കോഴിക്കോട് : ആഗോള അയ്യപ്പ സംഗമത്തിനായി ക്ഷേത്ര ഫണ്ട് ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ്. ക്ഷേത്ര ട്രസ്റ്റിമാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേത്ര ജീവനക്കാരുടെയും യാത്ര, ഭക്ഷണം, വാഹനങ്ങള്‍ എന്നിവയുടെ ചെലവ് അതത് ക്ഷേത്രങ്ങള്‍ വഹിക്കണം.
ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏരിയ കമ്മിറ്റി അംഗങ്ങളുടെയും ചെലവ് ബോര്‍ഡിന്റെ തനത് ഫണ്ടില്‍ നിന്നും വഹിക്കും.ആഗോള അയ്യപ്പ സംഗമത്തിനായി പോകുന്ന വാഹനങ്ങളുടെ ചെലവും ക്ഷേത്ര ഫണ്ടില്‍നിന്ന് എടുക്കണമെന്നാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണറുടെ ഉത്തരവ്.
മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ കോഴിക്കോട്, മലപ്പുറം, തലശേരി, പാലക്കാട്, കാസര്‍ഗോഡ് എന്നിങ്ങനെ അഞ്ച് ഡിവിഷനുകളാണ് ഉള്ളത്.ഇവിടങ്ങളിലെ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കുള്ള ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. ഓരോ ഡിവിഷനില്‍ നിന്നും 40 പേര്‍ പങ്കെടുക്കണമെന്നാണ് നിര്‍ദേശം. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ 200ഓളം ആളുകള്‍ പങ്കെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ ആഗോള അയ്യപ്പ സംഗമത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിനുളള ചെലവ് സ്‌പോണ്‍സര്‍മാരിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു.ഏഴ് കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.അയ്യായിരത്തിലധികം രജിസ്‌ട്രേഷന്‍ വന്നതില്‍ മുന്‍ഗണന ക്രമം അനുസരിച്ച് 3500 പേര്‍ പരമാവധി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു.