• Mon. Mar 10th, 2025

24×7 Live News

Apdin News

ആഭ്യന്തര-വിദേശ ശത്രുക്കള്‍ ഒരു കുടക്കീഴില്‍

Byadmin

Mar 8, 2025



യുഎസ് ആസ്ഥാനമായുള്ള’ഫ്രീഡം ഹൗസെ’ന്ന സ്ഥാപനമാണ് ഭാരത വിരുദ്ധ ടിഎന്‍ആര്‍ -കൊലപാതക ആഖ്യാനത്തെ മുഖ്യധാരയിലെത്തിച്ചത്. 1941-ല്‍ രണ്ടാം ലോകമഹായുദ്ധ വേളയില്‍ ജര്‍മനി അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാനായാണ് ഇതിന് രൂപം നല്‍കിയത്. സ്വതന്ത്ര സ്ഥാപനമെന്ന് അവകാശപ്പെടുമ്പോഴും സംഘടനയുടെ ഫണ്ടിങ്ങിന്റെ 90 ശതമാനത്തിലധികവും ലഭിക്കുന്നത് യുഎസ് സര്‍ക്കാരില്‍ നിന്നാണ്. ഈ സ്ഥാപനം പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഭാരതത്തിന്റെ ജനാധിപത്യ റാങ്ക് നിരന്തരം തരംതാഴ്‌ത്തിയിരുന്നു. 2021ല്‍ ഭാരതത്തിന്റെ ജനാധിപത്യ റേറ്റിങ്ങിനെ ‘ഭാഗിക സ്വാതന്ത്ര്യ’ മെന്ന വിഭാഗത്തിലേക്ക് ഫ്രീഡം ഹൗസ് തരംതാഴ്‌ത്തി. പൗരത്വ സ്വാതന്ത്ര്യ സ്‌കോര്‍ 2018ല്‍ 42 ആയിരുന്നത് 2022ല്‍ 33 ആയി കുറച്ചു. രാഷ്‌ട്രീയ അവകാശ സ്‌കോര്‍ ഇക്കാലയളവില്‍ 35ല്‍ നിന്ന് 33 ആയി കുറച്ചു. അതായത് ഭാരതത്തിന്റെ ആകെ സ്‌കോര്‍ 66 ആയി കുറഞ്ഞു. 1970 കളിലെ അടിയന്തരാവസ്ഥയേക്കാള്‍ കുറവായിരുന്നു ഇത്. 2024 മെയ് വരെ ഫ്രീഡം ഹൗസ് പ്രസിഡന്റായിരുന്നത് വാഷിങ്ടണ്‍ പോസ്റ്റിലെ പത്രപ്രവര്‍ത്തകനായിരുന്ന മൈക്കല്‍ ജെ. അബ്രമോവിറ്റ്‌സായിരുന്നു. പിന്നീട് വോയ്സ് ഓഫ് അമേരിക്കയെന്ന യുഎസ് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്നൊരു മാധ്യമ സ്ഥാപനത്തില്‍ അദ്ദേഹം ചേര്‍ന്നു. ഫ്രീഡം ഹൗസിന്റെ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ യുഎസിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, ഹോംലാന്‍ഡ് സെക്യൂരിറ്റി, ഇന്റലിജന്‍സ് എന്നീ ഏജന്‍സികളില്‍ പ്രവര്‍ത്തിച്ചവരായിരുന്നു.

സിഖ് വിഘടനവാദത്തെ പിന്തുണയ്‌ക്കുന്നതും ഭാരതത്തെ വിമര്‍ശിക്കുന്നതുമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ച യുകെ ആസ്ഥാനമായുള്ള ‘സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ റെസിലിയന്‍സ്’ (സിഐആര്‍) ആയിരുന്നു മറ്റൊന്ന്. ഇവരുടെ റിപ്പോര്‍ട്ടുകള്‍ ബിബിസി നിരന്തരം വാര്‍ത്തയാക്കി. ഗുര്‍പത്വന്ത് സിങ് പന്നൂണിന്റെ നേതൃത്വത്തിലുള്ള ഖാലിസ്ഥാന്‍ വിഘടനവാദ സംഘമായ ‘സിഖ്സ് ഫോര്‍ ജസ്റ്റിസ്’ (എസ്എഫ്ജെ)യും ഹര്‍ദീപ് സിങ് നിജ്ജാറുമായി ബന്ധമുള്ള നിരോധിത ഭീകര സംഘടന ‘ഖാലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സ്’ (കെടിഎഫ്), വിവിധ തിങ്ക് ടാങ്ക് എന്‍ജിഒകളും ഇതിനൊപ്പം ചേര്‍ന്നു. ഫ്രീഡം ഹൗസിന്റെ ടിഎന്‍ആര്‍ ഗവേഷണത്തിന് ധനസഹായം നല്‍കുന്ന ‘അച്ചെലിസ് ആന്‍ഡ് ബോഡ്മാന്‍ ഫൗണ്ടേഷന്‍’, ‘ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍’, ‘ഫോര്‍ഡ് ഫൗണ്ടേഷന്‍’, ‘മക്ആര്‍തര്‍ ഫൗണ്ടേഷന്‍’ എന്നിവയും ഇതിന്റെ പ്രധാന ഭാഗമായിരുന്നു. ഇത്തരം സ്ഥാപനങ്ങള്‍ക്ക് പണമെത്തുന്നത് യുഎസ് സര്‍ക്കാരില്‍ നിന്ന് നേരിട്ടും വിവിധ ഫൗണ്ടേഷനുകളിലൂടെയുമാണ്.

