• Fri. Dec 19th, 2025

24×7 Live News

Apdin News

ആദ്യമായി വയലാര്‍ ട്യൂണിനൊപ്പിച്ച് വരികളെഴുതി….സലില്‍ദായ്‌ക്ക് മുന്നില്‍ വയലാര്‍ വഴങ്ങി; ‘നുള്ളിത്തരുമോ’ രാമു കാര്യാട്ടിന് നിര്‍ബന്ധം

Byadmin

Dec 19, 2025



തിരുവനന്തപുരം: വരികള്‍ ആദ്യം എഴുതുക, പിന്നീട് അതിനൊപ്പിച്ച് ട്യൂണിടുക- ഇതായിരുന്നു മലയാളത്തിലെ പതിവ്. പ്രത്യേകിച്ചും വലിയ കവികളായ വയലാറും പി. ഭാസ്കരനും. സിനിമയിലെ സിറ്റുവേഷന് അനുസരിച്ച് ആദ്യം പാട്ടെഴുതും, പിന്നീട് സംഗീതസംവിധായകന്‍ ട്യൂണിടും. ഇതായിരുന്നു പതിവ്. എന്നാല്‍ വയലാറിന് ആദ്യമായി ഈ പതിവ് തെറ്റിക്കേണ്ടി വന്നു. രാമു കാര്യാട്ടിന്‍റ ചെമ്മീന്‍ എന്ന സിനിമയിലാണ് ട്യൂണിനൊപ്പിച്ച് വയലാറിന് വരികള്‍ എഴുതേണ്ടിവന്നത്. രാമുകാര്യാട്ടിന്റെ ചെമ്മീന്‍ എന്ന സിനിമയ്‌ക്ക് പാട്ട് ചെയ്യാന്‍ വന്നത് ബംഗാളില്‍ നിന്നുള്ള ആളായിരുന്നു. അതാണ് സലില്‍ ദാ എന്ന സ്നേഹപൂര‍്വ്വം വിളിക്കപ്പെടുന്ന സലില്‍ ചൗധരി. ബോളിവുഡ് കീഴടക്കിക്കഴിഞ്ഞ ഈ മഹാപ്രതിഭയുടെ പാട്ടിനോടും ട്യൂണിനോടും ഉള്ള അഭിനിവേശം കണ്ടാണ് വയലാര്‍ കീഴടങ്ങിയത്.

ബോളിവുഡില്‍ ബിമല്‍ റോയി സംവിധാനം ചെയ്ത മധുമതി(1958) എന്ന സിനിമയിലെ ബ്ലോക്ക്ബസ്റ്റര്‍ സംഗീതത്തിലൂടെ ഇന്ത്യയുടെ മനസ്സ് കീഴടക്കിയ സലില്‍ ചൗധരി ആ സിനിമകഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍കൂടി കഴിഞ്ഞാണ് ചെമ്മീന്‍ എന്ന സിനിമയില്‍ സംഗീത സംവിധാനയകനായി എത്തുന്നത്. സലില്‍ ചൗധരിയുടെ അസിസ്റ്റന്‍റായി പ്രവര്‍ത്തിച്ച ശ്യാം(സംഗീതസംവിധായകന്‍ ശ്യാം) ആണ് ഇതിന് വലയാറിന് ധൈര്യം പകര്‍ന്നത്. ഹിന്ദിയില്‍ എല്ലാം ആദ്യം ട്യൂണ്‍, പിന്നെ അതിനൊപ്പിച്ച് വരികള്‍ എഴുതക എന്ന ശൈലി സാധാരണമാണ്. അങ്ങിനെ ആദ്യമായി ട്യൂണിനൊപ്പിച്ച് വരികള്‍ എഴുതാന്‍ തയ്യാറായി. അതില്‍ പിറന്നതോ കാലത്തെ അതിവര്‍ത്തിക്കുന്ന വരികളും.

