• Thu. Apr 16th, 2026

24×7 Live News

Apdin News

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

Byadmin

Apr 16, 2026


ഇസ്ലാമാബാദ്: പാകിസ്ഥാൻ മധ്യസ്ഥം വഹിച്ച് ഇസ്ലാമാബാദിൽ നടത്തിയ ആദ്യ യുഎസ്–ഇറാൻ ചർച്ചക്ക് വേദിയായ ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ ബിൽ പാക് സർക്കാർ അടച്ചില്ലെന്ന് റിപ്പോർട്ട്. ഇതേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ പരിഹാസമാണ് പാകിസ്ഥാന്‍ നേതാക്കള്‍ക്കെതിരെ ഉയരുന്നത്.

ഇസ്‍ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീനയിൽ വച്ചായിരുന്നു യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തിലുള്ള ആദ്യ സമാധാന ചര്‍ച്ച. ആ ചര്‍ച്ച പരാജയപ്പെട്ടു. ഇനി രണ്ട് ദിവസത്തിനുള്ളില്‍ മറ്റൊരു സമാധാനചര്‍ച്ച കൂടി പാകിസ്ഥാനില്‍ നടക്കുമെന്ന് പറയുന്നു. ഇതിന്റെ ബില്ല് ആരടയ്‌ക്കും എന്ന ചോദ്യവും സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്. ഐഎംഎപ് അടച്ചോളും എന്ന രീതിയിലാണ് ഇതിനുത്തരമായി വരുന്ന പരിഹാസം. കാരണം അമേരിക്കയുടെ കയ്യിലെ കളിപ്പാവയായി പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനെ പുതിയൊരു കടത്തിലൂടെ അന്താരാഷ്‌ട്ര നാണയനിധിയായ ഐഎംഎഫ് രക്ഷിച്ചോളും എന്നാണ് ആ പരിഹാസത്തിന്റെ അര്‍ത്ഥം. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് അമേരിക്കയ്‌ക്ക് നിയന്ത്രണമുള്ള ലോകബാങ്ക് വന്‍തുക പാകിസ്ഥാന് കടമായി നല്‍കിയത്. തീവ്രവാദത്തെ പോറ്റിവളര്‍ത്തുന്ന ഈ രാജ്യത്തിന് കയ്യയച്ച് വിദേശസംഭാവനകള്‍ നല‍്കുന്നതിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുവെങ്കിലും സ്വാര്‍ത്ഥ താല‍്പര്യങ്ങള്‍ക്ക് പാകിസ്ഥാനെ ഉപയോഗിക്കാന്‍ കഴിയുന്നതിനാല‍ാണ് അമേരിക്ക പാകിസ്ഥാനെ കൊണ്ടുനടക്കുന്നത്.

ഇറാന്‍ നേതാക്കളും അമേരിക്കയുടെ നേതാക്കലും പങ്കെടുത്ത ആദ്യ സമാധാനച്ചര്‍ച്ചയുടെ ബിൽ അടയ്‌ക്കാൻ വൈകിയതോടെ ഹോട്ടൽ ഉടമ ഇടപെടുകയും ബില്ലടയ്‌ക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്ത വാര്‍ത്തയും പുറത്തുവന്നിരുന്നു. അതേസമയം. ചർച്ചയ്‌ക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പാകിസ്ഥാന് വീഴ്ചയുണ്ടായെന്നും രാജ്യത്തിന്റെ പരാജയമാണെന്നും നാണക്കേടായെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി.

തലസ്ഥാന നഗരത്തിലെ ഖയാബാൻ-ഇ-സുഹാർവാർഡിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്ത ഹോട്ടലാണ് സെറീന ഹോട്ടൽ. മാർഗല്ല കുന്നുകളിലെ 15 ഏക്കർ വിസ്തൃതിയുള്ള ഹോട്ടലിൽ സ്റ്റാൻഡേർഡ് മുറികൾക്ക് ഒരു രാത്രിക്ക് 160 ഡോളറും പ്രസിഡൻഷ്യൽ സ്യൂട്ടിന് 2,375 ഡോളറുമാണ് വാടക. 21 മണിക്കൂർ നീണ്ടുനിന്ന നയതന്ത്ര ചർച്ചകൾക്ക് വേദിയായി സർക്കാർ സെറീന ഹോട്ടൽ തെരഞ്ഞെടുത്തു. സെറീന ഹോട്ടൽസ് ശൃംഖലയുടെ കീഴിലാണ് ഇത് പ്രവർത്തിക്കുന്നത്. ആഗാ ഖാൻ ഫണ്ട് ഫോർ ഇക്കണോമിക് ഡെവലപ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ളതുമാണ് ഹോട്ടൽ. ചർച്ചകൾക്ക് മുമ്പ്, എല്ലാ അതിഥികളോടും ഹോട്ടൽ ഒഴിയാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എല്ലാ മുറികളുടെയും വാടക സർക്കാർ ഏറ്റെടുത്തു. ഈ ആഴ്ച അവസാനത്തോടെ ഇരുപക്ഷവും ഇസ്ലാമാബാദിൽ രണ്ടാം ഘട്ട ചർച്ചകൾക്കായി വീണ്ടും കൂടിക്കാഴ്ച നടത്തിയേക്കാമെന്ന് ബുധനാഴ്ച ട്രംപ് പ്രഖ്യാപിച്ചതോടെ ഈ കനത്ത വാടക കൂടി തലയിലാകുമോ എന്നോര്‍ത്ത് പേടിച്ചിരിക്കുകയാണ് പാക് നേതാക്കള്‍.

മാത്രമല്ല, ചര്‍ച്ചകളില്‍ പാകിസ്ഥാന് വലിയ റോളില്ലെങ്കിലും ആര് പാകിസ്ഥാനെ പ്രതിനിധീകരിച്ച് പങ്കെടുക്കണം എന്നതിലും പാകിസ്ഥാനില്‍ പട്ടാള മേധാവി അസിം മുനീറും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും തമ്മില്‍ ഭിന്നതയുണ്ട്. പക്ഷെ മറ്റ് നേതാക്കള്‍ അസിം മുനീറിനെയാണ് പിന്താങ്ങുന്നത്. കാരണം ട്രംപിന്റെ പിണിയാള്‍ അസിം മുനീറാണ് എന്നതിനാലാണ് ഷെഹ്ബാസ് ഷെരീഫ് ഒറ്റപ്പെടുന്നത്.

ഏപ്രിൽ 10-12 തീയതികളിലായായിരുന്നു ഇറാൻ–യുഎസ് ചർച്ച പാകിസ്ഥാനിൽ നടന്നത്. അതീവ സുരക്ഷയിൽ നടന്ന ചർച്ച പക്ഷേ സമവായത്തിൽ എത്തിയിരുന്നില്ല. ഇറാൻ–യുഎസ് വെടിനിര്‍ത്തൽ കരാർ ഏപ്രിൽ 21 ന് അവസാനിക്കാനിരിക്കെയാണ് അതിന് മുന്നോടിയായി വീണ്ടും ചർച്ച നടത്തുന്നത്.



By admin