സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ പാസാക്കും. ഈ മാസം 13ന് ബില്‍ സഭയില്‍ കൊണ്ടുവരാനാണ് ധാരണ. അതേസമയം ഇന്നത്തെ മന്ത്രിസഭാ യോഗത്തിലും സി.പി.ഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയിച്ചിരുന്നു.
സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കുമ്പോള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകളുടെ അവസ്ഥയെ കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് സിപിഐ ചോദിച്ചു.
സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് മെഡിക്കല്‍- എഞ്ചിനീയറിങ്ങ് കോഴ്സുകളടക്കം നടത്താന്‍ അനുമതി നല്‍കുന്ന കരട് ബില്ലാണ് തയ്യാറാക്കിയിരിക്കുന്നത്. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് വേണ്ടി കഴിഞ്ഞ ക്യാബിനറ്റില്‍ തന്നെ ചര്‍ച്ചയ്ക്ക് വന്നിരുന്നെങ്കിലും സിപിഐ മന്ത്രിമാര്‍ എതിര്‍പ്പറിയിരിച്ചിരുന്നു. തുടര്‍ന്ന് ബില്‍ മാറ്റി വയ്ക്കുകയായിരുന്നു.
മള്‍ട്ടി ഡിസിപ്ലീനറി കോഴ്സുകള്‍ ഉള്ള സ്വകാര്യ സര്‍വ്വകലാശാലകളില്‍ ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണം ഉണ്ടാകില്ല എന്നതാണ് ബില്ലിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. അധ്യാപക നിയമനത്തിലും സര്‍ക്കാരിന് ഇടപെടാന്‍ ആകില്ല. അതേസമയം സര്‍വകലാശാലയുടെ ഭരണപരമോ സാമ്പത്തികപരമോ ആയ വിവരങ്ങളും റെക്കോര്‍ഡുകളും വിളിച്ചുവരുത്താന്‍ സര്‍ക്കാറിന് അധികാരമുണ്ടായിരിക്കും.
എന്നാല്‍ സര്‍വകലാശാല തുടങ്ങുന്നതിന് നിശ്ചയിച്ച വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ അനുമതി പത്രം സര്‍ക്കാറിന് പിന്‍വലിക്കാം. ഓരോ കോഴ്സിനും ചുരുങ്ങിയത് 15 ശതമാനം സീറ്റ് എസ്സി വിഭാഗത്തിനും അഞ്ച് ശതമാനം എസ്ടി വിഭാഗത്തിനും സംവരണം ചെയ്യണം എന്ന നിര്‍ദ്ദേശത്തോടെയാണ് ബില്ലിന് മന്ത്രിസഭ അനുമതി നല്‍കിയത്.
ആക്ടിന് വിരുദ്ധമായി സര്‍വകലാശാല പ്രവര്‍ത്തിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാതിരിക്കുന്നതിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാം. വ്യസ്ഥകളുടെ ലംഘനമുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാം. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥനെയോ പ്രത്യേക അധികാര കേന്ദ്രത്തെയോ സര്‍ക്കാറിന് നിയമിക്കാം.