
ജബല്‍പൂര്‍(മധ്യപ്രദേശ്): ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരിലെ കച്നാര്‍ സിറ്റിയില്‍ ആരംഭിച്ചു. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയും ഭാരതമാതാപ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി യോഗം ഉദ്ഘാടനം ചെയ്തു.
സഹസര്‍കാര്യവാഹുമാരായ ഡോ. കൃഷ്ണ ഗോപാല്‍, സി.ആര്‍. മുകുന്ദ, അരുണ്‍ കുമാര്‍, രാംദത്ത് ചക്രധര്‍, അലോക് കുമാര്‍, അതുല്‍ ലിമായെ, കാര്യകാരി അംഗങ്ങള്‍, ക്ഷേത്രീയ, പ്രാന്തീയ സംഘചാലകന്മാര്‍, കാര്യവാഹുമാര്‍, പ്രചാരകര്‍ എന്നിവരാണ് ബൈഠക്കില്‍ പങ്കെടുക്കുന്നത്.
പഹല്‍ഗാമില്‍ ബലിദാനികളായവര്‍ക്ക് ബൈഠക് ആദരാഞ്ജലി രേഖപ്പെടുത്തി. രാഷ്‌ട്ര സേവിക സമിതിയുടെ മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീള തായ് മേഢെ, മുതിര്‍ന്ന പ്രചാരകന്‍ മധുഭായ് കുല്‍ക്കര്‍ണി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണി, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, ദല്‍ഹി മുന്‍ മുഖ്യമന്ത്രി വിജയ് മല്‍ഹോത്ര, മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ കസ്തൂരിരംഗന്‍, മുന്‍ ഗവര്‍ണര്‍ എല്‍. ഗണേശന്‍, ഗാനരചയിതാവ് പിയൂഷ് പാണ്ഡെ, ചലച്ചിത്ര നടന്മാരായ സതീഷ് ഷാ, പങ്കജ് ധീര്‍, അസ്രാനി, ആസാമീസ് സംഗീതജ്ഞന്‍ സുബിന്‍ ഗാര്‍ഗ് തുടങ്ങി സമീപകാലത്ത് അന്തരിച്ച പ്രമുഖര്‍ക്കും യോഗം അനുശോചനം രേഖപ്പെടുത്തി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വയംസേവകരുടെ നേതൃത്വത്തില്‍ നടന്ന സേവനപ്രവര്‍ത്തനങ്ങള്‍ ബൈഠക്കില്‍ അവതരിപ്പിച്ചു. മുന്ന് ദിവസത്തെ ബൈഠക്കില്‍ ഗുരു തേഗ്ബഹാദൂറിന്റെ 350-ാം ബലിദാന വാര്‍ഷികം, വീര ബിര്‍സ മുണ്ടയുടെ 150-ാം ജന്മവാര്‍ഷികം, വന്ദേമാതരം രചിച്ചതിന്റെ 150-ാം വാര്‍ഷികം എന്നിവ സംബന്ധിച്ച് പ്രസ്താവനയുണ്ടാകും. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഹര്‍ ഘര്‍ സമ്പര്‍ക്കം, ഹിന്ദു സമ്മേളനങ്ങള്‍, സദ്ഭാവ് യോഗങ്ങള്‍, പൗരപ്രമുഖരുടെ പൊതു സിമ്പോസിയങ്ങള്‍ എന്നിവയുടെ തയാറെടുപ്പുകള്‍ വിലയിരുത്തും. വിജയദശമി ആഘോഷങ്ങളും നിലവിലെ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യും.