ന്യൂഡൽഹി : ഭാരതമാതാവിന്റെ ധീരപുത്രനും കാർഗിൽ യുദ്ധത്തിലെ ചരിത്ര നായകനുമായ കേണൽ സോനം വാങ്ചുക്കിന് രാജ്യത്തിന്റെ ആദരവ് . ലഡാക്കിലെ മഞ്ഞുമൂടിയ കൊടുമുടികളിൽ പാകിസ്ഥാന് മുന്നിൽ ശക്തമായ പ്രതിരോധം ഉയർത്തിയ പോരാളിയായിരുന്നു സോനം . “ലഡാക്കിന്റെ സിംഹം” എന്നറിയപ്പെടുന്ന സോനത്തിന്റെ അന്ത്യം ഹൃദയാഘാതത്തെ തുടർന്നായിരുന്നു.
കൊടും പർവതനിരകളെയും അസ്ഥികൾ മരവിപ്പിക്കുന്ന തണുപ്പിനെയും അതിജീവിച്ച് ശത്രുവിനെ വെല്ലുവിളിച്ച അപൂർവ യോദ്ധാക്കളിൽ ഒരാളായിരുന്നു കേണൽ വാങ്ചുക്ക്. കാർഗിൽ യുദ്ധത്തിൽ സമാനതകളില്ലാത്ത പോരാട്ടം കാഴ്‌ച്ച വച്ച അദ്ദേഹത്തെ രാജ്യം മഹാവീർ ചക്ര നൽകി ആദരിച്ചിരുന്നു.
കാർഗിൽ യുദ്ധത്തിൽ ലഡാക്ക് സ്കൗട്ട്സിന്റെ നാലാമത്തെ ബറ്റാലിയനെ വാങ്ചുക്ക് നയിച്ചു. 1999 ജൂണിൽ, പോരാട്ടത്തിന്റെ മൂർദ്ധന്യത്തിൽ, 18,000 അടി ഉയരമുള്ള ചോർബത് ലാ പാസ് പിടിച്ചെടുക്കാനുള്ള ദൗത്യം വാങ്ചുക്കിനെയാണ് ഏൽപ്പിച്ചിരുന്നത് . മഞ്ഞുമൂടിയ ഭൂപ്രദേശത്തെയും അത്യധികം അപകടകരമായ കാലാവസ്ഥയെയും അതിജീവിച്ച്, 40 സൈനികർ മാത്രമുള്ള ഒരു ചെറിയ യൂണിറ്റിനൊപ്പം വാങ്ചുക്ക് മലകയറി.
മൂന്ന് ദിവസത്തെ പോരാട്ടത്തിൽ, അദ്ദേഹവും അദ്ദേഹത്തിന്റെ യൂണിറ്റും പ്രകടിപ്പിച്ച വീര്യത്തിന് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ 136 പാകിസ്ഥാൻ സൈനികർ പലായനം ചെയ്യാൻ നിർബന്ധിതരായി. ലേയിലേക്കുള്ള ശത്രുവിന്റെ മുന്നേറ്റം പൂർണ്ണമായും തടഞ്ഞതിനാൽ, കാർഗിൽ യുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ആദ്യകാലവും ഏറ്റവും പ്രധാനപ്പെട്ടതുമായ തന്ത്രപരമായ വിജയങ്ങളിലൊന്നായി ഈ ദൗത്യം കണക്കാക്കപ്പെടുന്നു. അദ്ദേഹം ആറ് പാക് സൈനികരെ വധിക്കുകയും തന്ത്രപ്രധാനമായ ഇടങ്ങൾ തിരിച്ചുപിടിക്കുകയും ചെയ്തു. അദ്ദേഹത്തോടുള്ള ബഹുമാനാർഥം ലഡാക്കിലെ രണ്ട് സൈനിക പോസ്റ്റുകൾക്ക് സോനം ഒന്ന്, സോനം രണ്ട് എന്നാണ് നാമകരണം ചെയ്തത്.
1964 മെയ് 11 ന് ലഡാക്കിലെ ലേ ജില്ലയിലെ ശങ്കർ ഗ്രാമത്തിലാണ് കേണൽ വാങ്ചുക്ക് ജനിച്ചത്. ദേശസ്‌നേഹം രക്തത്തിൽ അലിഞ്ഞുചേർന്ന അദ്ദേഹം ഇന്ത്യൻ സൈന്യത്തിൽ ചേരുക എന്ന സ്വപ്നം പിന്തുടർന്നു. തന്റെ ജീവിതത്തിലെ മൂന്ന് മഹത്തായ പതിറ്റാണ്ടുകൾ അദ്ദേഹം ഇന്ത്യൻ സൈന്യത്തിനായി സമർപ്പിച്ചു