• Fri. Nov 22nd, 2024

24×7 Live News

Apdin News

ആദിവാസി എന്ന പദം വേറിടല്‍ മനോഭാവം സൃഷ്ടിക്കും; വനവാസികള്‍ അനാദിവാസികള്‍: ആചാര്യ ധീരേന്ദ്ര കൃഷ്ണശാസ്ത്രി

Byadmin

Nov 22, 2024


ഭോപാല്‍: ആദിവാസി എന്നത് വേറിടല്‍ മനോഭാവം അടിച്ചേല്പിക്കാന്‍ മതംമാറ്റം ലക്ഷ്യമിടുന്ന ശക്തികള്‍ സൃഷ്ടിച്ച വാക്കാണെന്ന് ബാഗേശ്വര്‍ ധാം പീഠാധിപതി ആചാര്യ ധീരേന്ദ്ര കൃഷ്ണശാസ്ത്രി. വനവാസി സമൂഹത്തെ മതംമാറ്റുന്നതിന് നൂറ്റാണ്ടുകളായി തുടരുന്ന പരിശ്രമത്തിന്റെ ഭാഗമാണ് ഈ പദം. നഗരവാസി, ഗ്രാമവാസി എന്നതുപോലെ വനവാസിയും ഈ ഭാരതീയ സമൂഹത്തിന്റെ ഭാഗമാണ്. അവര്‍ ഭാരതീയ പാരമ്പര്യത്തിന്റെ വേരുകളില്‍ ജീവിക്കുന്നവരാണെന്ന് അദ്ദേഹം 22ന് ആരംഭിക്കുന്ന സനാതന ഏകതാ പദയാത്രയ്‌ക്ക് മുന്നോടിയായി എഎന്‍ഐക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
രാജ്യത്ത് ജാതിയുടെ പേരില്‍ ഇന്നും അവശേഷിക്കുന്ന വിവേചനം പൂര്‍ണമായി ഇല്ലാതാവണമെന്ന ലക്ഷ്യത്തോടെയാണ് പദയാത്രയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വനവാസി സമൂഹം ആദിവാസികളല്ല അനാദിവാസികളാണ്. ഈ നാട്ടിലെ അടിസ്ഥാനസമൂഹമാണ്. ത്രേതായുഗത്തില്‍ ഭഗവാന്‍ ശ്രീരാമന് അനുഗ്രഹം ചൊരിഞ്ഞ് ഒപ്പം നിന്ന മാതാ ശബരിയുടെ വംശാവലിയില്‍പ്പെട്ടവരാണ്. ആദിവാസികളെന്ന് വിളിച്ച് മതപരിവര്‍ത്തനശക്തികള്‍ അകല്‍ച്ച സൃഷ്ടിക്കുകയും മുതലെടുക്കുകയും ചെയ്യുന്നു. ഇത് തടയണം. നഗര, ഗ്രാമ, വന ഭേദമില്ലാതെ ഒരുമിച്ച് കൂടുകയും ഉത്സവങ്ങളില്‍ പങ്കെടുക്കുകയും ഭാരതീയത ആഘോഷിക്കുകയും വേണം. ഗോത്രമേഖലയില്‍ വിദ്യാഭ്യാസത്തിലും ആരോഗ്യപരിപാലനത്തിലും മുന്നേറ്റം അനിവാര്യമാണ്. അവര്‍ക്ക് ശരിയായ സ്‌കൂളുകളും ഗുരുകുലങ്ങളും ആശുപത്രികളും നല്കിയാല്‍ മതംമാറ്റ ശക്തികളെ അകറ്റാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിലും പള്ളികളിലും ആചാരപരമായ ചടങ്ങുകള്‍ക്ക് ശേഷം വന്ദേമാതരം ആലപിക്കണമെന്ന് ആചാര്യ ധീരേന്ദ്ര കൃഷ്ണശാസ്ത്രി പറഞ്ഞു. ദേശത്തോട് പ്രതിബദ്ധതയുള്ളവരെ തിരിച്ചറിയാന്‍ ഇതുപകരിക്കും. ദേശവിരുദ്ധ ശക്തികള്‍ പല വേഷത്തില്‍ രംഗത്തുവരുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



By admin