അധികാരത്തിന്റെ ഇടനാഴികളില്‍ സത്യസന്ധമായി സേവനമനുഷ്ഠിച്ച ഒരു ഉദ്യോഗസ്ഥന്റെ ഓര്‍മ്മക്ക് ഒരു വര്‍ഷം. എ.ഡി.എം നവീന്‍ ബാബുവിന്റെ ദാരുണമായ ആത്മഹത്യ കേരളത്തിന്റെ മനസ്സാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു. എന്നാല്‍, ആ ദുരന്തവാര്‍ത്തയുടെ ഞെട്ടല്‍ മായും മുന്‍പേ ഉയര്‍ന്നുവന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒരു വര്‍ഷത്തിനിപ്പുറവും വ്യക്തമായ ഉത്തരം നല്‍കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല എന്നത് ആശങ്കാജനകമാണ്.
നവീന്‍ ബാബുവിന്റെ കുടുംബം നീതിക്കായി നടത്തുന്ന പോരാട്ടം, സര്‍ക്കാര്‍ സംവിധാനങ്ങള്‍ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിധേയമാകുമ്പോള്‍ സാധാരണക്കാരന് നീതി എത്രത്തോളം ദുഷ്‌കരമാകുന്നു എന്നതിന്റെ നേര്‍ചി ത്രമാണ്. കേസിന്റെ തുടക്കം മുതല്‍ ഉയര്‍ന്ന പ്രധാന ആവശ്യങ്ങളിലൊന്ന് സി.ബി.ഐ അന്വേഷണമായിരുന്നു. എന്നാല്‍, ഇടതുപക്ഷ സര്‍ക്കാര്‍ ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്തു.
ഒരു കേസില്‍ ഇരയുടെ കുടുംബം കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടുമ്പോള്‍, അതിനെ സുതാര്യതയോടെ സ്വാഗതം ചെയ്യുകയാണ് ജനാധിപത്യ സര്‍ക്കാര്‍ ചെയ്യേണ്ടത്. പകരം, സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കുന്നത് കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ രക്ഷിക്കാനാണെന്ന പ്രതിപക്ഷത്തിന്റെയും കുടുംബത്തിന്റെയും ആരോപണത്തിന് ബലം നല്‍കുന്നു. കൂടുതല്‍ സി.പി.എം നേതാക്കള്‍ കേസില്‍ കുടുങ്ങുമെന്ന ഭയമാണ് ഈ എതിര്‍പ്പിന് പിന്നിലെന്ന വാദം ഗൗരവതരമാണ്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ പോലും നടപടിയെടുക്കാന്‍ പ്രതിപക്ഷമുള്‍പ്പെടെയുള്ളവരുടെ ശക്തമായ സമ്മര്‍ദ്ദം വേണ്ടി വന്നു എന്നത് അന്വേഷണത്തിന്റെ നിഷ്പക്ഷതയെക്കുറി ച്ച് സംശയങ്ങള്‍ വര്‍ധിപ്പിക്കുന്നു.
നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ പറയുമ്പോള്‍ കേസ് അട്ടിമറിക്കപ്പെടുന്നു എന്ന ആരോപണത്തെ തള്ളിക്കളയാനാവില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ എ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കിയ പൊലീസ്, അഡീഷണല്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ പല സുപ്രധാന വിഷയങ്ങളും ഒഴിവാക്കിയത് എന്തുകൊണ്ടാണ് കേസിലെ പ്രതികള്‍ ബിനാമികള്‍ മാത്രമാണെന്നും ഇതിന് പിന്നില്‍ വന്‍ സാമ്പത്തിക ഇടപാടുകളും പ്രമുഖ നേതാക്കളുടെ പങ്കാളിത്തവുമുണ്ടെന്നുമുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ, അത്തരം കാര്യങ്ങളിലേക്ക് അന്വേഷണം നീ ളാതിരിക്കുന്നത് സ്വാഭാവികമായ സംശയങ്ങള്‍ക്ക് ഇടനല്‍കുന്നു.
