
മോസ്‌കോ: കൂടുതല്‍ ഒറെഷ്നിക് ആണവമിസൈലുകള്‍ തയ്യാറാക്കുകയാണെന്നും വേണ്ടി വന്നാല്‍ ഏത് നിമിഷവും ഇത് പ്രയോഗിക്കുമെന്നുമുള്ള പുടിന്റെ ഭീഷണി ഒരു മൂന്നാം ലോകമഹായുദ്ദത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒരു ഹൈപ്പര്‍സോണിക്ക് മിസൈല്‍ ആണ് ഒറെഷ്‌നിക് മിസൈല്‍. അതായത് ശബ്ദത്തേക്കാള്‍ അഞ്ച് ഇരട്ടിയില്‍ അധികം വേഗതയുള്ള ആണവ മിസൈല്‍. പക്ഷെ ഒറെഷ്നികിന് ശബ്ദത്തേക്കാള്‍ 11 മടങ്ങ് വേഗതയില്‍ കുതിക്കാന്‍ കഴിയുമെന്ന് റഷ്യന്‍ ആണവശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.
വെടിവെച്ചിടാന്‍ കഴിയാത്ത അത്ര വേഗതയിലാണ് ഒറെഷ്നിക് കുതിക്കുക. 11 മാക് (ശബ്ദത്തിന്റെ 11 മടങ്ങ് അധികം വേഗതയില്‍) വേഗതയില്‍ കുതിക്കുന്ന ഇത്തരമൊരു മിസൈലിന് പ്രതിരോധമോ അതിനെ തടയാനുള്ള മാര്‍ഗമോ ലോകത്ത് ഇല്ലെന്നും പുടിന്‍ അവകാശപ്പെടുന്നു.
യുക്രെയ്‌നിയന്‍ നഗരമായ ഡിനിപ്രോയില്‍ 2024 നവമ്പറില്‍ റഷ്യ പരീക്ഷണാര്‍ത്ഥം ഒറെഷ്നിക് പ്രയോഗിച്ചിരുന്നു. ഈ ഹൈപ്പര്‍സോണിക് മിസൈല്‍ മണിക്കൂറില്‍ 13,000 കിലോമീറ്റര്‍ വേഗതയില്‍ എത്തിയതായി യുക്രെയ്ന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. യുക്രെയ്‌നിയന്‍ സൈനിക കേന്ദ്രമായ ലക്ഷ്യസ്ഥാനത്ത് എത്താന്‍ മിസൈല്‍ 15 മിനിറ്റ് മാത്രമാണ് എടുത്തിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.
അസ്ട്രഖാന്‍ മേഖലയില്‍ നിന്നും വിക്ഷേപിച്ച നിമിഷം മുതല്‍ ഡിനിപ്രോ നഗരത്തില്‍ അതിന്റെ ആഘാതം വരെ റഷ്യന്‍ മിസൈലിന്റെ പറക്കല്‍ സമയം 15 മിനിറ്റായിരുന്നുവെന്ന് യുക്രെയ്‌നിയന്‍ മിലിട്ടറിയുടെ മെയിന്‍ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സ് വെളിപ്പെടുത്തിയിട്ടുണ്ട്. .
അമേരിക്കൻ വീരവാദങ്ങളായ THAAD, Patriot മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഒറെഷ്നിക്കിന് മുന്നിൽ വെറും നോക്കുകുത്തികളാണ്. അന്തരീക്ഷത്തിന് തൊട്ടുമുകളിൽ, റഡാറുകൾക്ക് പിടികൊടുക്കാതെ തന്ത്രപരമായി പറക്കുന്ന ഈ ഹൈപ്പർസോണിക് വിസ്മയത്തെ തടയാൻ ഇന്നത്തെ ഒരു സാങ്കേതികവിദ്യയ്‌ക്കും കഴിയില്ല. യുഎസിന്റെ റഡാറുകൾ വിക്ഷേപണം കണ്ടെത്തുമ്പോഴേക്കും അമേരിക്കയുടെ പകുതിയും ചാരമായി മാറിയിട്ടുണ്ടാകും.
ഒറെഷ്നിക്കിന്റെ ചലനാത്മകത വ്യത്യസ്തമാണ്. ഇവ വിക്ഷേപിക്കാനാകട്ടെ, പണ്ടത്തേതുപോലെ വലിയ കോൺക്രീറ്റ് സിലോകൾ നിർമ്മിക്കേണ്ട ആവശ്യമില്ല. ഈ മിസൈലുകളെ റഷ്യയുടെ Tu-160 “വൈറ്റ് സ്വാൻ” ബോംബറുകളിലോ ഹെവി ട്രാൻസ്പോർട്ട് വിമാനങ്ങളിലോ വിക്ഷേപിക്കാനാകും. എന്തിന് കാട്ടിലെവിടെയെങ്കിലും ഒരു ട്രക്ക് വെച്ച് അതിന് മുകളിൽ പോലും ഈ മിസൈൽ വിന്യസിക്കാൻ റഷ്യയ്‌ക്ക് കഴിയും. അമേരിക്കൻ ഉപഗ്രഹങ്ങൾക്ക് ഇതിനെ ട്രാക്ക് ചെയ്യാനോ മുൻകൂട്ടി നശിപ്പിക്കാനോ കഴിയില്ല എന്നതാണ് സത്യം.