• Fri. Sep 18th, 2026

24×7 Live News

Apdin News

ആണ്‍കുട്ടികള്‍ക്ക് മുടി വളര്‍ത്താൻ സ്വാതന്ത്ര്യമുണ്ട്; വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ

Byadmin

Sep 18, 2026


തിരുവനന്തപുരം: സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ മുടി വളർത്തുന്നതിനെതിരെ നടപടിയെടുക്കാനോ അവരെ മാറ്റിനിർത്താനോ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. തുല്യതയും ലിംഗസമത്വവും ഉറപ്പാക്കേണ്ട വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികളുടെ മുടിയുടെ നീളം അളന്ന് ശിക്ഷാനടപടികള്‍ സ്വീകരിക്കുന്നത് അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതും അവകാശ ലംഘനവുമാണെന്ന് കമ്മീഷൻ വ്യക്തമാക്കി.

സ്കൂളുകളില്‍ ആണ്‍കുട്ടികള്‍ക്ക് നിശ്ചിത രീതിയില്‍ മാത്രമേ മുടി മുറിക്കാവൂ എന്ന് നിർബന്ധിക്കുന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണ്. മുടി വളർത്തിയതിന്റെ പേരില്‍ കുട്ടികളെ ക്ലാസിനു പുറത്തുനിർത്തുക, അപമാനിക്കുക, പരീക്ഷ എഴുതിക്കാതിരിക്കുക അല്ലെങ്കില്‍ നിർബന്ധിച്ച്‌ മുടി മുറിക്കുക തുടങ്ങിയ നടപടികള്‍ അടിയന്തരമായി അവസാനിപ്പിക്കണം.

വിദ്യാലയങ്ങളില്‍ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അത് കുട്ടികളുടെ മൗലികാവകാശങ്ങളെയും മാനസികാരോഗ്യത്തെയും ഹനിക്കുന്ന രീതിയിലാകരുത്. കുട്ടികള്‍ക്ക് അനുയോജ്യമായ രീതിയില്‍ വൃത്തിയും വെടിപ്പുമുള്ള വസ്ത്രധാരണവും മുടി പരിപാലനവും ശീലിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിനും ബന്ധപ്പെട്ട അധികൃതർക്കും കമ്മീഷൻ നിർദേശം നല്‍കി.

 



By admin