
ന്യൂദല്‍ഹി: കുറച്ചുനാളുകളായി ആദായനികുതി ഉദ്യോഗസ്ഥര്‍ക്കും ഇഡിയ്‌ക്കും എതിരെ ദുഷ്പ്രചാരണം നടത്താന്‍ ശ്രമിക്കുന്ന കേരളത്തിലെ ഒരു ലോബി കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യ ആഘോഷിക്കുകയാണ്. റോയിയെ ജനസേവകനായ ബിസിനസുകാരനായി ചിത്രീകരിച്ച് അദ്ദേഹത്തെ വേട്ടയാടുന്ന ക്രൂരന്മാരായാണ് ആദായനികുതി ഉദ്യോഗസ്ഥരെയും ഇഡിയെയും ഇവര്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നത്. പക്ഷെ ഇരുട്ടുകൊണ്ട് ഓട്ടയടയ്‌ക്കാന്‍ ഈ വിമര്‍ശനങ്ങള്‍ക്ക് സാധിക്കില്ലെന്നതിന്റെ ഉദാഹരണമാണ് റോയിയെക്കുറിച്ച് പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍.
നേരത്തെ ക്രിസ്റ്റല്‍ ഗ്രൂപ്പ് എന്ന വ്യവസായ ഗ്രൂപ്പില്‍ ജോലി ചെയ്‌കുകൊണ്ടിരിക്കുമ്പോള്‍ അവിടെ നിന്നുള്ള സമ്പത്ത് അനധികൃതമായി റോയി കൈക്കലാക്കിയെന്നും അതാണ് പിന്നീട് സ്വന്തം റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന് അടിത്തറയായതെന്നുമുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. സ്ലോവാക്യ എന്ന മയക്കമരുന്ന് കടത്തിന്റെയും ആയുധക്കടത്തിന്റെയും ഹബ്ബായ രാജ്യത്തിന്റെ കര്‍ണ്ണാടക, കേരളസംസ്ഥാനങ്ങളിലെ കോണ്‍സല്‍ ജനറല്‍ എന്ന പദവി നേടുക വഴി അദ്ദേഹം പല തിരിമറികളും ചെയ്തിരിക്കാമെന്ന നിരീക്ഷണങ്ങളും പുറത്തുവരുന്നു. ബാങ്കില്‍ നിന്നും കടമെടുക്കാതെ സീറോ ഇന്‍വെസ്റ്റ്മെന്‍റിലാണ് താന്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതെന്ന റോയിയുടെ വാദവും ആദായനികുതി തന്നെ പൊളിച്ചുകഴിഞ്ഞു. ഇദ്ദേഹം ഉപയോഗപ്പെടുത്തുന്ന പല ഫണ്ടുകളുടെയും ഉറവിടം തേടിയതോടെയാണ് കൃത്യമായ ഉത്തരം നല്‍കാനാവാതെ അദ്ദേഹം ആത്മഹത്യയുടെ വഴി തെരഞ്ഞെടുത്തതെന്നാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇന്‍കം ടാക്സ് അപ്പലേറ്റ് കമ്മിറ്റി റോയിയുടെ പല അപേക്ഷകളും തള്ളിയിട്ടുണ്ട്. കോണ്‍ഫിഡന്‍റ് ഗ്രൂപ്പിന്റെ ഡയറക്ടറായ ടി.എ.ജോസഫിനെ ചോദ്യം ചെയ്ത് ചില രേഖകള്‍ നേരത്തെ പിടിച്ചെടുത്തിട്ടുണ്ട്. പല ലോക്കറുകളും സീല്‍ ചെയ്തിട്ടുമുണ്ട്.
എന്തുകൊണ്ട് കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍?
കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ എന്തിന് കര്‍ണ്ണാടകത്തിലെ ഒരു ബിസിനസുകാരനെ തേടി വന്നു എന്ന രീതിയിലും ചില ദുഷ്പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. കേരളത്തിലെ ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തിയത് റെയ്ഡ് വിവരങ്ങള്‍ രഹസ്യമാക്കി വെയ്‌ക്കാനാണെന്നാണ് കരുതുന്നത്. കര്‍ണ്ണാടകയിലെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെങ്കില്‍ റോയിയുമായി ബന്ധപ്പെട്ടവരായതിനാല്‍ ചിലപ്പോള്‍ വിവരങ്ങള്‍ ചോരാന്‍ സാധ്യതയുണ്ട്. അതിനാലാണ് കേരളത്തിലെ ഉദ്യോഗസ്ഥരെ തന്നെ ആദായനികുതി വകുപ്പ് ചുമതലപ്പെടുത്തിയത്.
അരുണ്‍ രാഘവന്‍ എന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജേണലിസ്റ്റ് സി.ജെ. റോയിയുമായി ഒരു അഭിമുഖം നടത്തിയിരുന്നു. അതില്‍ ജിവീതത്തില്‍ നേടേണ്ടതെല്ലാം നേടിയെന്നും ഇനി മരിച്ചാലും ദുഖമില്ലെന്നും സി.ജെ. റോയി പറഞ്ഞിരുന്നു. പക്ഷെ ഇഡി റെയ്ഡ് നടന്നതോടെ അരുണ്‍ രാഘവനെ ഫോണില്‍ വിളിച്ച് ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിടേണ്ടെന്ന് സി.ജെ. റോയി നിര്‍ദേശിച്ചിരുന്നുവത്രെ. ഈ വിലക്കിന് പിന്നില്‍ അഭിമുഖത്തിലെ വിശദാംശങ്ങള്‍ എന്തെങ്കിലും ഇഡി അറിയുമോ എന്ന് ഭയന്നിട്ടാണെന്നും കരുതപ്പെടുന്നു. എന്തൊക്കെയോ റോയിയ്‌ക്ക് മറയ്‌ക്കാന്‍ ഉണ്ടായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇപ്പോള്‍ സി.ജെ. റോയിയുടെ സഹോദരനായ വൈറ്റ് ഗോള്‍ഡ് ജ്വല്ലറിയുടെ ഉടമ സിജെ ബാബുവും റോയിയുടെ ലീഗല്‍ അഡ്വൈസറായ പ്രകാശും പറയുന്നത് കേന്ദ്രസര്‍ക്കാരിന്റെ സമ്മര‍്ദ്ദം കൊണ്ടാണ് സി.ജെ. റോയ് ആത്മഹത്യ ചെയ്തത് എന്നാണ്. പക്ഷെ ഇരുവരും ഈ ആരോപണം ഉയര്‍ത്തിയതിന് ശേഷമാണ് റോയിയെക്കുറിച്ചുള്ള ഒട്ടേറെ ദുരൂഹ ഇടപാടുകളുടെ ചുരുളഴിഞ്ഞിരിക്കുന്നത്. മലയാള മനോരമ ദിനപത്രം ഉള്‍പ്പെടെ റോയി തുറക്കാന്‍ മടിച്ച ദുരൂഹരേഖകള്‍ ഒളിപ്പിച്ചുവെച്ച ഒരു ലോക്കറിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. ഇത് തുറക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതായും അതിന് തയ്യാറാകാതെയാണ് റോയി സ്വയം വെടിവെച്ച് മരിച്ചതെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. എന്തായാലും കേന്ദ്ര ഏജന്‍സികളുടെ പീഢനം എന്ന പൊള്ളയായ വിമര്‍ശനം റോയിയുടെ കേസില്‍ ഇനി ആരും ഉയര്‍ത്തുമെന്ന് തോന്നുന്നില്ല.