മഹാസമാധിയെ പ്രാപിച്ച, ശ്രീരാമകൃഷ്ണാശ്രമത്തിലെ മുതിര്‍ന്ന സംന്യാസിവര്യന്‍ സ്വാമി വീതസ്പൃഹാനന്ദയുടെ സമാരാധന ഇന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കും. അനുസ്മരണ സമ്മേളനം നാളെ തിരുവനന്തപുരത്ത് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തിലാണ്.
ശ്രീരാമകൃഷ്ണാദര്‍ശങ്ങളിലൂടെ ആനന്ദ സാഗരംപൂകിയ സം
ന്യാസിവര്യനാണ് സ്വാമി വീതസ്പൃഹാനന്ദ. ബാല്യകാലത്തുതന്നെ ശ്രീരാമകൃഷ്ണ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. ശ്രീരാമകൃഷ്ണമഠം മദ്രാസ് ആശ്രമത്തില്‍ നിന്നാണ് സം
ന്യാസവ്രതം ആരംഭിക്കുന്നത്. ബേലൂര്‍ മഠത്തില്‍ ബ്രഹ്‌മചര്യ പഠനം പൂര്‍ത്തിയാക്കി സംന്യാസദീക്ഷ സ്വീകരിച്ചശേഷം കേരളത്തിലെ വിവിധ ശ്രീരാമകൃഷ്ണ ആശ്രമങ്ങളില്‍ പ്രവര്‍ത്തിച്ചു. സഹോദരീ പുത്രന്മാര്‍ മൂന്നുപേരും കൂടി സംന്യാസ ദീക്ഷ സ്വീകരിച്ചതോടെ ഒരു കുടുംബം മുഴുവന്‍ ശ്രീരാമകൃഷ്ണ സംന്യാസ പരമ്പരയില്‍ അംഗങ്ങളായി. കോഴിക്കോട്, തൃശ്ശൂര്‍, നെട്ടയം തുടങ്ങിയ ആശ്രമങ്ങളുടെ ചുമതലയും വഹിച്ചു. വളരെക്കാലം കാലടി ശ്രീരാമകൃഷ്ണ ആശ്രമത്തില്‍ സേവനമനുഷ്ഠിച്ചു. നെട്ടയം ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം 2013ല്‍ അനാരോഗ്യകാരണങ്ങളാല്‍ ചുമതലയില്‍ നിന്നു മാറി തിരുവല്ല ആശ്രമത്തില്‍ വിശ്രമജീവിതം നയിച്ചു വരുമ്പോള്‍ വിജയദശമി കഴിഞ്ഞുള്ള പൂര്‍ണിമയില്‍ ഒക്ടോബര്‍ ആറിന് ആയിരുന്നു മഹാസമാധി.
സ്വാമി വീതസ്പൃഹാനന്ദ ജനിച്ചു വളര്‍ന്നത് തൃക്കാട്ടൂരില്‍ പമ്പാതീരത്തുള്ള പ്രസിദ്ധമായ നാരായണമംഗലത്ത് ഇല്ലത്താണ്. ഇല്ലത്തിനും തൃക്കാട്ടൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനും ഒരേ മുറ്റമാണ്. സ്വാമിയുടെ കൊച്ചുനാളിലാണ് അവിടെ വിഗ്രഹം കൊണ്ടുവന്ന് പ്രതിഷ്ഠ നടത്തിയത്. സ്വാമിയുടെ ഇല്ലമായ നാരായണ മംഗലത്ത് ഉള്ളവര്‍ തന്നെയാണ് പൂജകള്‍ നടത്തിവന്നത്. അത് പിന്നീട് ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇവിടെ നിന്നാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് തിരുവോണസദ്യക്കുള്ള വിഭവങ്ങള്‍ തിരുവോണത്തോണിയില്‍ കൊണ്ടുപോകുന്നത്.
തൃക്കാട്ടൂരില്‍ ഒരു നമ്പൂതിരി ഇല്ലം ഉണ്ടായിരുന്നു. പിന്തുടര്‍ച്ചക്കാര്‍ ഇല്ലാതായപ്പോള്‍ കണ്ണൂരിലെ നാരായണ മംഗലം ഇല്ലത്തിന്റെ ഒരു കുടുംബ ശാഖയെ ഇവിടെ കൊണ്ടുവന്ന് താമസിപ്പിച്ചു. അതിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രഭാകരന്‍ നമ്പ്യാതിരിയാണ് പില്‍ക്കാലത്ത് വീതസ്പൃഹാനന്ദ സ്വാമി എന്ന പേരില്‍ സംന്യസിച്ചത്.