അടൂര്‍ഭാസിയുടെ സഹോദരന്‍ ചന്ദ്രാജി ആയിരുന്നു ചെമ്മീന്‍ എന്ന സിനിമയ്‌ക്ക് സംഗീതം ചെയ്യാന്‍ സലില്‍ ചൗധരി എന്ന ബംഗാളി സംഗീതസംവിധായകന്റെ പേര് രാമു കാര്യാട്ടിനോട് നിര്‍ദേശിച്ചത്. കടലിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഒരു സിനിമയില്‍ സലില്‍ ചൗധരി നല്‍കിയ സംഗീതം ചന്ദ്രാജിയെ ആകര്‍ഷിച്ചിരുന്നു. ചെമ്മീന്‍ കടലിന്റെ സിനിമയാണല്ലോ. അങ്ങിനെ സലില്‍ ദാ ചെമ്മീനിന്റെ സംഗീതം നിര്‍വ്വഹിക്കാന്‍ എത്തി. ചെന്നൈയിലെ ചെറ്റ് പേട്ടിലെ കണ്‍മണി ഫിലിംസിന്റെ ഓഫീസില്‍ വെച്ചാണ് സലില്‍ ദാ വയലാറിനെ ട്യൂണ്‍ കേള്‍പ്പിച്ചത്. ഹാര്‍മോണിയത്തില്‍ ട്യൂണ്‍ വായിച്ചുകേള്‍പ്പിക്കുകയായിരുന്നു. ട്യൂണില്‍ ഒളിഞ്ഞുകിടക്കുന്ന ആഴത്തിലുള്ള മെലഡിയും പ്രണയവും വയലാര്‍ മനസ്സില്‍ ആവാഹിച്ചു. ഏറെ നീണ്ട ധ്യാനത്തിന് ശേഷം വയലാര്‍ വരികള്‍ കുറിച്ചു. “മാനസമൈനേ വരൂ…മധുരം നുള്ളിത്തരൂ….നിന്നരുമപ്പൂവാടിയില്‍ നീ തേടുവതാരേ ആരേ….”

ഈ ഗാനം ആലപിക്കാന്‍ ബംഗാളില്‍ നിന്നുള്ള പ്രിയസുഹൃത്ത് മന്നാഡേയെ ആണ് സലില്‍ ചൗധരി കൊണ്ടുന്നവത്. ഭാര്യ മലയാളി ആണെങ്കിലും ബംഗാളിയായ മന്നാഡെയ്‌ക്ക് മലയാളം വശമില്ല. മാനസമൈനേ എന്ന ഗാനം റിഹേഴ്സല്‍ ചെയ്തപ്പോഴാണ് തന്റെ മലയാളം ഉച്ചാരണം പോരെന്ന് മന്നാഡെയ്‌ക്ക് മനസ്സിലായത്. ആദ്യറിഹേഴ്സലിന് ശേഷം വീട്ടിലെത്തി മലയാളിയായ ഭാര്യ സുലുവിനെ മന്നാഡെ ആ പാട്ട് കേള്‍പ്പിച്ചു. സുലുവും മക്കളും മന്നാഡെയുടെ ‘മാനസമൈനേ’ കേട്ട് ഏറെ നേരം പൊട്ടിച്ചിരിച്ചു. അത്രയ്‌ക്ക് മലയാളിത്തമില്ലാത്തതായിരുന്നു മന്നാഡെയുടെ ഉച്ചാരണം. ഇതോടെ ഭാര്യ സുലു മന്നാഡെയെ മലയാളം ഉച്ചാരണം പഠിപ്പിക്കാന്‍ കച്ച കെട്ടി ഇറങ്ങി. അതിനിടയ്‌ക്ക് “മധുരം നുള്ളിത്തരൂ” എന്ന വരി എത്ര പാടിയിട്ടും മന്നാഡെയുടെ നാവിന് വഴങ്ങുന്നില്ലായിരുന്നു. ഈ വരി മാറ്റിയെഴുതണം എന്ന് മന്നാഡേ ആവശ്യപ്പെട്ടു. പക്ഷെ രാമുകാര്യാട്ടിന് ആ രണ്ട് വാക്കുകള്‍ അത്രമേല്‍ ഇഷ്ടമായതിനാല്‍ മാറ്റാന്‍ കഴിയില്ലെന്ന് വാശിപിടിച്ചു. പകരം മന്നാഡെയുടെ ഉച്ചാരണം മെച്ചപ്പെടുത്താന്‍ എല്ലാവരും പരിശ്രമിച്ചു.

