ആലപ്പുഴ: തുറവൂരില്‍ അച്ഛനും മകനും യാത്ര ചെയ്തിരുന്ന ബൈക്കില്‍ സ്വകാര്യ ബസ് ഇടിച്ചുണ്ടായ അപകടത്തില്‍ മകന് ദാരുണാന്ത്യം. വയലാര്‍ 12-ാം വാര്‍ഡ് തെക്കേച്ചെറുവള്ളി വെളി നിഷാദിന്റെ മകന്‍ ശബരീശന്‍ അയ്യന്‍ (12) ആണ് മരിച്ചത്.
ഇന്ന് രാവിലെ ഏകദേശം എട്ടരയോടെ ദേശീയപാതയിലെ പത്മാക്ഷി കവലയ്ക്ക് സമീപത്തായിരുന്നു അപകടം. നിഷാദും മക്കളായ ശബരീശനും ഗൗരീശ നാഥനും കൂടി വയലാറില്‍ നിന്ന് തുറവൂരിലേക്കാണ് യാത്ര ചെയ്തിരുന്നത്. ഈ സമയത്താണ് പിന്നില്‍ നിന്നെത്തിയ സ്വകാര്യ ബസ് ബൈക്കില്‍ ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നു മൂവരും വഴിയിലേക്ക് തെറിച്ചുവീണു. ബസിന്റെ പിന്‍ചക്രം ശബരീശന്റെ മേല്‍ കയറിയിറങ്ങുകയും, കുട്ടി സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയും ചെയ്തു.
നിഷാദിനും ഗൗരീശ നാഥനുമുള്ളത് നിസാര പരിക്കുകളാണ്. ഇവരെ തുറവൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.