
കൊച്ചി: ഭാവിയെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുകള്‍ക്കും ആശയങ്ങള്‍ക്കും പത്രത്തിന്റെ ഒന്നാം പേജില്‍ ഇടം നല്‍കാന്‍ കൊച്ചി ജെയിന്‍ യൂണിവേഴ്സിറ്റി അവസരമൊരുക്കുന്നു. ജനുവരി അവസാനം കൊച്ചിയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം എഡിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ആര്‍ക്കും പറയാം’ എന്ന കാമ്പയിനിലൂടെയാണ് പൊതുജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സമ്മിറ്റ് ഓഫ് ഫ്യൂച്ചറിന്റെ പരസ്യ മാതൃകയില്‍, ഇത്തവണ ജനങ്ങളുടെ ശബ്ദമാകും ഒന്നാം പേജില്‍ എത്തുക. പരസ്യവാചകങ്ങള്‍ക്ക് പകരം ഭാവി ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ക്രിയാത്മകമായ നിര്‍ദേശങ്ങളും ആശയങ്ങളുമാകും പത്രത്താളുകളില്‍ ഇടംപിടിക്കുക.
സാമൂഹികം, സാമ്പത്തികം, ആരോഗ്യം, പരിസ്ഥിതി തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളുമായി ബന്ധപ്പെട്ട ആശയങ്ങളും കാഴ്‌ച്ചപ്പാടുകളും പൊതുജനങ്ങള്‍ക്ക് നല്‍കാം. ഇതില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച ആശയങ്ങള്‍ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ രണ്ടാം പതിപ്പില്‍ അവതരിപ്പിക്കുകയും പത്രങ്ങളുടെ ഒന്നാം പേജില്‍ അഡ്വറ്റോറിയല്‍ ആയി പ്രസിദ്ധീകരിക്കുകയും ചെയ്യും.
ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ സാധാരണക്കാരുടെ ശബ്ദം കൂടി മുന്‍നിര വാര്‍ത്തകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജെയിന്‍ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടര്‍ ഡോ. ടോം എം. ജോസഫ് പറഞ്ഞു. പങ്കെടുക്കാന്‍ താത്പര്യമുള്ളര്‍ ആശയങ്ങളും കാഴ്‌ച്ചപ്പാടുകളും ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോ അല്ലെങ്കില്‍ ഓഡിയോ സന്ദേശമായോ അല്ലെങ്കില്‍ എഴുതി തയാറാക്കിയ ചെറിയ കുറിപ്പായോ 7034044242 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് ജനുവരി 15നകം അയക്കണം.