ന്യൂഡൽഹി: രേണുകാസ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശന് കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നടപടി. ഇരുവർക്കുമൊപ്പം മറ്റ് അഞ്ചുപേരുടെയും ജാമ്യം റദ്ദാക്കിയിട്ടുണ്ട്.
യാന്ത്രികമായ അധികാരപ്രയോഗത്തെയാണ് ഹൈക്കോടതി ഉത്തരവ് കാണിക്കുന്നതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനും അതുവഴി വിചാരണ അട്ടമറിക്കാനും സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.
എത്ര ഉന്നതനായാലും അയാൾ നിയമത്തിന് മുകളിലല്ല. ദർശനും കൂട്ടാളികൾക്കും ജയിലിൽ പ്രത്യേക പരിഗണന നൽകുന്നതിനേയും കോടതി വിമർശിച്ചു. ദർശന് ഫൈവ് സ്റ്റാർ പരിഗണന ലഭിക്കുന്നുണ്ടെന്ന് വിവരമുണ്ട്. ഈ സംഭവത്തിൽ സുപ്രണ്ടിനെതിരെ നടപടിയെടുക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
2024 ഡിസംബർ 13-നാണ് ദർശന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് വന്നത്. ഇത് നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ഇത് വിവേചനാധികാരത്തിന്റെ യുക്തിരഹിതമായ പ്രയോഗമാണെന്നും കോടതി വ്യക്തമാക്കി. ജാമ്യം നൽകാൻ നിയമപരമായ കാരണങ്ങളൊന്നുമില്ല, എന്ന് നിരീക്ഷിച്ച ബെഞ്ച്, ദർശന്റെ സ്വാതന്ത്ര്യം നീതിനിർവഹണത്തെ വഴിതെറ്റിക്കാൻ സാധ്യതയുണ്ടെന്നും കൂട്ടിച്ചേർത്തു.
ദർശന്റെ ആരാധകനായ രേണുക സ്വാമി എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപക്കൊപ്പമാണ് നടി പവിത്ര ഗൗഡയും അറസ്റ്റിലായിരുന്നു. കൊലപാതകത്തിന് ദർശനെ നിർബന്ധിച്ചത് പവിത്രയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
ദർശന്റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുക സ്വാമി. ദർശന്റെയും ഭാര്യ വിജയലക്ഷ്മിയും ജീവിതത്തിൽ വിള്ളലുണ്ടാക്കാൻ പവിത്ര ഗൗഡ ശ്രമിക്കുകയാണെന്നാരോപിച്ച് പവിത്രയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ രേണുകസ്വാമി സന്ദേശം അയച്ചിരുന്നു. പവിത്രയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല പരാമർശങ്ങൾ പോസ്റ്റ് ചെയ്തതാണ് രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും പവിത്രയയെയും പ്രേരിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ യുവാവ് പോസ്റ്റ് ചെയ്ത പരാമർശങ്ങൾ പവിത്ര ദർശനെ കാണിക്കുകയും യുവാവിനെ വകവരുത്താൻ ഇയാളെ നിർബന്ധിക്കുകയുമായിരുന്നു.