• Wed. Nov 5th, 2025

24×7 Live News

Apdin News

ആത്മനിര്‍ഭര ഭാരതത്തിന്റെ ബഹിരാകാശ വിജയം

Byadmin

Nov 5, 2025



ഹിരാകാശ രംഗത്ത് ഭാരതം ജൈത്ര യാത്ര തുടരുകയാണ്. ഐഎസ്ആര്‍ഒയുടെ ഏറ്റവും കരുത്തുറ്റ വിക്ഷേപണ വാഹനമായ എല്‍വിഎം മൂന്ന് എം 5 റോക്കറ്റിന്റെ വിക്ഷേപണ വിജയം അതാണ് കാണിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററിലെ വിക്ഷേപണത്തറയില്‍ നിന്ന് കുതിച്ചുയര്‍ന്ന എല്‍വിഎം 3 സിഎംഎസ് -03 ഉപഗ്രഹം സുരക്ഷിതമായി ബഹിരാകാശത്ത് എത്തിച്ചത് ഭാരതം കൈവരിച്ച മഹത്തായ നേട്ടങ്ങളിലൊന്നാണ്. നാവിക സേനയുടെ നീക്കങ്ങള്‍ക്കായുള്ള നിര്‍ണായക വാര്‍ത്താവിനിമയ ഉപഗ്രഹമാണ് സിഎംഎസ്- 03. വിക്ഷേപിച്ച് അധികം വൈകാതെ റോക്കറ്റില്‍ നിന്ന് ഉപഗ്രഹം വേര്‍പ്പെടുകയും, കൃത്യം പതിനാറാം മിനിറ്റില്‍ വിജയകരമായി ബഹിരാകാശത്ത് എത്തുകയും ചെയ്തത് ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞര്‍ കൈവരിച്ച വൈദഗ്ധ്യത്തിന് തെളിവാണ്. ഉപഗ്രഹം കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഭ്രമണപഥം ഉയര്‍ത്തുന്ന ജോലികള്‍ ഉടന്‍ തുടങ്ങുമെന്നും ഐഎസ്ആര്‍ഒ വലിയ ആത്മവിശ്വാസത്തോടെയാണ് പറഞ്ഞത്. ഐഎസ്ആര്‍ഒയുടെ പരാജയമറിയാത്ത കരുത്തുറ്റ റോക്കറ്റാണ് എല്‍വിഎം 3 എം 5.

ഭാരതത്തിന്റെ അഭിമാനം ആകാശത്തിനപ്പുറം ഉയര്‍ത്തിയ ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണത്തിനുശേഷം ആദ്യമായാണ് എല്‍വിഎം 3 ഒരു ദൗത്യം ഏറ്റെടുക്കുന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം ഐഎസ്ആര്‍ഒയുടെ എറ്റവും കരുത്തേറിയ റോക്കറ്റിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ വിക്ഷേപണമെന്ന കാര്യം പ്രത്യേകം ശ്രദ്ധേയമാണ്.

നമ്മുടെ ശാസ്ത്രജ്ഞരുടെ കരുത്തില്‍ ബഹിരാകാശ മേഖല ഇന്ന് മികവിന്റെയും നവീകരണത്തിന്റെയും പര്യായമായി മാറിയിരിക്കുകയാണെന്നും, അവരുടെ വിജയങ്ങള്‍ ദേശീയ പുരോഗതിക്ക് കാരണമാകുമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഇതിന് അടിവരയിടുന്നു. ബഹിരാകാശ രംഗത്തെ പുത്തന്‍ കുതിപ്പുകള്‍ക്കായി മോദി സര്‍ക്കാര്‍ നല്‍കുന്ന അചഞ്ചലമായ പിന്തുണയാണ്, അസാധ്യമെന്ന് കരുതിയിരുന്ന ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ ഐഎസ്ആര്‍ഒയെ പ്രേരിപ്പിക്കുന്നത്.

രാഷ്‌ട്ര സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാല്‍ വിവരങ്ങളെല്ലാം രഹസ്യമായി സൂക്ഷിച്ചാണ് ഐഎസ്ആര്‍ഒ ഈ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഉപഗ്രഹത്തിന്റെ ചിത്രങ്ങളടക്കം പുറത്തുവിട്ടിരുന്നില്ല. പ്രതിരോധ മേഖലയുമായി ബന്ധപ്പെട്ടതിനാല്‍ ഇത്തരം ദൗത്യങ്ങള്‍ക്ക് ഇപ്പോഴത്തെ രീതി പതിവാക്കുമെന്നാണ് അറിയുന്നത്. നാലായിരത്തിലേറെ കിലോഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് സിഎംഎസ്- 03. ഭാരതത്തിന്റെ മണ്ണില്‍ നിന്ന് ജിയോസിംക്രണസ് ഭ്രമണപഥത്തിലേക്ക് അയക്കുന്ന എറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്. 1500 കോടിയിലേറെ രൂപ ചെലവ് വരുന്ന ഉപഗ്രഹത്തിന് ജിസാറ്റ് 7 ആര്‍ എന്ന പേരായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് സിഎംഎസ് -03 എന്നാക്കി മാറ്റുകയായിരുന്നു. നാവികസേനയും ഐഎസ്ആര്‍ഒയും തമ്മില്‍ 2019 ലാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.

സിഎംഎസ്-03യുടെ വിക്ഷേപണ വിജയത്തിനു പിന്നാലെ, ഈ സാമ്പത്തിക വര്‍ഷം അവസാനിക്കും മുന്‍പ് ഏഴ് വിക്ഷേപണങ്ങള്‍ നടത്തുമെന്നും ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി.നാരായണന്‍ പ്രഖ്യാപിച്ചു. ഇപ്പോഴത്തെ നിലയില്‍ ഇതില്‍ അതിശയോക്തിയില്ല. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ കഴിവിലുള്ള ആത്മവിശ്വാസത്തിന്റെ പ്രകടനമാണിത്. എല്‍വിഎം 3 യുടെ അടുത്ത വിക്ഷേപണം ഡിസംബര്‍ രണ്ടാം ആഴ്ചയില്‍ നടത്തുകയാണ് ലക്ഷ്യം. പിഎസ്എല്‍വി, എസ്എസ്എല്‍വി ദൗത്യങ്ങളും പണിപ്പുരയിലാണ്. ഈ വര്‍ഷം തന്നെ നടത്താന്‍ ഉദ്ദേശിക്കുന്ന ആദ്യ ആളില്ലാ ഗഗന്‍യാന്‍ ദൗത്യവും ഈ കാലയളവില്‍ തന്നെ ഉണ്ടാകാനാണ് സാധ്യത. പൂര്‍ണമായും സ്വകാര്യ കമ്പനി നിര്‍മ്മിച്ച ആദ്യ പിഎസ്എല്‍വി റോക്കറ്റും അധികം വൈകാതെ വിക്ഷേപിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ തിളക്കമാര്‍ന്ന ഉദാഹരണമായി സിഎംഎസ്-03 യുടെ വിജയത്തെ കണക്കാക്കാം.

By admin