സുരേഷ്‌ഗോപിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിലെത്തി ഭക്ഷണം കഴിക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവച്ച് നടി ഉർവശി. മകൾ കുഞ്ഞാറ്റയോടൊപ്പമാണ് ഉർവശി സുരേഷ്‌ഗോപിയുടെ വസതിയിലെത്തിയത്. സുരേഷ്‌ഗോപി സ്ഥലത്തില്ലെങ്കിലും ഇവിടം സന്ദർശിച്ച് ഭക്ഷണം കഴിച്ചേ മടങ്ങാവൂ എന്നാണ് ഓർഡർ എന്നും അതുകൊണ്ടാണ് ഇവിടെയെത്തി പ്രഭാതഭക്ഷണം കഴിച്ചതെന്നും ഉർവശി മാധ്യമങ്ങളോടു പറഞ്ഞു.
അദ്ദേഹം എന്നെ ‘പൊടി’ എന്നാണ് വിളിക്കുന്നത് ഞാൻ അദ്ദേഹത്തെ ‘ബാബു അണ്ണൻ’ എന്നും, അത്രയ്‌ക്കുള്ള ഒരു ബന്ധമാണ്. ഡൽഹിയിൽ വന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ താമസിക്കണം എന്നും ഭക്ഷണം കഴിക്കണമെന്നുമൊക്കെയാണ് പറഞ്ഞിട്ടുള്ളത്. ഞാൻ വിചാരിച്ചത് ഇവിടെ പൊലീസും പട്ടാളവും ഒക്കെ കാണുമായിരിക്കും അവരുടെ മുന്നിൽ കൂടി ആയിരിക്കും നടക്കേണ്ടത് എന്നൊക്കെയാണ്. ആരു വന്നാലും ഇവിടെ വന്ന് സ്നേഹത്തോടെ ഒരുപിടി ആഹാരം കഴിക്കണം എന്ന് അദ്ദേഹത്തിന് നിർബന്ധമുണ്ട്.
അവാർഡ് വാങ്ങിക്കാനായി ഡൽഹിയിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. അദ്ദേഹം ഇവിടെയില്ല, പക്ഷേ ഞാൻ കഴിച്ചു കഴിഞ്ഞ ഉടനെ കൃത്യമായി വിളിച്ചു. അദ്ദേഹം എന്നോട് ചോദിച്ചു അവിടെ എന്തൊക്കെ കണ്ടു, പൂജാമുറി കണ്ടോ എന്നൊക്കെ. ഞാൻ പറഞ്ഞു എല്ലാം കണ്ടു, ഗുരുവായൂരപ്പനെ കണ്ടു, വലിയ സന്തോഷമായി എന്ന്.
ഈ വീടിന്റെ നടയിൽ ഇങ്ങനെ നിൽക്കുമ്പോൾ ഒരുപാട് ഓർമകൾ വരുന്നുണ്ട്. ഇപ്പോൾ കേന്ദ്ര ഗവൺമെന്റിന്റെ വലിയൊരു പദവിയിൽ അദ്ദേഹം ഇരിക്കുന്നു, ഇതിനിടയിൽ സിനിമ ഉപേക്ഷിച്ചിട്ടില്ല അതാണ് ഏറ്റവും വലിയ സന്തോഷം. ഞങ്ങൾ ഇന്ന് ഇവിടെ വന്ന് പ്രഭാതഭക്ഷണം ആണ് കഴിച്ചത് മസാലദോശ ഉണ്ടായിരുന്നു, ഡോക്ല എന്നൊരു സാധനം ഉണ്ടായിരുന്നു, ഇഡ്ഡലി സാമ്പാർ ഉണ്ടായിരുന്നു, വട എടുത്ത് സാമ്പാറിനകത്ത് ഇട്ടു സാമ്പാർ വട ആക്കി കഴിച്ചു, പോഹ കഴിച്ചു, ഉപ്പുമാവ് കഴിച്ചു, ഇത്രയേ കഴിച്ചുള്ളൂ, കുശാലായി, ഇനി അങ്ങ് ചെന്നു കിടന്ന് ഉറങ്ങുക അത്രയേ ഉള്ളൂ. ഞാൻ ഡയറ്റ് ഒന്നും നോക്കാറില്ല, ഡയറ്റ് എന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്.’’– ഉർവശിയുടെ വാക്കുകൾ.