ഉദാഹരണത്തിന്, 2023ല്‍, യുഎസ് ഭരണകൂടം ഫ്രീഡം ഹൗസിന് 9 കോടി യുഎസ് ഡോളര്‍ നല്‍കി. യുഎസിലെ ട്രാന്‍സ്‌നാഷണല്‍ റിപ്രഷന്‍ നിര്‍ത്തുകയെന്ന തലക്കെട്ടിലുള്ള പ്രൊജക്റ്റിനായിരുന്നു അച്ചെലിസ് ആന്‍ഡ് ബോഡ്മാന്‍ ഫൗണ്ടേഷന്‍ 50,000 യുഎസ് ഡോളര്‍ ഫ്രീഡം ഹൗസിന് നല്‍കിയത്.

മോദിയെ പുറത്താക്കാന്‍ ഇസ്ലാമിക ശക്തികള്‍

യുഎസ് ആസ്ഥാനമാക്കി യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍ (ഐഎഎംസി), ജോര്‍ജ് സോറോസിന്റെ ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (എച്ച്എഫ്എച്ച്ആര്‍), സിഖ് കൊയിലീഷന്‍ തുടങ്ങിയ സംഘടനകളും ഈ നീക്കത്തിനു പിന്തുണ നല്‍കി. ഇക്കൂട്ടര്‍ കാനഡയില്‍ ഭാരത നയതന്ത്ര പ്രതിനിധികള്‍ക്കെതിരെ പ്രതിഷേധം നടത്തി, ഭാരത-കനേഡിയന്‍ സര്‍ക്കാര്‍ സംയുക്ത പരിപാടികള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ബ്രിട്ടണില്‍ ഖാലിസ്ഥാനി അനുകൂല റാലികളും ലണ്ടണിലെ ഭാരത ഹൈക്കമ്മീഷന് പുറത്ത് അതിക്രമങ്ങളും നടത്തി. ഓസ്ട്രേലിയയില്‍ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളും, ഭാരത കോണ്‍സുലേറ്റുകള്‍ക്ക് നേരെയുള്ള പ്രതിഷേധങ്ങള്‍, ഭാരത വിരുദ്ധ ഭീകരതയെ മഹത്വവത്കരിക്കല്‍ തുടങ്ങിയവയ്‌ക്ക് നേതൃത്വം നല്‍കി.

ഭാരതത്തെ അടിച്ചമര്‍ത്തല്‍ രാഷ്‌ട്രമായി ചിത്രീകരിക്കാന്‍ ഈ ഗ്രൂപ്പുകള്‍ വിവിധ പ്രസിദ്ധീകരണങ്ങളിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കുകയും, റിപ്പോര്‍ട്ടുകളും ടൂള്‍ കിറ്റുകളും പുറത്തിറക്കുകയും ചെയ്തു. ഐഎഎംസി ‘ഇന്ത്യന്‍ മുസ്ലീം കൗണ്‍സില്‍ യുകെ-ഐഎംസി’ എന്ന പേരിലും കാനഡയില്‍ ‘ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മുസ്ലീംസ് – ഐസിഐഎം’ എന്നീ പേരുകളില്‍ പ്രവര്‍ത്തിക്കുന്നു.

യുകെ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ എച്ച്എഫ്എച്ച്ആറിന് ശാഖകളുണ്ട്. ഇതിന്റെ സ്ഥാപക സുനിത വിശ്വനാഥുമായി 2024 ലെ യുഎസ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി കൂടി കാഴ്ച നടത്തി. 2023 മുതല്‍ അദ്ദേഹത്തിന്റെ യൂറോപ്യന്‍ -യുഎസ് സന്ദര്‍ശങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചത് ഐഎഎംസി അടക്കമുള്ള പാക് -ജമാ അത്ത്, മുസ്ലിം ബ്രദര്‍ഹുഡുമായി ബന്ധപ്പെട്ട സംഘടനകളായിരുന്നു. 2023 മെയില്‍ മണിപ്പൂര്‍ സംഘര്‍ഷത്തിന് തൊട്ടുപിന്നാലെ കൂടുതല്‍ ഇടങ്ങളിലേക്ക് അത് വ്യാപിപ്പിക്കാന്‍ ‘നോര്‍ത്ത് അമേരിക്ക മണിപ്പൂര്‍ ട്രൈബല്‍ അസോസിയേഷന്‍ ‘ എന്നൊരു സംഘടനയ്‌ക്ക് ആദ്യം യഎസിലും പിന്നീട് കാനഡയിലും ഇക്കൂട്ടര്‍ രൂപം നല്‍കിയിരുന്നു. ചുരുക്കത്തില്‍ മോദി സര്‍ക്കാരിന്റെ പ്രതിച്ഛായ ഇല്ലാതെയാക്കാന്‍ ഇക്കൂട്ടര്‍ പരമാവധി ശ്രമിച്ചു.

