
പാലക്കാട്: ക്വാർട്ടേഴ്സിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയ ശേഷം വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ സ്കൂൾ അധ്യാപകൻ അറസ്റ്റിൽ. പാലക്കാട് മലമ്പുഴ യുപി സ്കൂളിലെ അധ്യാപകനായ അനിലിനെയാണ് പോലീസ് പിടികൂടിയത്. കഴിഞ്ഞ നവംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് സ്പെഷ്യൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.
കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകനിൽ നിന്ന് തന്നെ ഇത്തരത്തിലൊരു അതിക്രമം ഉണ്ടായത് പ്രദേശത്ത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എസ് സി വിഭാഗത്തിൽപ്പെട്ട കുട്ടിയെയാണ് അധ്യാപകൻ പീഡിപ്പിച്ചത്. കുട്ടി വിവരം തന്റെ സുഹൃത്തുക്കളോട് പറഞ്ഞതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. സ്കൂൾ അധികൃതർ വിവരമറിഞ്ഞതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും കേസെടുത്തു.