
തിരുവനന്തപുരം: ആധുനികതയും ശാസ്ത്രീയതയും ഏറ്റവും ആദ്യം ഉള്‍ക്കൊണ്ട സമൂഹമാണ് ക്രിസ്ത്യന്‍ സമൂഹമെന്ന് ഉപരാഷ്‌ട്രപതി സി. പി. രാധാകൃഷ്ണന്‍. പാളയം എല്‍എംഎസ് ഗ്രൗണ്ടില്‍ സിഎസ്ഐ ദക്ഷിണകേരള മഹായിടവകയും ്രൈകസ്തവസഭകളുടെ കൂട്ടായ്‌മയായ ആക്ട്സും കൈസ്തവേതര ആത്മീയ സംഘടനകളും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ട്രിവാന്‍ഡ്രം ഫെസ്റ്റിലെ സ്നേഹ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതസൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരത്തിന്റെയും പേരില്‍ കേരളം പ്രശസ്തമാണെന്നും പാരമ്പര്യത്തെയും ആധുനികതയും ഒരുമിച്ചു കൊണ്ടുപോകുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഐക്യത്തോടെയുള്ള ആഘോഷങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് സാമുദായിക ഐക്യം വിളിച്ചോതുന്ന ‘ട്രിവാന്‍ഡ്രം ഫെസ്റ്റ്’ പോലുള്ള പരിപാടികള്‍.പാരമ്പര്യത്തിന്റെയും ആധുനികതയുടെയും സമ്മേളനമാണ് തലസ്ഥാനത്ത് കാണാനാകുന്നത്. ്രൈകസ്തവ മതത്തെ പിന്തുടരുന്നവരുടെ മാത്രമാഘോഷമല്ല ക്രിസ്തുമസ്. സമൂഹത്തിന്റെ നാനാ തുറകളില്‍ ഉള്ളവരെ സന്തോഷത്താല്‍ ഒന്നിപ്പിക്കുന്ന ആഘോഷമാണ് ക്രിസ്മസ്.
സംസ്‌കാരവും പുരോഗതിയും ഒന്നിച്ചാണ് നിലനില്‍ക്കേണ്ടത്. സമൂഹത്തിന്റെ നന്മയ്‌ക്ക് വേണ്ടിയായിരിക്കണം ഓരോ വിജയങ്ങളും. നാനാത്വത്തില്‍ ഏകത്വം എന്ന രാജ്യത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നതാണ് ട്രിവാന്‍ഡ്രം ഫെസ്റ്റ് പോലുള്ള ഉത്സവങ്ങളെന്ന് അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യം സുരക്ഷിതമാണ്. വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ വളര്‍ന്നുകൊണ്ടിരിക്കുന്നു. 2047 ഓടുകൂടി രാജ്യം സാമ്പത്തിക രംഗത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നാം എന്തു ചെയ്യണം എന്നതിന്റെയും എന്ത് ചെയ്യേണ്ട എന്നതിന്റെയും സന്ദേശമാണ് ക്രിസ്മസ് നല്‍കുന്നതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ പറഞ്ഞു. ക്രിസ്തുവിന്റെ സന്ദേശങ്ങള്‍ ജീവിതത്തില്‍ മാതൃകയാക്കണം. ആ സന്ദേശങ്ങള്‍ പിന്തുടര്‍ന്നാല്‍ ഒരിടത്തും സാമുദായിക സ്പര്‍ദ്ധയുണ്ടാകില്ല. കേരളത്തിന്റെ സംസ്‌കാരം എല്ലാ മതത്തേയും ഉള്‍ക്കൊള്ളുന്നതാണ്. ഇത് എല്ലാവര്‍ക്കും മാത്യകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരു നാട്ടില്‍ വികസനമെത്തണമെങ്കില്‍ ആ നാട്ടിലെ ജനതയുടെ പൂര്‍ണ പിന്തുണയും ആവശ്യമാണെന്ന് തിരുവനന്തപുരം മേയര്‍ വി. വി. രാജേഷ് പറഞ്ഞു. മേയറായ ശേഷമുള്ള ആദ്യത്തെ പൊതു പരിപാടി എന്ന നിലയില്‍ ഉപരാഷ്‌ട്രപതിയെ സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ടെന്നും മേയര്‍ പറഞ്ഞു. പുതിയ ദൗത്യത്തിന് സമൂഹത്തിലെ എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. മന്ത്രി എം. ബി. രാജേഷ്, ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, ആക്ട്സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് സെബാസ്റ്റ്യന്‍, ഡോ. ജെ. ബെനറ്റ് എബ്രഹാം തുടങ്ങിയവര്‍ സംസാരിച്ചു.