മുട്ടുമടക്കിയ പാശ്ചാത്യ ശക്തികള്‍

എന്നാല്‍ ഭാരത നയതന്ത്രത്തില്‍ യുഎസ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് പിന്മാറേണ്ടി വന്നു. ആരോപണങ്ങളെ ശക്തമായ ഭാഷയില്‍ ഭാരതം തള്ളിക്കളഞ്ഞു. കനേഡിയന്‍ നയതന്ത്ര പ്രതിനിധികളെ ദല്‍ഹിയില്‍ നിന്ന് പുറത്താക്കി. ഭാരതത്തിന്റെ പങ്കിനെ സംബന്ധിച്ചുള്ള തെളിവുകള്‍ പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നല്‍കാനായില്ല. പുകമറ സൃഷ്ടിച്ചു സമ്മര്‍ദ്ദത്തിലാക്കി തങ്ങളുടെ അജണ്ടയ്‌ക്കനുസരിച്ച് ഭാരതത്തെ കൊണ്ടുവരുക മാത്രമായിരുന്നു അവരുടെ ലക്ഷ്യം. മോദി സര്‍ക്കാരിനെ അട്ടിമറിക്കുകയായിരുന്നു ഇസ്ലാമിക -ഖാലീസ്ഥാനി ശക്തികളുടെ ലക്ഷ്യം. എന്നാല്‍ 2024 ഒക്ടോബറിലെ മോദി -പുടിന്‍ കൂടിക്കാഴ്ചയോടെ പാശ്ചാത്യ രാജ്യങ്ങള്‍ നിശബ്ദരായി. ഇരുവരുടെയും സൗഹൃദവും സംയുക്ത പ്രസ്താവനകളും ബൈഡന്‍, ട്രൂഡോയടക്കമുള്ളവരുടെ വായ മൂടി. ഒക്ടോബറില്‍ ചൈനയും ഭാരതവും അതിര്‍ത്തി സമാധാന കരാറിലെത്തിയതും പാശ്ചാത്യ രാജ്യങ്ങളെ നിശബ്ദരാക്കി. നവംബറില്‍ ട്രംപിന്റെ വിജയത്തോടെ ഇസ്ലാമിക -ഖാലിസ്ഥാന്‍ ശക്തികള്‍ക്കും തിരിച്ചടി നേരിട്ടു. ഇപ്പോള്‍ നാഷണല്‍ ഇന്റലിജിന്‍സ് മേധാവിയായി തുള്‍സി ഗബ്ബാര്‍ഡും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ ഡയറക്ടറായി കശ്യപ് പട്ടേലും നിയമിതരായതും ഇക്കൂട്ടര്‍ക്ക് വന്‍ തിരിച്ചടിയായി. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലിയെയും ട്രംപ് ഭരണകൂടം ഭാരതത്തിന് കൈമാറും. കൂടാതെ ബൈഡന്റെ കാലത്ത് യുഎസ് എയിഡ്-സോറോസ് ഫണ്ട് വാങ്ങിയ ഭാരത പൗരന്മാരുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങളും ട്രംപിന്റെ കാലത്ത് തന്നെ കൈമാറുമെന്ന് കരുതാം. ഇതിന്റെ ഭാഗമായി കൂടുതല്‍ ഇടപെടലുകള്‍ തുള്‍സിയുടെ ഭാഗത്തു നിന്നുമുണ്ടാകുമെന്നതാണ് ഭാരത പ്രധാനമന്ത്രി മോദിയുമായുള്ള അവരുടെ ആദ്യ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ നല്‍കുന്ന സൂചന. അതുകൊണ്ട്തന്നെ, ഭാരത -ഹിന്ദു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് മോദിയുടെ നേതൃത്വത്തില്‍ നയതന്ത്ര തലത്തിലും രാഷ്‌ട്രീയ സാമ്പത്തിക തലത്തിലും കൃത്യമായ തിരിച്ചടി നല്‍കിയാണ് ഭാരതമിപ്പോള്‍ സുശക്ത സാന്നിധ്യമായി അന്താരാഷ്‌ട്ര രാഷ്‌ട്രീയത്തില്‍ നില്‍ക്കുന്നത്. അതിനിയും ശക്തമായി തുടരുമെന്നുറപ്പാണ്.

(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷകനാണ് ലേഖകന്‍)

By admin