
സമല്‍ഖ (ഹരിയാന): ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭയ്‌ക്ക് എത്തിയ പ്രവര്‍ത്തകര്‍ക്കായി പട്ടീകല്യാണയിലെ മാധവ് സൃഷ്ടി സെന്ററില്‍ പ്രൗഢഗംഭീരമായ പ്രദര്‍ശിനി. ഒന്‍പതാമത് സിഖ് ഗുരു ധീരബലിദാനി ശ്രീ ഗുരു തേഗ് ബഹാദൂറിന്റെ പോരാട്ട ജീവിതത്തിന്റെ നേര്‍ക്കാഴ്ചകളാലേഖനം ചെയ്ത പ്രദര്‍ശിനി ഭാരതത്തിന്റെ ചരിത്രത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ഹരിയാനയിലെ ചരിത്രപരവും പുരാണപ്രസിദ്ധവുമായ സ്ഥലങ്ങള്‍, മഹത് വ്യക്തികളുടെ ജീവിതരേഖകള്‍, ഉദ്ധരണികള്‍, സാമൂഹ്യനവോത്ഥാന പരിശ്രമങ്ങള്‍ എന്നിവ പ്രദര്‍ശിനിയുടെ ഭാഗമാണ്. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ഭാരതമാതാവിന്റെയും ഗുരു തേഗ്ബഹാദൂറിന്റെയും ഛായാചിത്രങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
നാല് വിഭാഗങ്ങളായാണ് പ്രദര്‍ശിനി തയാറാക്കിയിട്ടുള്ളത്. ഹരിയാനയില്‍ നിന്നുള്ള സ്വാതന്ത്ര്യ സമര സേനാനികള്‍, ധീരയോദ്ധാക്കള്‍, കായികതാരങ്ങള്‍, വിവിധ മേഖലകളില്‍ വിജയം നേടിയ പ്രമുഖ വ്യക്തികള്‍ എന്നിവരുടെ ചിത്രങ്ങളും വിവരണങ്ങളും ഒരു വിഭാഗത്തിലുള്ളത്. രണ്ടാമത്തെ വിഭാഗത്തില്‍ ഗുരു തേഗ്ബഹദൂറിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ചിത്രീകരണം. സരസ്വതി നദിയുമായും ഭഗവദ്ഗീതയുമായും ഹരിയാനയുടെ ബന്ധം അടയാളപ്പെടുത്തുന്ന പ്രദര്‍ശനങ്ങള്‍.
ഹരിയാനയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച പൂര്‍വകാലപ്രവര്‍ത്തകരുടെ ഛായാചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.