• Mon. Aug 25th, 2025

24×7 Live News

Apdin News

ആരോഗ്യപ്പച്ചയെ പുറം ലോകത്തിന് കാട്ടിക്കൊടുത്ത കുട്ടിമാത്തന്‍ കാണി നിര്യാതനായി

Byadmin

Aug 24, 2025



തിരുവനന്തപുരം: ഔഷധ സസ്യമായ ആരോഗ്യപ്പച്ചയെ പുറം ലോകത്തിന് കാട്ടിക്കൊടുത്തവരില്‍ ഒരാളായ ചോനാംപാറ തടത്തരികത്ത് കുട്ടിമാത്തന്‍ കാണി(72) നിര്യാതനായി. അര്‍ബുദബാധിതനായിരുന്ന കാണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
പശ്ചിമഘട്ട വനമേഖലയില്‍ മാത്രം കാണപ്പെടുന്ന ആരോഗ്യ പച്ചയെന്ന ഔഷധ സസ്യത്തെ പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തത് കുട്ടിമാത്തന്‍ കാണി, മല്ലന്‍കാണി, ഈച്ചന്‍കാണി എന്നിവരുടെ സംഘമാണ്. പിന്നീട് ജെഎന്‍ടിബിജിആര്‍ഐ ആരോഗ്യപ്പച്ച ഉപയോഗിച്ച് ആര്യവൈദ്യഫാര്‍മസിയുമായി ചേര്‍ന്ന് ജീവനി എന്ന മരുന്ന് നിര്‍മിക്കുകയും ലാഭവിഹിതം ആദിവാസി വിഭാഗമായ കാണിക്കാര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കരളിനെ സംരക്ഷിക്കുന്നതിനും ക്ഷീണം തടയുന്നതിനും ഡിഎന്‍എ സംരക്ഷക ഗുണങ്ങള്‍ക്കും പേരുകേട്ടതാണ് ആരോഗ്യപച്ച.
കാണി സമുദായ ക്ഷേമ ട്രസ്റ്റി ആജീവനാന്ത എക്സിക്യൂട്ടീവ് അംഗമാണ് ഇദ്ദേഹം. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് എബിസിഡിപദ്ധതിയുടെ രേഖയും ഏറ്റുവാങ്ങിയിരുന്നു.2002 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോക ഭൗമ ഉച്ചകോടിയില്‍ പുരസ്‌കാരം സ്വീകരിച്ചു.
ഭാര്യ: വസന്ത. മക്കള്‍: സുഭാഷിണി, സുരഭി, സുദര്‍ശിനി, സുഗതകുമാരി.

 

By admin