ആന്ധ്രാപ്രദേശിലെ കോനസീമ ജില്ലയിലെ പടക്ക യൂണിറ്റില്‍ ബുധനാഴ്ചയുണ്ടായ വന്‍ തീപിടിത്തത്തില്‍ ആറ് തൊഴിലാളികള്‍ ജീവനോടെ വെന്തുമരിക്കുകയും ചിലര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
റായവരം മണ്ഡലത്തിലെ കൊമാരിപാലം ഗ്രാമത്തിലെ ലക്ഷ്മി ഗണപതി പടക്ക യൂണിറ്റിലാണ് ഉച്ചയോടെ വന്‍ തീപിടിത്തമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
വന്‍ സ്ഫോടനത്തിന്റെ ആഘാതത്തില്‍ പടക്ക യൂണിറ്റിന്റെ ഷെഡ് തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
രാസവസ്തുക്കളുടെ സാന്നിധ്യം മൂലം തീ പെട്ടെന്ന് പടര്‍ന്നതിനാല്‍ അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ ബുദ്ധിമുട്ടിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
തീയില്‍ കുടുങ്ങി ആറ് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ അനപര്‍ത്തിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പതിനഞ്ചോളം തൊഴിലാളികളാണ് യൂണിറ്റിലുണ്ടായിരുന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ചിലര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടാകുമെന്ന് അധികൃതര്‍ സംശയിക്കുന്നു.
പോലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ഉന്നത അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്.
യൂണിറ്റിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് അധികൃതരുടെ സംശയം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.