കോഴിക്കോട്: ആരോഗ്യ ജാഗ്രതാ മുദ്രാവാക്യവുമായി ആവേശത്തോടെ അവര്‍ അണിനിരന്നു. പ്രായമോ,സാഹചര്യങ്ങളോ തടസമായില്ല. തിരക്കേറിയ ഔദ്യോഗിക ജീവിതത്തിലും, ജോലി നല്‍കുന്ന അതിസമര്‍ദ്ദങ്ങളിലും മാനസികാരോഗ്യമുള്‍പ്പെടെ വെല്ലുവിളിക്കപ്പെടുമ്പോഴും ആരോഗ്യ പരിപാലന മുദ്രാവാക്യവുമായി ഒത്തുചേര്‍ന്നത് മാധ്യമ പ്രവര്‍ത്തകരും കായികതാരങ്ങളും. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും കാലിക്കറ്റ് പ്രസ് ക്ലബ്ബും സംയുക്തമായി ഫിറ്റ് ഇന്ത്യ സണ്‍ഡേസ് ഓണ്‍ സൈക്കിള്‍ ക്യാമ്പയിന്‍ കോഴിക്കോട് നഗരത്തിന് പുതിയ അനുഭവമായി. സൈക്കിള്‍ റാലി രാജ്യാന്തര കായിക മാധ്യമ പ്രവര്‍ത്തകന്‍ കമാല്‍ വരദൂര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ആരോഗ്യ പരിപാലനമെന്നത് അടിസ്ഥാന മുദ്രാവാക്യമായി സ്വീകരിക്കാന്‍ നമ്മള്‍ ഏറെ വൈകിയതായി അദ്ദേഹം പറഞ്ഞു. യൂറോപ്പും അമേരിക്കയും ആഫ്രിക്കയുമെല്ലാം കായിക വേദികളില്‍ മാത്രമല്ല മികവ് പുലര്‍ത്തുന്നത്. അവര്‍ ആരോഗ്യപരിപാലന രീതികള്‍ അക്കാദമികതലം മുതല്‍ പ്രാവര്‍ത്തികമാക്കുന്നതാണ് ആ രാജ്യങ്ങളിലെ ഫിറ്റ്‌നസ് വിജയമെന്ന് അദ്ദേഹം പറഞ്ഞു. സൈക്കിള്‍ റാലി കോഴിക്കോട് ബീച്ച് കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്നില്‍ നിന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ സായി അത്‌ലറ്റിക്‌സ് കോച്ച് നവീന്‍ മാലിക് അധ്യക്ഷനായിരുന്നു. പ്രസ് ക്‌ളബ് വൈസ് പ്രസിഡണ്ട് ബിജുനാഥ് സ്വാഗതം പറഞ്ഞു.