പാട്ടിലെ അനുപല്ലവിയിലാണ് വയലാറിന്റെ അനശ്വരമായ വരികള്‍ വാര്‍ന്നുവീണത്. “കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ, അടങ്ങുകില്ലാ…”. ഈ വയലാര്‍ ഗാനത്തെക്കുറിച്ച് എസ്. ശാരദക്കുട്ടി ഇങ്ങിനെ കുറിക്കുന്നു:”പ്രണയ സാധ്യതകൾ തീരെയില്ലാതിരുന്ന എന്റെ കൗമാരകാലത്ത്, ഭ്രാന്തുപിടിപ്പിക്കുന്ന പ്രണയ ലഹരി നിറച്ച ചഷകങ്ങളായാണ് ഞാൻ വയലാർഗാനങ്ങളെ അനുഭവിച്ചത്. ഓർമ്മയിലെ ആദ്യത്തെ വയലാർ ഗാനം മാനസ മൈനേ വരൂ തന്നെയായിരുന്നു. “കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ അടങ്ങുകില്ല ” പ്രണയമെന്ന വികാരത്തിലടങ്ങിയ ചിരകാല സത്യം ഓതിത്തന്ന ആദ്യ ഗാനമതായിരുന്നു”. 1966 ആഗസ്ത് 19നാണ് ചെമ്മീന്‍ ഇറങ്ങിയത്. 59 വര്‍ഷത്തിന് ശേഷവും ഈ വരികള്‍ ഇന്നും മലയാളിയെ കീഴടക്കുന്നു. ബാഗേശ്രീ എന്ന ഹിന്ദുസ്ഥാനിരാഗത്തിലാണ് ഈ ഗാനം സലില്‍ ചൗധരി ചിട്ടപ്പെടുത്തിയത്. വിരഹം, പ്രണയം എന്നീ വികാരങ്ങളുടെ ആഴക്കയങ്ങളിലേക്ക് ഊളിയിട്ടുപോകുന്ന രാഗമാണ് ബാഗേശ്രീ. അക്കാലത്തെ പ്രമുഖ സ്റ്റുഡിയോ ആയ സിനിലാബില്‍ വെച്ച് മാനസമൈനേ റെക്കോഡ് ചെയ്യപ്പെട്ടത്.

പിന്നീട് ആ ഗാനത്തെക്കുറിച്ച് മന്നാഡെ തന്റെ ആത്മകഥയായ മെമ്മറീസ് കം എലൈവ് (Memories come alive) എന്ന പുസ്തകത്തില്‍ പറഞ്ഞത് ഇതാണ്:” ലോകത്തിന്റെ ഏത് കോണിലും ഈ ഗാനത്തിന് ആരാധകരുണ്ട്. മാനസമൈനേ എന്ന പാട്ട് പാടാതെ എന്റെ ഗാനമേളകള്‍ പൂര്‍ത്തിയാവാറില്ല. പാട്ടിന്റെ തുടക്കത്തിലെ ഹമ്മിങ്ങ് കേള്‍ക്കുമ്പോഴേ സദസ്സിന്റെ ഏതെങ്കിലും ഒരു കോണില്‍ നിന്നും കയ്യടി ഉയരും. മലയാളികള്‍ അല്ലാത്തവരും ആ കൂട്ടത്തില്‍ ഉണ്ടാകും. ഭാഷയുടെ അതിര്‍വരമ്പുകളെ ഭേദിക്കുന്ന എന്തോ ഒന്ന് ആ പാട്ടിന്റെ ട്യൂണില്‍ ഉണ്ട്. “.

വരികളിലും ട്യൂണിലും ഉറങ്ങിക്കിടക്കുന്ന ആഴത്തിലുള്ള ശോകവും അതില്‍ അലയടിക്കുന്ന ഏകാന്തതയും ആവാഹിച്ചുകൊണ്ടാണ് താന്‍ ആ പാട്ട് പാടിയതെന്ന് മന്നാഡേ പറഞ്ഞിട്ടുണ്ട്. മന്നാഡേയുടെ ശബ്ദത്തിനൊപ്പം ഫ്ലൂട്ട്, ഒബോ എന്നീ ഉപകരണങ്ങളുടെ അകമ്പടിയും കൂടിയാകുമ്പോഴാണ് ഗാനം വല്ലാത്ത അനുഭൂതിയായി മാറുന്നത്. ഇവിടെയാണ് സലില്‍ ചൗധരി എന്ന സംഗീതസംവിധായകന്റെ മാജിക്.

മന്നാഡെയ്‌ക്ക് വേണ്ടി സലില്‍ ദാ കരുതിവെച്ച മാനസമൈനേ… അങ്ങിനെ മലയാളി എക്കാലത്തും ഓര്‍മ്മിക്കുന്ന മെലഡിയായി മാറി. കടലിനെ ആവാഹിച്ച ഗാനമായിരുന്നു അത്. ഈ ഗാനം ഓര്‍മ്മിക്കപ്പെടുന്ന ഈ സന്ദര്‍ഭത്തിന് രണ്ട് പ്രത്യേകതകളുണ്ട്. ഒന്ന് വയലാറിന്റെ 50ാം ചമരവാര്‍ഷികമാണ് ഈ വര്‍ഷം. 1975 ഒക്ടോബര്‍ 27നാണ് വയലാര്‍ വിടപറയുന്നത്. മാനസമൈനേ വരൂ സംഗീത സംവിധായകന്‍ സലില്‍ ചൗധരിയ്‌ക്ക് ഇത് നൂറാം ജന്മവാര്‍ഷികമാണ്. 1925 നവമ്പര്‍ 19നാണ് സലില്‍ ചൗധരി ജനിച്ചത്.

 

By admin