തിരുവനന്തപുരം: നവകേരള യാത്രയ്‌ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ, മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ. പ്രത്യേക അന്വേഷണ സംഘം (SIT) സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
പോലീസുകാർക്കെതിരെ വകുപ്പു തല നടപടിക്കും ശുപാർശയുണ്ട്. ഗൺമാൻ അനിൽകുമാർ (അനിൽ കല്ലിയൂർ), സുരക്ഷാ ഉദ്യോഗസ്ഥൻ എസ്. സന്ദീപ്, പോലീസുകാരായ അരുൺ, വിപിൻ, ഷൈജു എന്നിവരെയാണ് സസ്പെൻ്റ് ചെയ്തത്. ഇവരുടെ ഭാഗത്തുനിന്നും ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും, ഔദ്യോഗിക കൃത്യനിർവഹണമെന്ന പേരിൽ സമരക്കാരെ വളഞ്ഞിട്ട് മർദിച്ചത് കുറ്റകൃത്യമാണെന്നും പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഗൺമാൻ അനിൽകുമാറും സന്ദീപും അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ മർദനക്കേസിലെ വിവരങ്ങൾ അട്ടിമറിക്കാൻ എഡിജിപി എം.ആർ. അജിത് കുമാർ ഇടപെട്ടതായി പ്രത്യേക അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്.