മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ അനുശോചിച്ച് പി.വി വഹാബ് എം.പി. ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. സൗമ്യമായും ശക്തമായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകപ്രശസ്തനാണ്.
രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്താണ് അദ്ദേഹം ധനകാര്യമന്ത്രിയായി ചുമതലയേറ്റത്. ആ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വലിയ വിപത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ആ അപകടത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്.
ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായി അടയാളപ്പെടുത്തി. ഇന്ത്യ ഇന്ന് കാണുന്ന മുന്നേറ്റങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്.
രാജ്യസഭാംഗമെന്ന നിലയില്‍ വ്യക്തിപരമായി പലപ്പോഴും അദ്ദേഹവുമായി കാണാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. എന്ത് ആവശ്യം ഉന്നയിച്ചാലും സമാധാനത്തോടെ കേള്‍ക്കുകയും ചെറുപുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് ഇടപെടലുകളെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. എപ്പോഴും രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്തിന് ഈ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം അനുശോചിച്ചു.