വിരമിക്കാന്‍ ഏഴുമാസം മാത്രം ബാക്കിയിരിക്കെയാണ് ജന്മനാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയ കണ്ണൂര്‍ എ.ഡി.എം ആ യിരുന്ന കെ. നവീന്‍ ബാബു താമസസ്ഥലത്ത് ജീവനൊടു ക്കിയത്. സി.പി.എം കണ്ണൂര്‍ ജില്ല കമ്മിറ്റി മുന്‍ അംഗവും ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചതല്ലാതെ ഗൂഢാലോചനയൊന്നും കാര്യമായി അന്വേഷിച്ചില്ലെന്നതാണ് പ്രധാന പരാതി.
സ്ഥലംമാറിപ്പോകുന്നതിന് മുമ്പ് കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14ന് വൈകീട്ട് നാലിന് കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ ദിവ്യ നടത്തിയ പ്രസംഗമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുറ്റപത്രം. ജില്ലയിലെ പെട്രോള്‍ പമ്പിന്റെ എന്‍.ഒ.സിക്ക് എ.ഡി.എം കൈക്കൂലി വാങ്ങിയെന്ന നിലക്കായിരുന്നു സഹപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ ദിവ്യ നടത്തിയ പ്രസംഗം. ഇതില്‍ മനംനൊന്ത് ഒക്ടോബര്‍ 15ന് രാവിലെ താമസസ്ഥലത്ത് എ.ഡി.എമ്മിനെ മരിച്ചനിലയില്‍ കണ്ടതോടെ വന്‍ സമരങ്ങള്‍ക്ക് കണ്ണൂര്‍ വേദിയായി. എ.ഡി.എം കൈക്കൂലി വാങ്ങിയില്ലെന്നാണ് റവന്യു,
വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലും കൈക്കൂലിക്ക് തെളിവില്ല. പമ്പിന്റെ എന്‍.ഒ.സിക്ക് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് പമ്പുടമ ടി.വി പ്രശാന്തിന്റെ പേരില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ വ്യാജ കത്ത്, പമ്പുടമയുടെ ബിനാമി ഇടപാട് തുടങ്ങിയ കാര്യങ്ങളൊന്നും കാര്യമായി അന്വേഷിച്ചില്ല.
ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്റെ ജീവനൊടുക്കാന്‍ മാത്രം സമ്മര്‍ദ്ദത്തിലാകുന്നുവെങ്കില്‍, അതിന് കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് ഭരണകൂടത്തിന്റെ പ്രാഥമിക ഉത്തരവാദിത്തമാണ്. എന്നാല്‍ ഇവിടെ, പ്രതികളെ സംരക്ഷിക്കാനും കേവലം ഉപരിപ്ലവമായ അന്വേഷണത്തിലൂടെ കേസ് അവസാനിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, നവീന്‍ ബാബുവിന്റെ കുടുംബം വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തുന്നത് നിലവിലെ അന്വേഷണ ത്തിലുള്ള അവിശ്വാസം കൊണ്ടാണ്.
നീതിനിര്‍വഹണ സംവിധാനത്തിലുള്ള വിശ്വാസം ജനാധിപത്യ സമൂഹത്തിന്റെ അടിത്തറയാണ്. ആ വിശ്വാസത്തിനാണ് ഇവിടെ ഇളക്കം തട്ടുന്നത്. സര്‍ക്കാര്‍ തങ്ങളുടെ ഭാഗത്ത് സത്യമുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തെ ഭയക്കുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാനും പൊതുസമൂഹത്തിന്റെ സംശയങ്ങള്‍ ദൂരീകരിക്കാനും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് അതീതമായ, സമഗ്രവും സുതാര്യവുമായ അന്വേഷണം അനിവാര്യമാണ്. ഇനിയും വൈകുന്നത് നീതി നിഷേധത്തിന് തുല്യമാണ്. ആ കുടുംബത്തിന്റെ്‌റെ കണ്ണീരിന് ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.