ആധാര്‍ ഇല്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യൂണിഫോമും പാഠപുസ്തകവുമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളില്‍ ആറാം പ്രവൃത്തി ദിവസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കാത്തവര്‍ക്ക് സൗജന്യ യൂനിഫോമും പാഠപുസ്തകങ്ങളും ലഭ്യമാകില്ലെന്ന് മന്ത്രി പറഞ്ഞു.
കുറുക്കോളി മൊയ്തീന്റെ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഈ അധ്യയന വര്‍ഷം 57,130 വിദ്യാര്‍ഥികള്‍ക്ക് ആറാം പ്രവൃത്തി ദിവസം യു.ഐ.ഡി നമ്പര്‍ ലഭിച്ചിരുന്നില്ല. പാഠപുസ്തക അച്ചടി നേരത്തെ ആരംഭിക്കുന്നതിനാല്‍ മുന്‍വര്‍ഷത്തെ യു.ഐ.ഡി അടിസ്ഥാനമാക്കിയാണ് വിതരണം നടത്തുന്നത്. പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല്‍ ആകെ കുട്ടികളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്‍ഡന്റ് അധികരിച്ച് രേഖപ്പെടുത്താന്‍ അനുവദിച്ചിട്ടുള്ളൂ.