
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയശിഷ്ടം നെയ്യ് വില്പന ക്രമക്കേടില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരം വിജിലന്‍സ് കേസെടുത്തു. എസ്പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രാഥമിക പരിശോധനയില്‍ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. ജീവനക്കാരും ശാന്തിക്കാരും ഉള്‍പ്പെടെ നെയ്യ് വില്പന ചുമതലയുണ്ടായിരുന്ന 33 പേരെ പ്രതി ചേര്‍ത്തിട്ടുണ്ട്. 13,679 പായ്‌ക്കറ്റ് നെയ്യ് വിറ്റ പണം ദേവസ്വം ബോര്‍ഡ് അക്കൗണ്ടില്‍ അടച്ചിട്ടില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. 13 ലക്ഷത്തോളം രൂപ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തല്‍.
ആടിയ നെയ്യ് ക്രമക്കേടുമായി ബന്ധപ്പെട്ട് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ സുനില്‍ കുമാര്‍ പോറ്റിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നെയ്യ് വില്പനയിലെ പണം ബോര്‍ഡ് അക്കൗണ്ടിലേക്ക് എത്താഞ്ഞതില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി.
നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീര്‍ത്ഥാടകരാണ് ആടിയശിഷ്ടം നെയ്യ് വാങ്ങുന്നത്. 100 മില്ലി ലിറ്ററിന്റെ കവറിന് 100 രൂപയാണ് വില. ടെമ്പിള്‍ സ്‌പെഷല്‍ ഓഫീസര്‍ ഏറ്റുവാങ്ങിയാണ് വില്പനയ്‌ക്കായി കൗണ്ടറിലേക്ക് നല്കുന്നത്.