ഉന: ആദ്യത്തെ ബഹിരാകാശയാത്രികന്‍ ആര് എന്ന ചോദ്യം കുട്ടികളോട് ചോദിച്ചത് ബിജെപി എംപി അനുരാഗ് താക്കൂര്‍. അത് ഹിന്ദു ദൈവമായ ഹനുമാന്‍ ആണ് എന്ന് കൂടി ധാരണ ഭാരതത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകണമെന്ന് അനുരാഗ് താക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ ഇന്ത്യയെ കോളനിയാക്കിയ ബ്രിട്ടീഷുകാര്‍ തയ്യാറാക്കിയ സിലബസ് മാത്രമാണ് പഠിക്കുന്നത്. പക്ഷെ അവര്‍ ഭാരതത്തിന്റെ മഹത്തരമായ പുരാണങ്ങളും പഠിക്കണമെന്ന് അനുരാഗ് താക്കൂര്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു.
ആദ്യ ബഹിരാകാശ യാത്രികന്‍ ഹനുമാന്‍ ആണെന്ന് ബിജെപി എംപി പറഞ്ഞപ്പോള്‍ കുട്ടികള്‍ ചിരിച്ചു. പക്ഷെ അദ്ദേഹം താന്‍ പറഞ്ഞ ഉത്തരത്തിന് പിന്നിലെ കാര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ കുട്ടികള്‍ക്കും മന്ത്രി പറഞ്ഞ ഉത്തരത്തിന് പിന്നിലെ സദുദ്ദേശ്യം പിടികിട്ടി. രാമായണത്തിലെ കഥാപാത്രമായ വായുപുത്രനായ ഹനുമാന്‍ ആകാശത്ത് പറക്കാന്‍ കഴിവുള്ളയാളാണ്.
കുട്ടികളുടെ സയന്‍റിഫിക് ടെംപര്‍ കുറയ്‌ക്കാനല്ല, പകരം കുട്ടികള്‍ക്ക് മഹത്തായ ഭാരതീയ പൈതൃകത്തെക്കുറിച്ച് ധാരണയുണ്ടാകണമെന്ന് കൂടിയാണ് അനുരാഗ് താക്കൂര്‍ ഉദ്ദേശിച്ചത്. അവര്‍ മഹാഭാരതവും രാമായണവും വായിക്കണമെന്നും ഭാരതീയ പൈതൃകമെന്തെന്ന് അറിഞ്ഞിരിക്കണമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞു. അല്ലാതെ ആദ്യമായി 1961ല്‍ ബഹിരാകാശത്തേക്ക് പറന്ന റഷ്യന്‍ ബഹിരാകാശ യാത്രികന്‍ യൂറി ഗഗാറിനെയോ ആദ്യമായി 1969ല്‍ ചന്ദ്രനില്‍ കാല്‍ കുത്തിയ യുഎസിന്റെ ബഹിരാകാശ യാത്രികന്‍ നീല്‍ ആംസ്ട്രോങ്ങിനെയോ മറന്നിട്ടല്ല അനുരാഗ് താക്കൂര്‍ ഇത് പറഞ്ഞത്.
ഹിമാചല്‍ പ്രദേശിലെ ഉനയിലെ ഒരു നവോദയ വിദ്യാലയത്തില്‍ നാഷണല്‍ സ്പേസ് ഡേയുമായി ബന്ധപ്പെട്ടുള്ള പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനുരാഗ് താക്കൂര്‍.