ബോര്‍ഡും മാത്രം അറിഞ്ഞ് നടത്തിയ ഈ ‘പ്ലാറ്റിനം ഗൂഢാലോചന’യുടെ ലക്ഷ്യത്തിന്റെ ‘ആഗോള രൂപ’മാണ് ആഗോള അയ്യപ്പസംഗമം എന്നാരോപിച്ചാല്‍ എങ്ങനെ നിഷേധിക്കാനാകും. ഹൈക്കോടതി ഇടപെട്ടാണ് ആ ഗൂഢനീക്കം തകര്‍ത്തത്. കേരള ഹൈക്കോടതിയും കോടതിയുടെ പ്രത്യേക ബെഞ്ചും സംവിധാനങ്ങളും ഇല്ലായിരുന്നെങ്കില്‍ ശബരിമലയിലും ശ്രീഗുരുവായൂരിലും ഉറപ്പാണ്, ഇതിനകം ചിലര്‍ ‘കപ്പകൃഷി’ നടത്തിയേനെ. ശബരിമലയിലെ ഭസ്മക്കുളം അവിടത്തെ ക്ഷേത്ര സങ്കല്‍പ്പവും വാസ്തുവിധിയും പരിസ്ഥിതിയും ഭൂമിശാസ്ത്രവും പ്രകാരം നിര്‍മ്മിച്ചതാണ്. അത് സൗകര്യപൂര്‍വം ഒരു ‘സ്വിമ്മിങ്പൂള്‍’ നിര്‍മ്മിക്കുന്ന ലാഘവത്തോടെ പുനര്‍നിര്‍മ്മിക്കുമ്പോള്‍ ‘തത്ത്വമസി തത്ത്വം’ അല്ല ‘സ്വത്ത് മമ തത്ത്വ’മാണ് അവര്‍ക്ക് മനസ്സില്‍.
സന്നിധാനത്തെത്തുന്ന അയ്യപ്പഭക്തര്‍ക്ക് രണ്ടു മിനിട്ട് അയ്യപ്പവിഗ്രഹം കണ്ട് പ്രാര്‍ത്ഥിക്കാന്‍ സൗകര്യമുണ്ടാക്കിയിട്ടില്ല. ഒരു ദേവസ്വം ബോര്‍ഡംഗം പറഞ്ഞ കണക്കുപ്രകാരം ശരാശരി 1100 കോടിയാണ് ഒരു തീര്‍ത്ഥാടനകാലത്തെ സര്‍ക്കാര്‍ പരോക്ഷ വരമാനം. ക്ഷേത്രങ്ങളും ക്ഷേത്രവിശ്വാസങ്ങളും തകര്‍ക്കുക എന്നത് കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടാണ്. സാംസ്‌കാരികമായ, വിശ്വാസികളുടെ സംഗമഭൂമികളെ അവര്‍ക്ക് ഭയമാണ്. ക്ഷേത്രകേന്ദ്രിതമായ സംസ്‌കാരത്തെ, ഒത്തുചേരലിനെ ഇല്ലാതാക്കാന്‍, നിരന്തരം കമ്മ്യൂണിസ്റ്റുകള്‍ ശ്രമിക്കുന്നു. കഴിഞ്ഞ പിണറായിഭരണകാലത്ത് ക്ഷേത്രം ‘പിടിച്ചെടുക്ക’ലായിരുന്നു രീതി. ഇപ്പോള്‍ അത് ‘ഭരിച്ച് മുടിക്കു’ന്നതിലേക്ക് മാറിയിട്ടുണ്ട്. അങ്ങനെയാണ്; ഭീകരപ്രവര്‍ത്തനങ്ങള്‍ തോക്കുകൊണ്ടു മാത്രമല്ല. നുഴഞ്ഞുകയറി, സംവിധാനങ്ങള്‍ തകര്‍ത്ത്, ചാരപ്രവര്‍ത്തനം നടത്തി ചാവേറായി തകര്‍ക്കുന്നതും അവരുടെ രീതിയാണ്.
ആഗോള സംഗമത്തില്‍ മൂന്നുകാര്യം ചെയ്യട്ടെ: ആത്മീയതക്ക്, ഹൈന്ദവ ആചാരാനുഷ്ഠാനങ്ങള്‍ക്ക് ഞങ്ങള്‍ എതിരല്ലെന്ന് സര്‍ക്കാര്‍-പാര്‍ട്ടി നയം കമ്മ്യൂണിസ്റ്റുകള്‍ പ്രഖ്യാപിക്കട്ടെ. സംഗമത്തിലേക്കുള്ള ക്ഷണം നിരസിച്ച തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, 2022 ഒക്ടോബറില്‍ ചെന്നൈയില്‍ കപാലീശ്വര ക്ഷേത്രത്തില്‍വച്ച്, ഡിഎംകെ ആത്മീയതയ്‌ക്ക് എതിരല്ലെന്ന് പ്രഖ്യാപിച്ചു. സ്റ്റാലിന്റെ സത്യസന്ധതയെങ്കിലും കാണിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. ശബരിമലയില്‍ യുവതികള്‍ മലകയറില്ലെന്ന് ഉറപ്പാക്കണം. 2018 ല്‍ മലയില്‍ ആചാരസംരക്ഷണത്തിന് ശ്രമിച്ച അയ്യപ്പവിശ്വാസികളെ തല്ലിച്ചതച്ചതിന് പരസ്യമായി ഖേദം പ്രകടിപ്പിക്കണം. വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. ഇല്ലെങ്കില്‍ ഈ ആഗോള അയ്യപ്പസംഗമ നിക്ഷേപ യജ്ഞത്തിന്റെ ഉള്ളുകള്ളികള്‍, ഗൂഢാലോചനകള്‍ ജനങ്ങള്‍ തിരിച്ചറിയും. സ്വന്തം പാര്‍ട്ടിക്കാരും തിരിഞ്ഞുകുത്തും. ശബരിമലയില്‍ ചെയ്ത തെറ്റുകള്‍ക്ക് പശ്ചാത്താപപരിഹാരങ്ങള്‍ വഴിപാടാക്കാനാണ് സിപിഎമ്മിന് ജ്യോത്സ്യന്‍ വിധിച്ചതെങ്കില്‍, മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ബോര്‍ഡംഗങ്ങളും സിപിഎം സെക്രട്ടറിയും വിളിക്കട്ടെ, ‘ശ്രീധര്‍മ്മശാസ്താവേ’ എന്ന്; വിശ്വാസികള്‍ ഏറ്റുവിളിക്കും ‘ശരണമയ്യപ്പാ’ എന്ന്.
പിന്‍കുറിപ്പ്:
‘ഇരുമുടി’ എന്നാല്‍ ‘തലമുടി’യല്ലെന്ന് അറിയാത്തയാളല്ല പിണറായി വിജയന്‍. എന്നിട്ടും ശാസ്ത്രീയമായും താത്ത്വികമായും യോജിക്കാത്ത ഈ സംഗമത്തിനിറങ്ങിയത് ജ്യോതിഷികളുടെ ക്രിയയും വിധിയും പ്രകാരംതന്നെയെന്ന് ഉറപ്പ്.