• Thu. Oct 9th, 2025

24×7 Live News

Apdin News

ആദര്‍ശപുരുഷനായ ശ്രീരാമനെ നമുക്ക് പകര്‍ന്നതാണ് വാല്മീകിയുടെ മഹത്വം: ഡോ. മോഹന്‍ ഭാഗവത്

Byadmin

Oct 9, 2025



നാഗ്പൂര്‍: ആദര്‍ശപുരുഷനായ ശ്രീരാമനെ നമ്മുടെ ജീവിതത്തിലേക്ക് പകര്‍ന്നു എന്നതാണ വാല്മീകി മഹര്‍ഷിയുടെ മഹത്വമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലോകജീവിതത്തിന്റെ ദുരിതങ്ങള്‍ ഇല്ലാതാക്കാനാണ് അദ്ദേഹമത് ചെയ്തത്. വാല്മീകിജയന്തി മഹോത്സവവേളയില്‍ കാംതിയിലെ വാല്മീകി സമാജ് സേവാമണ്ഡല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ഉത്സവം എന്ന വാക്ക് ‘ഉത്സാഹമാണ് വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഏതുതരം ഉത്സാഹമാണ് വളര്‍ത്തിയെടുക്കേണ്ടതെന്ന് നമ്മള്‍ ചിന്തിക്കണം. ദുരിതങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാക്കാന്‍ മാന്ത്രികവിദ്യയൊന്നുമില്ല. ജീവിതത്തില്‍ നമ്മള്‍ തന്നെയാണ് കഷ്ടപ്പാടുകള്‍ സൃഷ്ടിക്കുന്നത്. സ്വാര്‍ത്ഥതയും അതുമൂലമുള്ള വിവേചനങ്ങളുമാണ് അതിന് കാരണമാകുന്നത്. നമ്മള്‍ ഒരു നിയമങ്ങളും പാലിക്കുന്നില്ല. സ്വയം ഉയര്‍ന്നവരാണെന്നും മറ്റെല്ലാവരും താഴ്ന്നവരാണെന്നും നമ്മള്‍ കരുതുന്നു. അഹങ്കാരത്തില്‍ നിന്നാണ് ഇതെല്ലാം ഉണ്ടാകുന്നത്. ഇതില്‍ നിന്നുള്ള മോചനത്തിനായാണ് നിസംഗനും നിരാമയനും നിര്‍മമനുമായ രാമനെ ആദര്‍ശപുരുഷനായി നമ്മള്‍ സ്വീകരിച്ചത്, മോഹന്‍ഭാഗവത് പറഞ്ഞു.

രാമായണം ഒരു കെട്ടുകഥയല്ല. രാമന്‍ വെറും ഭാവനയല്ല. അയോദ്ധ്യയിലെ രാജാവായ രാമന്റെ ജീവിതത്തെ മഹര്‍ഷി വാല്മീകി ലോകസമക്ഷം അവതരിപ്പിക്കുകയാണ് ചെയ്തത്. ബാലകരാമന്‍, വനവാസിയായ രാമന്‍, യുദ്ധപ്രിയനായ രാമന്‍, രാജാവായ രാമന്‍, കുടുംബപ്രിയനായ രാമന്‍ തുടങ്ങി രാമന് പല രൂപങ്ങളുണ്ട്. അത് ആദര്‍ശവ്യക്തിത്വത്തിന്റെ സമ്പൂര്‍ണജീവിതമാണ്. വ്യക്തികളായി എങ്ങനെ ജീവിക്കണമെന്ന് രാമന്‍ നമ്മോട് പറയുന്നു. കുടുംബത്തിനുള്ളില്‍ പരസ്പരം എങ്ങനെ ഇടപഴകണമെന്ന് രാമായണം പറയുന്നു. ആദര്‍ശ സേവകന്‍, ആദര്‍ശ മന്ത്രി, ആദര്‍ശ ഉപദേഷ്ടാവ്… തുടങ്ങി പെരുമാറ്റങ്ങളുടെ മാതൃകകളാണ് രാമായണത്തിലെവിടെയും. ലോകത്തിന് ഭാരതം മാതൃകയാകുന്നത് രാമായണം നല്കുന്ന ഈ മൂല്യങ്ങളെ ജീവിത്തത്തില്‍ പകര്‍ത്തിയതുകൊണ്ടാണെന്ന് സര്‍സംഘചാലക് പറഞ്ഞു.

സാഹചര്യങ്ങളെങ്ങനെ മാറിയാലും മനസ്സിനെ ഏകാഗ്രമാക്കി, ഹൃദയത്തില്‍ സമാധാനവും സ്‌നേഹവും നിലനില്‍ത്താന്‍ കഴിയണം. ഇന്നത്തെ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, എട്ട് സഹസ്രാബ്ദം എഴുതിയതാണ് രാമായണം എന്ന് പറയപ്പെടുന്നു. 8000 വര്‍ഷംമുമ്പ് മഹര്‍ഷി വാല്മീകി അവതരിപ്പിച്ച രാമരാജ്യം കഠിനാധ്വാനത്തിലൂടെ നമുക്ക് നമ്മുടെ കാലഘട്ടത്തില്‍ ആവിഷ്‌കരിക്കാനാകും. മാനവരാശിയോടുള്ള ഭാരതത്തിന്റെ കടമയാണതെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

എംപിമാരായ സുമിത്ര വാല്മീകി, അന്‍ശു രഘുവംശി, വിദര്‍ഭ പ്രാന്ത സഹസര്‍സംഘചാലക് ശ്രീധര്‍ ഗാഡ്‌ഗെ, എംഎല്‍എ ആശിഷ് ജയ്സ്വാള്‍ എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

By admin