
കാസാബ്ലാങ്ക: ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സില്‍ ടൂണീഷ്യയെ തോല്‍പ്പിച്ച് മാലി ക്വാര്‍ട്ടറിലെത്തി. 1-1 സമനിലയെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ 3-2നായിരുന്നു മാലിയുടെ വിജയം. മികച്ച കളി പുറത്തെടുത്ത ടുണീഷ്യയെ പാറപോലെ ഉറച്ച പ്രതിരോധം തീര്‍ത്താണ് മാലി മുട്ടുകുത്തിച്ചത്.
റെഗുലര്‍ ടൈം മത്സരം തീരുമ്പോള്‍ 1-0ന് മുന്നിലായിരുന്ന ടുണീഷ്യയെ സ്‌റ്റോപ്പേജ് സമയത്ത് നേടിയ ഗോളോടെ മാലി സമനിലയില്‍ തളച്ചു. അധിക സമയ മത്സരം ഗോള്‍രഹിതമായി അവസാനിച്ചു. തുടര്‍ന്നാണ് ഷൂട്ടൗട്ട് വേണ്ടിവന്നത്.
നേരത്തെ 26-ാം മിനിറ്റില്‍ പ്രതിരോധ താരം വോയോ കോലിബാലിയെ നഷ്ടപ്പെട്ടത് കാരണം മാലിക്ക് പിന്നീടുള്ള സമയത്ത് പത്ത് പേരുമായി ചുരുങ്ങേണ്ടിവന്നു. ചുവപ്പ് കാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് കോലിബാലി പുറത്തുപോയത്. പിന്നീട് മാലിക്ക് അമിത പ്രതിരോധത്തെ ആശ്രയിക്കുകയല്ലാതെ വേറെ വഴിയുണ്ടായില്ല. ആദ്യ പകുതി ഗോളില്ലാതെ തീര്‍ന്നു.
മത്സരം അവസാനത്തോടടുക്കുമ്പോഴാണ് മാലിയുടെ പ്രതിരോധ കോട്ട തകര്‍ത്ത് ടുണീഷ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ 88-ാം മിനിറ്റിലാണ് ഫിറാസ് ചൗവാട്ട് നേടിയ ഗോളില്‍ ടൂണീഷ്യ മുന്നിലായത്. പക്ഷെ മിനിറ്റുകള്‍ക്കകം മത്സരം വിന്നെയും മാറി മറഞ്ഞു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ഒന്നാമത്തെയും മൂന്നാമത്തെയും അവസരം പാഴാക്കിയ മാലി രണ്ട്, നാല്, അഞ്ച് കിക്കുകള്‍ വലയ്‌ക്കുള്ളിലാക്കി. ടൂണിഷ്യയ്‌ക്ക് ആദ്യത്തെയും മൂന്നാമത്തെയും അവസരം മാത്രമാണ് വലയിലെത്തിക്കാന്‍ സാധിച്ചത്.