
തിരുവനന്തപുരം: ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ആറ്റുകാല്‍ ദേവിക്ക് പൊങ്കാല അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ നിര്‍വൃതിയോടെ മടങ്ങി.അടുത്ത വര്‍ഷം വീണ്ടുമെത്തുമെന്ന തീരുമാനത്തോടെ.ഉച്ച തിരിഞ്ഞ് 2.15 പൊങ്കാല നിവേദിച്ചു.
ചന്ദ്രഗ്രഹണമായതിനാല്‍ ഉച്ചകഴിഞ്ഞ് 3.10 മുതല്‍ രാത്രി 7 വരെ ക്ഷേത്ര ദര്‍ശനം ഉണ്ടായിരുന്നില്ല.ഇന്ന് നേരം പുലര്‍ന്നപ്പോള്‍ നഗരത്തിന്റെ മുക്കും മൂലയും പൊങ്കാല അടുപ്പുകളാല്‍ നിറഞ്ഞിരുന്നു. വിവിധ സ്ഥലങ്ങളില്‍ പ്രദേശവാസികള്‍ അന്നദാനവും ദാഹജല വിതരണവും നടത്തി പൊങ്കാല അര്‍പ്പിക്കാനെത്തിയവര്‍ക്ക് സൗകര്യമൊരുക്കി.
രാവിലെ 9.45ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്‌ക്ക് തുടക്കമായത്. ആഗ്രഹങ്ങളും പ്രാര്‍ത്ഥനകളുമെല്ലാം മണ്‍കലങ്ങളില്‍ തിളച്ചുതൂവി. പായസവും തെരളിയപ്പവുമെല്ലാമൊരുക്കി പൊരിവെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തര്‍ പൊങ്കാലയിട്ടു. ആറ്റുകാല്‍ ദേവീക്ഷേത്രത്തിലും പരിസരത്തും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.
പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവര്‍ക്കായി കെഎസ്ആര്‍ടിസിയും റെയില്‍വെയും പ്രത്യേക സര്‍വീസുകളും ക്രമീകരണങ്ങളും ഒരുക്കി.