ലഖ്നൗ: തുടര്‍ച്ചയായ പ്രവര്‍ത്തനത്തിലൂടെ സമാജത്തെ ഉണര്‍ത്തുകയാണ് കഴിഞ്ഞ ഒരു നൂറ്റാണ്ട് ആര്‍എസ്എസ് ചെയ്തതെന്ന് അഖിലഭാരതീയ പ്രചാരക് പ്രമുഖ് സ്വാന്തരഞ്ജന്‍.
സമാജത്തെ സംഘടിപ്പിക്കുകയും ഉണര്‍ത്തുകയും രാഷ്‌ട്രത്തിന്റെ സ്വാഭിമാനമുന്നേറ്റത്തിന് പ്രാപ്തമാക്കുകയുമാണ് സംഘം ചെയ്യുന്നത്. അത്തരത്തിലൊരു പരിശ്രമമായിരുന്നു രാമക്ഷേത്ര നിര്‍മാണം, അദ്ദേഹം പറഞ്ഞു. രാഷ്‌ട്രധര്‍മ്മ മാസികയുടെ വികസിത് ഭാരത് പതിപ്പ് ലഖ്‌നൗ കൈസര്‍ബാഗിലെ കലാമണ്ഡപത്തില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസിത ഭാരതം സമൂഹത്തിന്റെ ഒരുമിച്ചുള്ള പ്രയത്‌നത്തിലൂടെയാണ് സാധ്യമാകേണ്ടത്. അധിനിവേശ ശക്തികളുടെ ബഹുമുഖ ആക്രമണങ്ങള്‍ മൂലമാണ് നമ്മുടെ നാട് അതിന്റെ തനിമയില്‍ നിന്ന് അകന്നത്. അത് വീണ്ടെടുക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. ശ്രീരാമജന്മഭൂമി പ്രസ്ഥാനം ക്ഷേത്രത്തിന് വേണ്ടി മാത്രമായിരുന്നില്ല, രാഷ്‌ട്രത്തെ ഉണര്‍ത്തുകയായിരുന്നു ലക്ഷ്യം. ഉണര്‍ന്ന സമൂഹമാണ് ആ പ്രസ്ഥാനത്തെ വിജയിപ്പിച്ചത്. ജമ്മു കശ്മീരില്‍ നിന്ന് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതും സമാനമായ ഒരു ശ്രമമാണ്. മറ്റുള്ളവരെ പിന്നില്‍ നിര്‍ത്തി നയിക്കുകയല്ല, എല്ലാവരെയും ഒപ്പം ചേര്‍ത്ത് മുന്നേറുകയാണ് സംഘത്തിന്റെ ശൈലി, അദ്ദേഹം പറഞ്ഞു. പരിപാടിയില്‍ ഉത്തര്‍പ്രദേശ് ലജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ കുന്‍വര്‍ മാനവേന്ദ്ര സിങ് അധ്യക്ഷനായി.