
ടെഹ്‌റാൻ: യുഎസ് ഇസ്രയേൽ ആക്രമണത്തിന് കനത്ത തിരിച്ചടി നൽകാനൊരുങ്ങി ഇറാൻ. കഠിനമായ മറുപടിയായിരിക്കും അതെന്ന് ഇറാനിയൻ അധികൃതർ വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. ഇതിന്റെ അവസാനം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കില്ലെന്ന് ഇറാനിയൻ പാർലമെന്റിലെ ദേശീയ സുരക്ഷാ കമ്മിറ്റിയുടെ തലവൻ ഇബ്രാഹിം അസീസി എക്‌സിലൂടെ അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെയാണ് ഇറാന്റെ ആക്രമണം ഉണ്ടായത്. ഇറാനും ഇസ്രയേലും തമ്മിൽ ആക്രമണ പ്രത്യാക്രമണം നടത്തുന്നതിനിടെ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി എവിടെ ആണെന്നാണ് എല്ലാവരും തിരയുന്നത്. ഇറാന്റെ തലസ്ഥാനനഗരമായ ടെഹ്റാനിലുള്ള ഖമനേയിയുടെ ഓഫീസുകൾക്ക് സമീപമാണ് ആദ്യത്തെ ആക്രമണങ്ങളിൽ നാശനഷ്ടം സംഭവിച്ചത്. ഇറാനെതിരെ ഇസ്രയേലും യുഎസും ശനിയാഴ്ച ആക്രമണം ആരംഭിച്ചതിന് ശേഷം ആയത്തുള്ള അലി ഖമനേയി എവിടെ ആണെന്നത് സംബന്ധിച്ച് ഒരു വിവരവും പുറത്ത് വന്നിട്ടില്ല.ആക്രമണ സമയത്ത് ഖമനേയി ടെഹ്റാനിൽ ഉണ്ടായിരുന്നില്ലെന്നും സുരക്ഷിതമായ ഒരിടത്തേക്ക് ഖമനേയിയെ മാറ്റിയിരുന്നു എന്നുമാണ് അന്താരാഷ്‌ട്ര മാധ്യമമായ റോയിട്ടേസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം ഖമനേയിയെ എവിടേക്കാണ് മാറ്റിയത് എന്നതിനെക്കുറിച്ചോ എപ്പോഴാണ് മാറ്റിയത് എന്നതിനെക്കുറിച്ചോ വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല. അതേസമയം ഇസ്രയേലിനെതിരെയും അറബ് രാജ്യങ്ങളിലുള്ള അമേരിക്കയുടെ സൈനിക കേന്ദ്രങ്ങൾക്കെതിരെയുമുള്ള ഇറാന്റെ തിരിച്ചടി തുടരുകയാണ്. ഇസ്രയേലിനു നേരെ ഇറാൻ മിസൈലുകൾ വിക്ഷേപിച്ചുവെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെയും ഇറാന്റെ പ്രത്യാക്രമണം ഉണ്ടായി.‘ഞങ്ങൾ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു! ഇപ്പോൾ നിങ്ങൾ ഒരു പാതയിലൂടെ സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു, അതിന്റെ അവസാനം ഇനി നിങ്ങളുടെ നിയന്ത്രണത്തിലല്ല’ ഇബ്രാഹിം അസീസി കുറിച്ചു.
അതേസമയം ഇറാനിയൻ സർക്കാർ ആക്രമണത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ആക്രമണത്തിൽ ഉന്നത ഉദ്യോഗസ്ഥരോ നേതാക്കളോ കൊല്ലപ്പെട്ടതായി സ്ഥിരീകരണമില്ല. ഇറാന്റെ ഇന്റലിജൻസ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ഇറാൻ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഓഫീസ്,പാർച്ചിൻ സൈനിക സമുച്ചയം എന്നിവ ലക്ഷ്യമിട്ടാണ് യുഎസ്-ഇസ്രയേൽ ആക്രമണം നടന്നത്.