
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്‌ക്ക് ശേഷം ഒറ്റരാത്രികൊണ്ട് നഗരം ശുചീകരിച്ച് നീക്കം ചെയ്തത് 811 ടണ്‍ മാലിന്യം. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പൊങ്കാലയിട്ടത് ഈ വര്‍ഷമാണെന്ന് പോലീസിന്റെയും ക്ഷേത്രം ട്രസ്റ്റിന്റെയും കണക്കുകള്‍. പൊങ്കാലയുടെ വിജയത്തിനും ശുചീകരണത്തിനും വേണ്ടി പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും നന്ദി പറഞ്ഞ് മേയര്‍ വി.വി. രാജേഷ്. ശുചീകരണത്തില്‍ പങ്കെടുത്തത് 3500 തൊഴിലാളികള്‍.
ശുചീകരണം വെല്ലുവിളിയായിരുന്നെങ്കിലും അത് മനസിലാക്കിയാണ് സര്‍വ സജ്ജരായി മേയറും കൗണ്‍സിലര്‍മാരും ശുചീകരണത്തിന് നേതൃത്വം നല്‍കിയത്. സേവാഭാരതി ശുചീകരണത്തിന് ഇറങ്ങാന്‍ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും നഗരസഭ തന്നെ തങ്ങളുടെ സംവിധാനം ഉപയോഗിച്ച് ശുചീകരണം നടത്താമെന്ന് സേവാഭാരതിയെ അറിയിക്കുകയായിരുന്നു.
പൊങ്കാല കഴിഞ്ഞ ഉടന്‍ മേയറുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നഗരത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും ശുചീകരണത്തിന് തുടക്കം കുറിച്ചു. കോര്‍പറേഷന്‍ ജീവനക്കാര്‍, കോര്‍പറേഷന്റെ ശുചീകരണ തൊഴിലാളികള്‍, താത്കാലിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരാണ് ശുചീകരണത്തിന് ഇറങ്ങിയത്. 138 പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരും നേതൃത്വം നല്‍കാന്‍ ഉണ്ടായിരുന്നു. നഗരസഭ 3500 തൊഴിലാളികളെയാണ് ശുചീകരണത്തിനായി നിയോഗിച്ചിരുന്നത്. 210 ടിപ്പര്‍ ലോറികള്‍ നാല് മണ്ണുമാന്തികളും ശുചീകരണത്തിന് ഉപയോഗിച്ചു.
നഗരത്തിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് ചുടുകല്ലുകളും ചവറുകളും രാത്രി 12 മണിയോടെ മാറ്റിയിരുന്നു. ചുടുകല്ലും പൊങ്കാലയുടെ ബാക്കി വന്ന വിറക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളും ഒരേ സമയം തന്നെ മാറ്റി. 134 വലിയ ലോറികളിലും 48 ചെറിയ ലോറികളിലുമായിട്ടാണ് ചുടുകല്ലുകള്‍ മാറ്റിയത്. ചുടുകല്ല് ചാല സ്‌കൂളിലേക്കും മറ്റെല്ലാം ഡംപിങ് യാര്‍ഡുകളിലേക്കുമാണ് മാറ്റിയത്. രാത്രി എട്ടരയ്‌ക്ക് തന്നെ നഗരത്തില്‍ കൃത്രിമ മഴ പെയ്യിച്ച് മുഴുവന്‍ റോഡുകളും വൃത്തിയാക്കി. 280 ടാങ്കറില്‍ വെള്ളം കൊണ്ടുവന്ന് പ്രധാനപ്പെട്ട സ്ഥലങ്ങളൊക്കെ കഴുകി വൃത്തിയാക്കി.
ഇതിനിടയിലും സിപിഎം സൈബര്‍ സെല്ലുകള്‍ രാഷ്‌ട്രീയ നേട്ടത്തിന് കുതന്ത്രങ്ങള്‍ പ്രയോഗിച്ചത് അവര്‍ക്ക് തന്നെ വിനയായി. സ്വകാര്യസ്ഥലങ്ങളിലെ മാലിന്യങ്ങളുടെയും ശുചീകരണത്തിന് മുമ്പുള്ള നഗര പ്രദേശത്തെ മാലിന്യങ്ങളുടെയും ചിത്രങ്ങളെടുത്ത് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പോസ്റ്റ് ചെയ്തത് വലിയ വിമര്‍ശനങ്ങളാണ് നേടിയത്. പൊങ്കാലയുടെ വിജയത്തിനും ശുചീകരണത്തിലും പങ്കെടുത്ത മുഴുവന്‍ സന്നദ്ധ സംഘടനകള്‍ക്കും റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ക്ലബ്ബുകള്‍ക്കും കോര്‍പറേഷന്‍ ജീവനക്കാര്‍ക്കും പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും മേയര്‍ വി.വി. രാജേഷ് നന്ദിപറഞ്ഞു.