ആലപ്പുഴ:ചിത്തിര കായലില്‍ ഹൗസ് ബോട്ടില്‍ തീപിടുത്തം.കുമരകത്തെ റിസോര്‍ട്ടില്‍ നിന്നുള്ള യാത്രക്കാര്‍ സഞ്ചരിച്ച ഹൗസ് ബോട്ടിലാണ് ഉച്ചയോടെ തീപിടിത്തം ഉണ്ടായത്.
പുന്നമടക്കായല്‍ ലക്ഷ്യം വെച്ച് സഞ്ചരിച്ച ബോട്ട് ചിത്തിര കായലില്‍ എത്തിയപ്പോഴാണ് തീപിടിച്ചത്.
ബോട്ടിന്റെ പിന്നില്‍ ഇലക്ട്രിക് സാധനങ്ങള്‍ വെച്ചിരുന്ന സ്ഥലത്ത് നിന്നാണ് തീപടര്‍ന്നത്.പിന്നീട് ഹൗസ് ബോട്ടില്‍ നിന്ന് പുക ഉയര്‍ന്ന സാഹചര്യത്തില്‍ കരയിലേക്ക് അടുപ്പിച്ച ശേഷം അടുത്തുള്ള ഒരു തുരുത്തില്‍ സഞ്ചാരികളെ സുരക്ഷിതമായി എത്തിക്കുകയും ചെയ്തു.
ബോട്ടിന്റെ ഓല മേഞ്ഞ ഭാഗത്ത് തീ പടര്‍ന്ന് പൂര്‍ണമായും ബോട്ട് കത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. യാത്രക്കാരെ മറ്റൊരു ബോട്ടില്‍ കുമരകത്തേക്ക് തിരികെ അയച്ചു.