
തിരുവനന്തപുരം: മേയറായിരുന്ന ആര്യാ രാജേന്ദ്രനുമായി നടു റോഡില്‍ വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ താത്കാലിക െൈഡ്രവറായിരുന്ന യദു കൃഷ്ണനെ പുറത്താക്കിയതെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രയില്‍ യദു കൃഷ്ണന്‍ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ഇയര്‍ഫോണ്‍ വെച്ച് ഒരാളോട് ഫോണില്‍ സംസാരിച്ചു.ഇക്കാര്യം സിറ്റി പൊലീസ് കമ്മീഷണര്‍ കോള്‍ ഡീറ്റെയില്‍സ് സഹിതം കെഎസ്ആര്‍ടിസി സിഎംഡിക്ക് സമര്‍പ്പിച്ചു.ബസിലെ അറുപതോളം യാത്രക്കാരുടെയും റോഡിലെ ആയിരങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയായിരുന്നു അത്.
ഇതേ തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.ആര്യയുമായുണ്ടായ പ്രശ്‌നം തന്നോട് മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ സംസാരിച്ചിട്ടില്ലെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.കഴിഞ്ഞ ഏപ്രില്‍ 27 രാത്രിയിലാണ് പാളയത്തുവച്ച് വിവാദ സംഭവമുണ്ടായത്.മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സ്വന്തം കാര്‍ കുറുകെയിട്ട് കെഎസ്ആര്‍ടിസി ബസ് തടയുകയായിരുന്നു.യദു മോശം ആംഗ്യം കാണിച്ചെന്ന് പറഞ്ഞാണ് ബസ് തടഞ്ഞ് ഡ്രൈവറോട് മേയര്‍ കയര്‍ത്തത്.തുടര്‍ന്ന് കേസും ആയി.