അച്ഛന്‍ ശരീരം വിട്ടതോടെ, ഒന്‍പതാം വയസില്‍ സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിദ്യാഭ്യാസത്തിനായി അദ്ദേഹം മറ്റുപല ഇല്ലങ്ങളിലും താമസിച്ചു. പിന്നീട് മാവേലിക്കരയില്‍ ഒരു അമ്പലത്തില്‍ പൂജചെയ്ത് അവിടെ ഒരു ഇല്ലത്ത് താമസിച്ചു. അവിടെവച്ചാണ് മാവേലിക്കര പഞ്ചായത്ത് പ്രസിഡന്റും ലാന്‍ഡ് യൂസ് കമ്മിഷണറുമായിരുന്ന രാമചന്ദ്രക്കുറുപ്പ് എന്ന ശ്രീരാമകൃഷ്ണ ഭക്തനുമായി സൗഹൃദം ഉണ്ടാകുന്നത്. അത് അദ്ദേഹത്തെ ശ്രീരാമകൃഷ്ണ ആദര്‍ശങ്ങളിലേക്കു കൂടുതല്‍ അടുപ്പിച്ചു. കോഴഞ്ചേരി സെന്റ് തെരേസാസ് കോളജില്‍ പഠിക്കുമ്പോള്‍ പന്തളം എന്‍എസ്എസ് കോളജില്‍ രംഗനാഥാനന്ദ സ്വാമിയുടെ പ്രഭാഷണം കേള്‍ക്കാന്‍ അദ്ദേഹം കാട്ടൂരില്‍ നിന്ന് പന്തളത്ത് വരെ നടന്നെത്തി. ആ പ്രഭാഷണം കേട്ട അദ്ദേഹത്തിന്റെ പ്രൊഫസര്‍ പിറ്റേന്ന് രംഗനാഥാനന്ദ സ്വാമിയെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രഭാഷണത്തെക്കുറിച്ചും ക്ലാസില്‍ പറഞ്ഞപ്പോള്‍ വിട്ടുപോയ പ്രധാനഭാഗങ്ങള്‍ പ്രഭാകരന്‍ നമ്പ്യാതിരി പറഞ്ഞുകൊടുത്തു. അതുകേട്ട പ്രൊഫസര്‍ അദ്ദേഹത്തെ അഭിനന്ദിച്ചു. ആറേഴ് വര്‍ഷങ്ങള്‍ക്കുശേഷം നാടുവിട്ട പ്രഭാകരന്‍ നമ്പ്യാതിരിയെ, ആഗമാനന്ദ സ്വാമി അന്വേഷിച്ച് ബോംബെയില്‍ നിന്ന് കണ്ടെത്തി. കാലടി ആശ്രമത്തില്‍ കൊണ്ടുവന്ന പ്രഭാകരന്‍ നമ്പ്യാതിരിയോട് സംന്യസിക്കാന്‍ രാമകൃഷ്ണ മിഷന്‍ തന്നെയാണ് യോഗ്യം എന്ന് പറഞ്ഞു. അത് ശിരസാവഹിച്ച അദ്ദേഹം സ്വാമിയില്‍ നിന്ന് ശിപാര്‍ശ കത്തു വാങ്ങി മദ്രാസില്‍ ശ്രീരാമകൃഷ്ണ മഠത്തിലെത്തി.
പിന്നീട്, അസുഖ ബാധിതയായ അമ്മയെ കാണാന്‍ തിരികെ എത്തിയ അദ്ദേഹം തിരുവല്ല ആശ്രമത്തില്‍ രണ്ടുവര്‍ഷം താമസിച്ചു തിരിച്ചുപോയി. ബേലൂര്‍ മഠത്തില്‍ നിന്നു ബ്രഹ്‌മചര്യ ദീക്ഷയും നാലുവര്‍ഷം കഴിഞ്ഞ് സംന്യാസ ദീക്ഷയും കിട്ടി. സ്വാമി യതീശ്വരാനന്ദയില്‍ നിന്ന് മന്ത്രദീക്ഷയും സ്വാമി വീരേശ്വരാനന്ദയില്‍ നിന്ന് സംന്യാസവും സ്വീകരിച്ചു. ആഗമാനന്ദ സ്വാമിയുടെ സമാധിക്കുശേഷമാണ് അദ്ദേഹം മദ്രാസില്‍ നിന്ന് കാലടി രാമകൃഷ്ണാശ്രമത്തില്‍ വരുന്നത്. ഏതാണ്ട് 28 വര്‍ഷം അവിടെ സേവനം അനുഷ്ഠിച്ചു. കോഴിക്കോട് ആശ്രമത്തില്‍ 20 വര്‍ഷവും തിരുവനന്തപുരത്ത് നെട്ടയം ആശ്രമത്തില്‍ 20 വര്‍ഷവും ഉണ്ടായിരുന്നു. ഏതാനും വര്‍ഷമായി തിരുവല്ല ആശ്രമത്തില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ഈ ഒക്ടോബര്‍ 6ന് വൈകിട്ട് 5.30ന് വിജയദശമി കഴിഞ്ഞുള്ള പൂര്‍ണിമയില്‍, 94-ാം വയസിലാണ് മഹാസമാധിയെ പ്രാപിച്ചത്. അഗ്‌നി സമാധിയായ സ്വാമിയുടെ ചിതാഭസ്മം പിറ്റേന്ന് വര്‍ക്കല പാപനാശത്ത് ആനന്ദസാഗരത്തില്‍ ആറാടിച്ചു.