സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് അനായാസവിജയം. മുന്‍ നായകന്‍മാരായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെ മികച്ച ബാറ്റിങ്ങാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്. മത്സരത്തില്‍ രോഹിത് ശര്‍മ സെഞ്ച്വറിയും കോഹ്‌ലി അര്‍ധ സെഞ്ച്വറിയും നേടി. 105 പന്തില്‍ നിന്നായിരുന്നു രോഹിതിന്റെ സെഞ്ച്വറി.
രോഹിത് 121 റണ്‍സും കോഹ് ലി 74 റണ്‍സും നേടി പുറത്താകാതെ നിന്നു. 24 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. മത്സരത്തിന്റെ 11ാം ഓവറില്‍ ജോഷ് ഹെയ്‌സല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരി ക്യാച്ചെടുത്താണു ഗില്ലിനെ പുറത്താക്കിയത്. പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും കോഹ് ലി റണ്ണൊന്നുമെടുക്കാതെ പുറത്തായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഓസീസിനെ 46.4 ഓവറില്‍ 236 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യക്കു സാധിച്ചു. 4 വിക്കറ്റുകള്‍ വീഴ്ത്തിയ ഹര്‍ഷിത് റാണയുടെ മികവാണ് ഇന്ത്യയെ തുണച്ചത്. 52 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ അവസാന 7 വിക്കറ്റുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ ഓസീസിനെ 236ല്‍ ഒതുക്കിയത്.