
ആലപ്പുഴ: സിപിഎം കോണ്‍ഗ്രസ് അവിശുദ്ധ സഖ്യമായ ഇന്‍ഡി മുന്നണിക്ക് തുടക്കമിട്ട ആലപ്പുഴ ജില്ലയില്‍ ഇടതുവലതു മുന്നണികളോട് കണക്കുതീര്‍ത്ത് ബിജെപി എട്ടു ഗ്രാമപഞ്ചായത്തുകളുടെ ഭരണം പിടിച്ചു. തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചും വോട്ടു മറിച്ചും പരിശ്രമിച്ചെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞാണ് ജനങ്ങള്‍ ബിജെപിയെ സ്വീകരിച്ചത്.
ആല, ബുധനൂര്‍, കാര്‍ത്തികപ്പള്ളി, തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, ചേന്നംപള്ളിപ്പുറം, നീലംപേരൂര്‍ ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപി ഇത്തവണ ഭരണം പിടിച്ചത്. 2020ല്‍ ബിജെപി നാലിടത്ത് അധികാരത്തില്‍ എത്തിയിരുന്നു. തിരുവന്‍വണ്ടൂര്‍, പാണ്ടനാട്, ചെന്നിത്തല, കോടംതുരുത്ത് പഞ്ചായത്തുകളിലാണ് ബിജെപി അധികാരത്തിലെത്തിയത്. എന്നാല്‍ സിപിഎമ്മും, കോണ്‍ഗ്രസും അവിശുദ്ധ സഖ്യത്തില്‍ ഏര്‍പ്പെട്ട് നാലിടത്തെയും ബിജെപിയുടെ ഭരണം അട്ടിമറിക്കുകയായിരുന്നു. ഇതിന്റെ കണക്ക് തീര്‍ത്ത് ഇരട്ടിയിലധികം ഗ്രാമപഞ്ചായത്തുകളില്‍ ബിജെപിക്ക് ഇത്തവണ ഭരണത്തില്‍ എത്താന്‍ കഴിഞ്ഞു. സിപിഎം പതിറ്റാണ്ടുകളായി കുത്തകയാക്കിയിരുന്ന പഞ്ചായത്തുകളിലാണ് ബിജെപി അധികാരത്തില്‍ എത്തിയത് എന്നതാണ് പ്രത്യേകത.
കര്‍ഷക, കര്‍ഷതൊഴിലാളി പ്രസ്ഥാനങ്ങളുടെ പേരില്‍ സിപിഎം ഊറ്റം കൊണ്ടിരുന്ന കുട്ടനാട്ടില്‍ ആദ്യമായി ഒരു ഗ്രാമപഞ്ചായത്ത് ഭരണം ബിജെപി പിടിച്ചെടുത്തു.
നീലംപേരൂര്‍ ഗ്രാമപഞ്ചായത്തിലെ ബിജെപി ഭരണം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്നതായി മാറുന്നത് അതിനാലാണ്. ബാലറ്റിലൂടെ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കാതിരുന്നപ്പോള്‍ പോലീസിനെ കൂട്ടുപിടിച്ച് ബിജെപി പഞ്ചായത്തംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി. എന്നാല്‍ കോടതി ഇടപെടലില്‍ ആ നീക്കവും പൊളിഞ്ഞു.
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ ബിജെപിക്ക് വലിയ മുന്നേറ്റമാണുണ്ടായത്. സിപിഎം പതിറ്റാണ്ടുകള്‍ ഭരണം കുത്തകയാക്കി വച്ചിരുന്ന ബുധനൂരില്‍ ഉള്‍പ്പെടെ അഞ്ചു പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തില്‍ എത്തി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചെന്നിത്തല പഞ്ചായത്തിലും ബിജെപിയാണ് അധികാരത്തില്‍. രമേശ് ചെന്നിത്തലയുടെ വീട് നില്‍ക്കുന്ന വാര്‍ഡില്‍ യുഡിഎഫിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് പഞ്ചായത്തിലെ ബിജെപിയുടെ തേരോട്ടം.
ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ ആകെയുള്ള 10 ഗ്രാമ പഞ്ചായത്തുകളില്‍ അഞ്ചിലും ഭരണം ബിജെപിയ്‌ക്ക് ലഭിച്ചു. ചേന്നം പള്ളിപ്പുറം പഞ്ചായത്തിലും ബിജെപിക്ക് ചരിത്ര നേട്ടമാണ്. കാലങ്ങളായി അധികാരത്തിലിരുന്ന ഇവിടെ ഇടതുപക്ഷം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്‍ഡിഎയ്‌ക്കും, യുഡിഎഫിനും ഏഴു സീറ്റുകള്‍ വീതവും, എല്‍ഡിഎഫിന് അഞ്ച് സീറ്റുകളുമാണ് ലഭിച്ചത്. ടോസിലൂടെയാണ് ഇവിടെ എന്‍ഡിഎ അധികാരത്തില്‍ എത്തിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ നേട്ടത്തിന്റെ തുടര്‍ച്ചയാണ് തദ്ദേശ തെരഞ്ഞെടുപ്പിലും ജില്ലയില്‍ എന്‍ഡിഎയ്‌ക്കുണ്ടായത്. ഇരുപത് ശതമാനത്തിലേറെ വോട്ട് നേടി എന്‍ഡിഎ കരുത്ത് തെളിയിച്ചു.