പത്തനംതിട്ട കോന്നിയില്‍ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ആരെയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന വനംവകുപ്പിന്റെ വാദം പൊളിയുന്നു. ആറുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്ന് റേഞ്ച് ഓഫീസര്‍ സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
നോട്ടീസ് നല്‍കാതെയാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. പാടം വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
അതേസമയം വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ ഇറക്കിക്കൊണ്ടുപോയതില്‍ കെ.യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ കഴിഞ്ഞദിവസം കേസെടുത്തിരുന്നു. ജോലി തടസപ്പെടുത്തിയെന്നതുള്‍പ്പെടെ മൂന്ന് പരാതികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയത്. ചൊവ്വാഴ്ച വൈകിട്ടാണ് ജനീഷ് പാടം ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ആളെ ഇറക്കിക്കൊണ്ടു പോയത്.
മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവറെയാണ് എംഎല്‍എ മോചിപ്പിച്ചത്.