
ആത്മീയത എന്നത് പുറംലോകത്ത് ദൈവത്തെ അന്വേഷിക്കുന്നതല്ല മറിച്ച് സ്വന്തം ഉള്ളിലെ പ്രകാശത്തെ തിരിച്ചറിയല്‍ ആണ്. മനസ്സിലെ അഹങ്കാര പാളികള്‍ പൊളിച്ച് ആത്മാവിന്റെ ശാന്തി കണ്ടെത്തുകയാണ് ആത്മീയ യാത്രയില്‍. ആത്മീയ വ്യക്തി എന്നത് ആശ്രമത്തില്‍ ഇരിക്കുന്ന സംന്യാസി അല്ല, മറ്റുള്ളവരോട് സ്‌നേഹത്തോടെ പെരുമാറാന്‍ പഠിച്ചവനാണ്. ആത്മീയ സാധകന്റെ ദൈവം ക്ഷേത്രത്തില്‍ മാത്രമല്ല, ഓരോ ജീവിയിലും അവന്റെ ദൈവം ഉണ്ട്.
ആത്മീയ ജീവിതം വെറും അനുഭവമല്ല, അതൊരു പ്രയാണമാണ്. അകത്തേക്ക,് നമ്മളിലെ നമ്മില്‍ത്തന്നെ തിരിച്ചെത്താനുള്ള പ്രയാണം.
ആത്മീയത എന്നത് ഒരു മതമല്ല, അത് മനസ്സിന്റെ ഉണര്‍വാണ്. നിശബ്ദതയില്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുന്ന സ്വന്തം ആത്മാവിന്റെ ശബ്ദം, അതാണ് യഥാര്‍ത്ഥ ദൈവം.
മനുഷ്യന്‍ ജനിക്കുമ്പോള്‍ത്തന്നെ അവനില്‍ നിര്‍മ്മലമായ ഒരു ദൈവിക വെളിച്ചമുണ്ട്. ജീവിതത്തിലെ ആശകളും നിരാശകളും ആ വെളിച്ചത്തെ മൂടുന്നു. അതിനെ വീണ്ടും ശുദ്ധമാക്കാനുള്ള യാത്ര ആത്മീയ പാതയിലാണ്. ആത്മീയ വ്യക്തി ഭൗതിക ലോകത്തുനിന്ന് അകന്നു പോകുന്നവനല്ല. അവന്‍ ലോകത്തെ പുതിയ കണ്ണുകളിലൂടെ കാണാന്‍ പഠിക്കുന്ന വനാണ്. അവന് ദൈവം ക്ഷേത്രങ്ങളിലെ വിഗ്രഹമല്ല. ഓരോ മനുഷ്യനിലും ഓരോ ജീവജാലങ്ങളിലും പ്രകൃതിയിലും അവന്‍ ദൈവത്തെ കാണുന്നു.
ആത്മീയത നമ്മെ പഠിപ്പിക്കുന്നത് ജീവിതം ശത്രുക്കളും പോരാട്ടങ്ങളും മാത്രം നിറഞ്ഞതല്ല, മറിച്ച് അനുഭവങ്ങളുടെ കടലാണ് എന്നതാണ്. അതിലെ ഓരോ തിരകളും നമ്മെ സ്വയം തിരിച്ചറിയാനുള്ള അവസരങ്ങളാണ്.
യഥാര്‍ത്ഥ ആത്മീയ വ്യക്തി ആരാണെന്ന് ചോദിച്ചാല്‍ എല്ലാ ജീവജാലങ്ങളിലും ദൈവ സാന്നിധ്യം അറിയുന്നവനാണ്. നിന്റെ ഉള്ളിലെ ദൈവത്തെ കാണാന്‍ നീ വേറെ എങ്ങും പോകേണ്ടതില്ല. മനുഷ്യന് തന്നിലെ ദൈവികത തിരിച്ചറിയാനുള്ള ശാന്തപാതയാണ് ആത്മീയത.